/sathyam/media/media_files/2025/05/13/5ahYVhLt2J4k9YAe27OU.jpg)
തിരുവനന്തപുരം: മാതാപിതാക്കളെയും സഹോദരിയെയും ഉൾപ്പെടെ നാലുപേരെ വെട്ടിക്കൊലപ്പെടുത്തി കത്തിച്ച കേഡൽ ജിൻസണിനെ കണ്ട് കേരളം അമ്പരന്നത് 2017ലായിരുന്നു. അതിനുശേഷവും പലേടത്തും ലാളിച്ചു വളർത്തിയ മക്കൾ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ സംഭവങ്ങളുണ്ടായി.
ഏറ്റവും ഒടുവിലത്തേതാണ് വെഞ്ഞാറമൂട്ടിൽ അഫാൻ എന്ന യുവാവ് കുടുംബാംഗങ്ങളെയും കാമുകിയെയും കൂട്ടക്കൊല നടത്തിയത്. ലാളിച്ചു വളർത്തുന്ന മക്കളുടെ മാനസിക നില മാതാപിതാക്കൾ അറിഞ്ഞിരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കേഡൽ ജിൻസൺ.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു സമീപത്തെ 117-ാം നമ്പർ വീട്ടിലായിരുന്നു നാടിനെ നടുക്കിയ കൂട്ടക്കൊലയുണ്ടായത്. വീട്ടുകാരോടും നാട്ടുകാരോടുമൊന്നും ബന്ധമില്ലാതെ, സദാസമയവും കമ്പ്യൂട്ടറിനു മുന്നിൽ ഇരിക്കുകയായിരുന്നു കേഡലിന്റെ പതിവ്.
നന്തൻകോട് പ്രദേശത്തെ കടകളിലും താമസക്കാർക്കുമൊന്നും ഇങ്ങനെയൊരാളെക്കുറിച്ച് വിവരമുണ്ടായിരുന്നില്ല. വീട്ടിലുള്ളർ കഞ്ഞിയും ദോശയുമൊക്കെ കഴിക്കുമ്പോൾ കേഡൽ കഴിക്കുന്നത് ചിക്കൻ ബർഗർ ആണ്. ഓൺലൈൻ വഴി ഓർഡർ ചെയ്ത് വരുത്തുകയായിരുന്നു പതിവ്. അച്ഛനെയും അമ്മയെയും എന്തെങ്കിലും കാര്യങ്ങൾ അറിയിക്കുന്നതു പോലും ഫോണിൽ മെസേജ് അയച്ചായിരുന്നു.
വീട്ടുകാരുമായിപ്പോലും ഒരു ബന്ധവുമില്ലാതെ ഒറ്റപ്പെട്ട ധ്രുവങ്ങളായി കഴിയുന്ന മക്കളെക്കുറിച്ച് ഏറെ ജാഗ്രതയുണ്ടാവണമെന്നാണ് കേഡൽ സംഭവം നമ്മളെ പഠിപ്പിക്കുന്നത്.
മാതാപിതാക്കളോട് വല്ലാത്ത പകയായിരുന്നു കേഡലിന്. വിദേശത്തെ മെഡിക്കൽ പഠനം ഉപേക്ഷിച്ച്, ലക്ഷങ്ങൾ നശിപ്പിച്ച് തിരിച്ചെത്തിയതിന് വഴക്കു പറഞ്ഞതാവാം കാരണം. അച്ഛൻ പ്രൊഫ.രാജ് തങ്കത്തിന്റെ വഴിവിട്ട ജീവിതരീതി കേഡലിന്റെയുളളിൽ അദ്ദേഹത്തോടുള്ള പക വളർത്തി.
തിരക്കുള്ള ഡോക്ടറായിരുന്നു അമ്മ ജീൻ പദ്മ. അവർ അച്ഛന്റെ ചെയ്തികളെ എതിർക്കാതിരുന്നത് അമ്മയോടും പക വളരുന്നതിന് കാരണമായതായി പൊലീസ് കണ്ടെത്തി. 26 വയസായെങ്കിലും ബിരുദപഠനമൊന്നും പൂർത്തിയാക്കിയില്ല.
മാതാപിതാക്കൾ ഓസ്ട്രേലിയിലേക്ക് അയച്ചെങ്കിലും അവിടേയും പഠനം പൂർത്തിയാക്കാതെ മടങ്ങിയെത്തി. നാട്ടിലും സുഹൃത്തുക്കുക്കളൊന്നുമുണ്ടായിരുന്നില്ല. സദാസമയവും ഇന്റർനെറ്റായിരുന്നു കൂട്ട്.
ഉറ്റവരുടെ കൊലപാതകത്തിനുള്ള മഴു വാങ്ങിയതും ഓൺലൈൻ വഴിയായിരുന്നു. അതിന്റെ ഉപയോഗവും അവൻ ഓൺലൈനിലൂടെ പഠിച്ചു. ഡമ്മി പരീക്ഷണം നടത്തി. കൊലപാതക രീതികളും ഓൺലൈനിൽ സെർച്ച് ചെയ്തിരുന്നു. മഴുവിന് ആളുകളെ വെട്ടിക്കൊല്ലുന്ന ദൃശ്യങ്ങൾ യൂട്യൂബിൽ കണ്ടതും മഴു ഓൺലൈനിൽ വാങ്ങിയതും പ്രധാന തെളിവായി.
ശരീരത്തിൽ നിന്ന് ആത്മാവിനെ മോചിപ്പിക്കുന്ന ആസ്ട്രൽ പ്രോജക്ഷന്റെ ഭാഗമായാണ് കൊലപാതകങ്ങളെന്നാണ് കേഡൽ പോലീസിനോട് പറഞ്ഞിരുന്നത്. ജയിലിൽവെച്ചും മാതാപിതാക്കളുമായി താൻ സംസാരിക്കാറുണ്ടെന്നായിരുന്നു കേഡലിന്റെ വിചിത്രമായ അവകാശവാദം.
ആത്മാക്കളുമായി തനിക്ക് സംവദിക്കാനുള്ള കഴിവുണ്ടെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു. ജയിലിൽ രാത്രികളിൽ കളിയും ചിരിയുമായി കഴിയുന്ന കേഡൽ ജയിൽ ജീവനക്കാരേയും ആദ്യകാലത്ത് ഞെട്ടിച്ചു. 'അഞ്ചാം പാതിര' എന്ന സൈക്കോ ത്രില്ലർ സിനിമയിലും നന്തൻകോട് കൊലപാതകം ആവിഷ്‌കരിച്ചിട്ടുണ്ട്.
കേഡൽ ജിൻസൻ രാജയ്ക്ക് (38) ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. അമ്മാവൻ ജോസ് സുന്ദരത്തിന് 15 ലക്ഷം രൂപ പിഴ കേഡൽ നൽകണം. കേഡലിന്റെ അമ്മയുടെ സഹോദരനായ ജോസ് സുന്ദരം ഇവരുടെ വീടിന് സമീപത്തുള്ള നാല് സെന്റ് സ്ഥലവും വീടും കേഡലിന്റെ അമ്മയ്ക്ക് എഴുതി നൽകിയിരുന്നു. ഇപ്പോൾ ആരുടെയും സഹായമില്ലാതെ വീൽ ചെയറിൽ കഴിയുന്ന ജോസിന് പിഴത്തുക നൽകാനാണ് കോടതി വിധി.
പ്രതിയുടെ പ്രായം പരിഗണിക്കണമെന്നും മാനസിക വൈകല്യമുണ്ടെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാൽ മാനസിക പ്രശ്നമുള്ളയാൾ എങ്ങനെ മൂന്നുപേരെ കത്തിച്ചുകൊല്ലുമെന്ന് പ്രോസിക്യൂഷൻ ചോദിച്ചു.
ആരോഗ്യം സഹകരിക്കാത്തത് മാനസികരോഗമായി വ്യാഖ്യാനിക്കാനാവില്ല. ജന്മം നൽകിയ അമ്മയെയും എങ്ങനെ കൊല്ലാൻ സാധിക്കും. കേഡൽ പുറത്തിറങ്ങിയാൽ വീണ്ടും ഇത്തരം പ്രവൃത്തികൾ ചെയ്യില്ലെന്ന് ആർക്ക് ഉറപ്പുനൽകാൻ കഴിയുമെന്നും പ്രോസിക്യൂഷൻ ചോദിച്ചു.
കൊലപാതകം, തെളിവ് നശിപ്പിക്കൽ, മാരകായുധങ്ങൾ ഉപയോഗിച്ചു പരിക്കേൽപ്പിക്കൽ, വീട് നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് കേഡലിനെതിരെ ചുമത്തിയത്.
തിരുവനന്തപുരം നന്തൻകോട് ക്ലിഫ് ഹൗസിനു സമീപം ബെയിൻസ് കോമ്പൗണ്ടിലെ 117-ാം നമ്പർ വീട്ടിൽ അച്ഛൻ മാർത്താണ്ഡം ക്രിസ്ത്യൻ കോളേജിലെ പ്രൊഫസറായിരുന്ന രാജാ തങ്കം, അമ്മ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടറായിരുന്ന ജീൻ പത്മ, എം.ബി.ബി.എസ് പൂർത്തിയാക്കിയ സഹോദരി കരോലിൻ, കാഴ്ച പരിമിതയായ ബന്ധു ലളിത എന്നിവരെയാണ് കേഡൽ കൊലപ്പെടുത്തിയത്.
2017ഏപ്രിൽ അഞ്ചിനും ആറിനുമായിരുന്നു കൂട്ടക്കൊലപാതകം നടന്നത്. ഒൻപതിന് മൃതദേഹങ്ങൾ കത്തിക്കാൻ ശ്രമിക്കവേ വീടിന് തീപടർന്നതോടെയാണ് അരുംകൊല പുറംലോകമറിഞ്ഞത്. വീടിന്റെ രണ്ടാമത്തെ നിലയിലെ തന്റെ മുറിയിലേക്ക് പ്രതി ഓരോരുത്തരെയായി കൊണ്ടുപോയി മഴുകൊണ്ട് പിന്നിൽ നിന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ശേഷം മൃതദേഹങ്ങൾ പ്ലാസ്റ്റിക് ഷീറ്റിൽ വച്ച് വെട്ടിനുറുക്കി ടോയ്‌ലറ്റിലിട്ട് കത്തിച്ചു. അതിനിടെ തീ ആളിപ്പടർന്ന് പ്രതിക്കും പൊള്ളലേറ്റു. തുടർന്ന് രക്ഷപ്പെട്ട പ്രതി ചെന്നൈയിലേക്ക് കടന്നു. തിരികെ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് പിടിയിലായത്.
2024 നവംബർ 13ന് കേസിൽ വിചാരണ തുടങ്ങി. 65 ദിവസം നീണ്ടു. 42 സാക്ഷികളെ വിസ്തരിച്ചു. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ 120 രേഖകളും 90 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി.
കേഡലിന്റെ അച്ഛൻ പ്രൊഫ. രാജ തങ്കം മാർത്താണ്ഡം ക്രിസ്ത്യൻ കോളേജിലെ പ്രൊഫസറായിരുന്നു. അമ്മ ഡോ.ജീൻ പദ്മ നേരത്തേ തിരുവനനന്തപുരം ജനറൽ ആശുപത്രിയിലാണ് ജോലിചെയ്തിരുന്നത്. സർക്കാർ സർവീസിൽ നിന്ന് സ്വയംവിരമിച്ച ശേഷം സൗദി അറേബ്യയിലും ബ്രൂണെയിലും ജോലിചെയ്തു.
ചങ്ങനാശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിലും പ്രവർത്തിച്ചു. മകൾ കരോലിൻ ചൈനയിൽനിന്നാണ് എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയത്. ചൈനയിലെ പഠനം പൂർത്തിയാക്കി നാട്ടിലെത്തി മൂന്നുമാസം തികയുന്നതിന് മുമ്പേയാണ് കരോലിൻ കൊല്ലപ്പെട്ടത്.
പന്ത്രണ്ടാംക്ലാസ് പഠനത്തിന് ശേഷം കേഡലും വിദേശത്താണ് പഠിച്ചത്. ആദ്യം എം.ബി.ബി.എസ് പഠനത്തിനായ് ഫിലിപ്പീൻസിലേക്ക് അയച്ചു. എന്നാൽ കൃത്യം ഒരു വർഷം കഴിഞ്ഞപ്പോൾ പഠനം ഉപേക്ഷിച്ച് കേഡൽ മടങ്ങി വന്നു. പിന്നീട് കമ്പ്യൂട്ടർ എൻജിനിയറിംഗ് പഠനത്തിനായി ഓസ്‌ട്രേലിയയിലേക്ക് അയച്ചു. അതും പഠനം പാതി വഴിയിൽ ഉപേക്ഷിച്ചു. തിരുവനന്തപുരത്തെ വീട്ടിലേക്ക് തിരികെയെത്തി.
വീട്ടിലെ മുകളിലത്തെ നിലയിലെ മുറിയിൽ കമ്പ്യൂട്ടറുകൾക്ക് മുന്നിലായി കേഡലിന്റെ ജീവിതം. ഇതൊന്നും വീട്ടുകാർക്ക് ഇഷ്ടമായില്ല. പ്രത്യേകിച്ച് അച്ഛനുമായി അഭിപ്രായ വ്യത്യാസങ്ങളും വാക്കേറ്റങ്ങളുമുണ്ടായി. ഇതേതുടർന്നുള്ള സംസാരങ്ങളെല്ലാം കൊലപാതകത്തിന് പ്രേരണയായി.