തിരുവനന്തപുരം: കേരളത്തിലുൾപ്പടെ വിവിധ ബേങ്കുകളുടെ ലോൺ ആപ്പ് വഴിയും ഡിജിറ്റൽ അറസ്റ്റ് എന്ന തട്ടിപ്പ് വഴിയും പണം നഷ്ടപ്പെടുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടി വരുന്നതായാണ് പോലീസ് നൽകുന്ന വിവരം. ജാഗ്രത വേണമെന്ന മുന്നറിയിപ്പ് പോലീസ് നൽകാറുണ്ടെങ്കിലും അത് ശ്രദ്ധിക്കാതെ തട്ടിപ്പുകളിൽ കുടുങ്ങി ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെടുകയാണ് പലർക്കും.
അതിനിടെ സർവ്വ സാധാരണയായി ജനങ്ങൾ ഉപയോഗിക്കുന്ന ഡിജിറ്റൽ പെയ്മെന്റ് ആപ്പുകളുടെ വ്യാജനും ഇപ്പോൾ സജീവമായിക്കൊണ്ടിരിക്കുന്നു എന്ന മുന്നറിയിപ്പ് നൽകുകയാണ് പോലീസ്.
ഫോൺ പേ, ഗൂഗിൾ പേ, പേ ടിഎം തുടങ്ങിയ ഡിജിറ്റൽ പെയ്മെന്റ് ആപ്പുകളുടെ വ്യാജൻ നിലവിൽ തട്ടിപ്പുകാർ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി. വ്യാപാര സ്ഥാപനങ്ങളിലാണ് ഈ വ്യാജ ആപ്പുകൾ ഉപയോഗിച്ച് കൂടുതൽ തട്ടിപ്പ് നടക്കുന്നതെന്ന് പോലീസ് പറയുന്നു.
സാധനങ്ങൾ വാങ്ങിയതിനു ശേഷം തട്ടിപ്പുകാർ ഇത്തരം വ്യാജ ആപ്പുകൾ വഴി പണമിടപാട് നടത്തുകയും, പണം അയച്ചതായി സ്ഥാപന ഉടമയെ സ്ക്രീൻഷോട്ട് കാണിച്ചതിനുശേഷം കടന്നു കളയുകയും ചെയ്യുന്നു. പലപ്പോഴും പണം അക്കൗണ്ടിൽ വന്നുവെന്ന് ഉറപ്പിക്കാൻ സ്ഥാപന ഉടമകൾ ശ്രദ്ധിക്കാറില്ല.
എല്ലാ രീതിയിലും ഒറിജിനലിനു സമാനമായി തന്നെ വ്യാജ ആപ്പുകൾ പ്രവർത്തിക്കുന്നതിനാൽ ഒറ്റനോട്ടത്തിൽ ഇതു വ്യാജനാണെന്ന് കണ്ടെത്താൻ സാധിക്കില്ല. അല്ലെങ്കിൽ ആരെങ്കിലും സംശയം പ്രകടിപ്പിച്ചാൽ നെറ്റ്‌വർക്ക് പ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണ് ഇടപാട് വൈകുന്നതെന്നും വിശ്വസിപ്പിക്കുന്നു.
ഡിജിറ്റൽ പെയ്മെന്റ് വഴി കസ്റ്റമർ പണം നൽകിയാൽ തുക അക്കൗണ്ടിൽ എത്തിയെന്ന് കൃത്യമായി ഉറപ്പുവരുത്തേണ്ടതാണെന്നും അല്ലെങ്കിൽ വഞ്ചിക്കപെടാൻ സാധ്യതയേറെയാണെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു.