ഉരുൾ വിഴുങ്ങിയ വയനാട്ടിൽ ഒടുവിൽ പുനരധിവാസത്തിന്റെ സ്വാന്തനമെത്തുന്നു. ദുരന്തമുണ്ടായി ഒരു വർഷത്തോളമായപ്പോൾ ടൗൺഷിപ്പിൽ സൗകര്യങ്ങളൊരുക്കാൻ 351.48കോടിയുടെ പദ്ധതിക്ക് അനുമതി. വീടുകൾ നിർമ്മിക്കുന്നത് സ്പോൺസർമാരുടെ ചെലവിൽ. കരാറുകാരായ ഊരാളുങ്കലിന് പണം മുൻകൂറായി നൽകുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന്. ദുരന്തബാധിതർക്ക് തലചായ്ക്കാൻ 1000 ചതുരശ്രയടിയുള്ള വീടുകളൊരുങ്ങും

ഭൂമിയുടെ ഉടമസ്ഥാവകാശം ദുരിതബാധിതർക്കാണെങ്കിലും ഉടനടി കൈമാറ്റം ചെയ്യാനാവില്ല. ടൗൺഷിപ്പിന് പുറത്ത് താമസിക്കാൻ താത്പര്യമറിയിച്ചവർക്ക് 15 ലക്ഷം നൽകാനാണ് സർക്കാർ തീരുമാനം.

New Update
wayanad township-2
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലുണ്ടായി ഒരു വ‌ർഷത്തോളമാവുമ്പോൾ ബാധിതരുടെ പുനരധിവാസത്തിനുള്ള ടൗൺഷിപ്പിൽ 351.48കോടിയുടെ പദ്ധതിക്ക് മന്ത്രിസഭായോഗം ഭരണാനുമതി നൽകി. കൽപ്പറ്റ എൽസ്റ്രോൺ എസ്റ്റേറ്റിലാണ് ടൗൺഷിപ്പ്. കിഫ്‌കോൺ സാങ്കേതിക അനുമതി നൽകണമെന്ന നിബന്ധനയോടെയാണ് ഭരണാനുമതി നൽകിയത്.

Advertisment

402 കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കേണ്ടത്. ഒരു കുടുംബത്തിന് ഏഴു സെന്റ് സ്ഥലത്ത് 1000 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് നിർമ്മിച്ചു നൽകുന്നത്. വീട് നിർമ്മാണത്തിന് സ്‌പോൺസർമാരുണ്ട്. ടൗൺഷിപ്പിലേക്കുള്ള റോഡ്, പാലം, വൈദ്യുതി, കുടിവെള്ളം, ആരോഗ്യ കേന്ദ്രം, വിദ്യാലയം, മാർക്കറ്റ്, കമ്യൂണിറ്റി ഹാൾ അടക്കമുള്ളവയുടെ നിർമ്മാണത്തിനാണ് 351.48കോടിയുടെ പദ്ധതി.


എൽസ്റ്റോൺ ടീ എസ്റ്റേറ്റ് ലിമിറ്റഡ് ഫയൽ ചെയ്ത കേസിലെ ഹൈക്കോടതി ഉത്തരവു പ്രകാരം വയനാട് ജില്ലാ കളക്ടറുടെ സിഎംഡിആർഎഫ് അക്കൗണ്ടിൽ നിന്ന് ഹൈക്കോടതി രജിസ്ട്രാറുടെ അക്കൗണ്ടിലേക്ക് 17 കോടി രൂപ നിക്ഷേപിച്ച ജില്ലാ കളക്ടറുടെ നടപടി മന്ത്രിസഭായോഗം സാധൂകരിച്ചു.

ദുരന്തബാധിതരുടെ വീടുകൾക്കു വാടക നൽകുന്നില്ലെന്ന പരാതിയെ തുടർന്ന് കഴിഞ്ഞ മേയ് 12ന് വയനാട് ജില്ലാ കളക്ടർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 17 കോടി രൂപ അനുവദിച്ചതും മന്ത്രിസഭ സാധൂകരിച്ചു.


വയനാട് ടൗൺഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട്, സ്‌പെഷൽ ഓഫിസറും, ഇപിസി കോണ്‍ട്രാക്ടറും തമ്മിൽ കരാർ ഒപ്പുവയ്ക്കുന്ന മുറയ്ക്ക്, കരാറുകാരായ ഊരാളുങ്കലിന് മുൻകൂർ തുക അനുവദിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 20 കോടി രൂപ വയനാട് ടൗൺഷിപ്പ് സ്‌പെഷൽ ഓഫീസർക്ക് അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.


ഉരുൾദുരന്ത ബാധിതരുടെ പുനരധിവാസം അതിവേഗത്തിൽ നടപ്പാക്കാനും മൂന്നാഴ്ചയ്ക്കകം ഇതിനുള്ള സമയക്രമം നിശ്ചയിക്കാനുമായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. 1000 ചതുരശ്രയടിയുള്ള ക്ലസ്റ്റർ രൂപത്തിലെ വീടുകളുണ്ടാക്കും. ടൗൺഷിപ്പിൽ വിനോദസൗകര്യങ്ങൾ, മാർക്കറ്റ്, ആരോഗ്യകേന്ദ്രം, വിദ്യാലയം, അങ്കണവാടി, കളിസ്ഥലം, വൈദ്യുതി-കുടിവെള്ള-ശുചിത്വ സംവിധാനങ്ങൾ എന്നിവയുണ്ടാവും.  

ഭൂമിയുടെ ഉടമസ്ഥാവകാശം ദുരിതബാധിതർക്കാണെങ്കിലും ഉടനടി കൈമാറ്റം ചെയ്യാനാവില്ല. ടൗൺഷിപ്പിന് പുറത്ത് താമസിക്കാൻ താത്പര്യമറിയിച്ചവർക്ക് 15 ലക്ഷം നൽകാനാണ് സർക്കാർ തീരുമാനം.


മുഖ്യമന്ത്രി അധ്യക്ഷനായ വയനാട് പുനർനിർമ്മാണ സമിതിക്കായിരിക്കും പദ്ധതിയുടെ നേതൃത്വം. ചീഫ് സെക്രട്ടറിയുടെ ഏകോപന സമിതിയും കളക്ടറുടെ പ്രോജക്റ്റ് ഇംപ്ലിമെന്റേഷൻ യൂണിറ്റുമുണ്ട്. സുതാര്യതയും ഗുണമേന്മയും ഉറപ്പാക്കേണ്ടത് ചീഫ്സെക്രട്ടറിയുടെ സമിതിയാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പ്രധാന സ്പോൺസർമാരും മന്ത്രിമാരുമുള്ള ഉപദേശക സമിതിയുമുണ്ട്.


കരാർരേഖകൾ പരിശോധിച്ചുറപ്പിക്കേണ്ടത് ചീഫ്സെക്രട്ടറിയാണ്. 100ലേറെ വീടുകൾ നൽകുന്ന 38സ്പോൺസർമാർ സർക്കാരിനെ സമീപിച്ചിരുന്നു. ടൗൺഷിപ്പിന്റെ മാതൃക സ്പോൺസർമാരുടെ യോഗത്തിൽ അവതരിപ്പിച്ചിരുന്നു. സ്പോൺസർമാർക്കായി വെബ്പോർട്ടലുണ്ട്. ഇതിലൂടെ നിർമ്മാണം വിലയിരുത്താം. സ്പോൺസർഷിപ്പ് തുക സ്വീകരിക്കാൻ മാത്രമായൊരു ബാങ്ക് അക്കൗണ്ടുമുണ്ട്.

Advertisment