/sathyam/media/media_files/2025/05/22/FjbuUmMCR2rQ46fUgntS.jpg)
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയം തിരഞ്ഞെടുപ്പു വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ കോൺഗ്രസിൽ വീണ്ടും കൂടോത്ര വിവാദം കത്തുന്നു. സംസ്ഥാനത്തെ ഒരു മുതിർന്ന നേതാവിനെ ചറ്റിപ്പറ്റിയാണ് വിവാദം പുകയുന്നത്.
ദേശീയ തലത്തിൽ പ്രധാന ഉത്തരവാദിതവം വഹിക്കുന്ന ഒരു നേതാവിനെതിരെ ആൾരൂപം വെച്ച് കൂടോത്രം ചെയ്യിപ്പിച്ചുവെന്നതാണ് പ്രധാന ആരോപണം. ഇതിന് പുറമേ വി.എസ് അച്യുതാനന്ദന്റെ സന്തത സഹചാരിയായിരുന്ന ചാനൽ ചർച്ചകളിൽ ചിലപ്പോഴൊക്കെ പ്രത്യക്ഷപ്പെടുന്ന കൂലി നിരീക്ഷകനെ ഉപയോഗിച്ച് നേതാക്കളെ വിലകുറഞ്ഞ ഭാഷയിൽ വിമർശിക്കുന്നതിന് പിന്നിലും നേതാവിന്റെ പിന്‍ബലമുണ്ടെന്ന ആക്ഷേപവും പ്രകടമാണ്.
കെ.പി.സി.സി അദ്ധ്യക്ഷനായി ചുമതലയേറ്റ സണ്ണി ജോസഫിനെയും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെയും അധിക്ഷേപിച്ചു കൊണ്ട് സംസാരിക്കുന്ന ഈ നിരീക്ഷകന്റെ വീഡിയോയാണ് അവസാനമായി പുറത്ത് വന്നിട്ടുള്ളത്.
വി.ഡി സതീശൻ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വന്നതിന് പിന്നാലെ ഈ നേതാവിന്റെ തലസ്ഥാനത്തുള്ള വസതിയിൽ ഹോമം നടന്നതായി വാർത്തകൾ പ്രചരിച്ചിരുന്നു. ദേശീയ നേതാവ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാതിരിക്കാനാണ് അടുത്തിടെ ആൾരൂപമുപയോഗിച്ച് കൂടോത്രം നടത്തിയെന്ന ആക്ഷേപവും പ്രചരിക്കുന്നുണ്ട്.
മുമ്പും കോൺഗ്രസിൽ ഇത്തരം പ്രവണതകൾ ശക്തമായിരുന്നു. മുൻ കെ.പി.സി.സി അദ്ധ്യക്ഷൻമാരായ വി.എം സുധീരൻ, കെ.സുധാകരൻ എന്നിവർക്കെതിരെയും ഇത്തരം പ്രയോഗങ്ങൾ നടന്നിട്ടുണ്ട്.
വി.എം സുധീരന്റെ പറമ്പിൽ നിന്നും ആൾരൂപമടക്കം ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഒന്നിൽ കൂടുതൽ തവണ ഇത്തരം പ്രവണതകൾ ഉണ്ടായതോടെ അദ്ദേഹം ഇക്കാര്യത്തെ പറ്റി ഫേസ്ബുക്കിൽ കുറിപ്പിടുകയും ചെയ്തിരുന്നു.
കെ.സുധാകരന്റെ മേശയ്ക്ക് കീഴിൽ നിന്നും ഇത്തരം ആൾരൂപങ്ങൾ ലഭിച്ചിരുന്നു. അതിന് പുറമേ അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും ഇത് കണ്ടെടുത്തു. കുടോത്രം കുഴിച്ചെടുക്കുമ്പോൾ സുധാകരൻ സംസാരിക്കുന്നതടക്കമുള്ള ഒരു വീഡിയോ പുറത്ത് വന്നതും പാർട്ടിക്ക് ക്ഷീണം ചെയ്തിരുന്നു.
സമൂഹമാദ്ധ്യമ ഇടങ്ങളിലടക്കം വലിയ പരിഹാസമാണ് ഇക്കാര്യത്തെ തുടർന്ന് പാർട്ടിക്കും നേതാക്കൾക്കുമെതിരെ ഉണ്ടായത്. എന്തായാലും ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടുമൊരു കൂടോത്ര വിവാദം കൂടിയാണ് പാർട്ടിയെ ചൂഴ്ന്ന് നിൽക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us