തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിൻെറ കൺസൾട്ടിങ്ങ് എഡിറ്ററായി നിയമിതനായ ഉണ്ണി ബാലകൃഷ്ണൻ ജൂൺ മാസം ആദ്യവാരം ചുമതലയേൽക്കും. ചൊവ്വാഴ്ച റിപാേർട്ടർ ടിവിയിൽ നിന്ന് രാജിവെച്ച ഉണ്ണി ബാലകൃഷ്ണൻ സാവകാശം എടുത്തേ എത്തുകയുളളു എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് മാനേജ്മെന്റിനെ അറിയിച്ചിരിക്കുന്നത്.
റേറ്റിങ്ങ് യുദ്ധം മുറുകിയ സാഹചര്യത്തിൽ ഉണ്ണി ബാലകൃഷ്ണനെ വെച്ച് പുതിയ പദ്ധതികൾ ആലോചിക്കാനുളള തയാറെടുപ്പിലാണ് ഏഷ്യാനെറ്റ് ന്യൂസ്. വാർത്താവതരണത്തിൽ പരമ്പരാഗത ശൈലി പുലർത്തുന്ന ഏഷ്യാനെറ്റ് എഡിറ്റോറിയൽ മേധാവികളെയും വെച്ചുകൊണ്ട് ഇനിയും അധികകാലം മുന്നോട്ട് പോകാനാവില്ലെന്ന് മാനേജ്മെന്റിന് ബോധ്യമുണ്ട്.
ഉണ്ണി ബാലകൃഷ്ണനും പഴയ ഏഷ്യാനെറ്റുകാരൻ തന്നെ. എന്നാൽ വാർത്തകളെ പുതിയ രസമാപിനികൊണ്ട് അളന്ന് ആകർഷകമായി അവതരിപ്പിക്കാൻ കഴിയുന്ന ചാനലുകളിൽ പ്രവർത്തിച്ച അനുഭവ സമ്പത്തുമായാണ് ഉണ്ണി ബാലകൃഷ്ണൻ മാതൃസ്ഥാപനത്തിലേക്ക് മടങ്ങിവരുന്നത്. വാർത്താ വിപണനത്തിൻെറ കല കൂടി സ്വായത്തമാക്കിയ ഉണ്ണി ബാലകൃഷ്ണൻെറ വരവ് സ്ഥാപനത്തിന് ഗുണം ചെയ്യുമെന്നാണ് മാനേജ്മെന്റ് കരുതുന്നത്.
റിപോർട്ടർ വിടാൻ മനസ് കൊണ്ട് തീരുമാനം എടുത്തിരുന്ന ഉണ്ണി ബാലകൃഷ്ണൻ അങ്ങോട്ട് സമീപിച്ചിട്ടാണ് തിരികെ എടുത്തതെന്നാണ് സൂചന. ഏഷ്യാനെറ്റ് ന്യൂസിൻെറ എഡിറ്റോറിയൽ മേധാവികൾ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.
റിപോർട്ടറിൻെറ വാർത്താ ശൈലിയിൽ മനംമടുത്ത ഉണ്ണി ബാലകൃഷ്ണൻ മാറ്റം ആഗ്രഹിക്കുന്നതിൻെറ ഭാഗമായിട്ടാണ് ചാനലിൻെറ ബിസിനസ് ഹെഡ് ഫ്രാങ്ക് പി തോമസിനെ സമീപിച്ചത്.
ഏഷ്യാനെറ്റ് വിട്ട് മാതൃഭൂമി ന്യൂസിൻെറ ചീഫ് ഓഫ് ന്യൂസ് ആയി പോകുമ്പോൾ നിരവധി ജേർണലിസ്റ്റുകളെയും സാങ്കേതിക പ്രവർത്തകരെയും ഒപ്പം കൊണ്ടുപോയ ഉണ്ണിയെ മടക്കി വിളിക്കുന്നതിന് എതിരെ എഡിറ്റോറിയൽ വിഭാഗത്തിൽ നിന്ന് എതിർപ്പ് ഉണ്ടാകുമെന്ന് അറിയാവുന്ന ഫ്രാങ്ക് അതീവ രഹസ്യമായിട്ടാണ് കാര്യങ്ങൾ നീക്കിയത്.
സ്ഥാപന ഉടമ രാജീവ് ചന്ദ്രശേഖറിൻെറ അനുമതി വാങ്ങി നിയമനം ഉറപ്പാക്കിയ ശേഷമാണ് എക്സിക്യൂട്ടിവ് എഡിറ്റർ സിന്ധു സൂര്യകുമാറും സീനിയർ കോർഡിനേറ്റിങ് എഡിറ്റർമാരായ വിനു.വി.ജോണും പി.ജി.സുരേഷ് കുമാറും അറിഞ്ഞത്.
വിവരം അറിഞ്ഞതോടെ മൂവരും അസ്വസ്ഥരാണ്. കൺസൾട്ടിങ്ങ് എഡിറ്ററായ ഉണ്ണിക്ക് ദൈനംദിന വാർത്തകളുടെ ചുമതലയുണ്ടാവില്ലെന്നും അതെല്ലാം തുടർന്നും തങ്ങളുടെ നിയന്ത്രണത്തിൽ തന്നെ ആയിരിക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസിലെ ശക്തി ത്രയങ്ങളായി സിന്ധു-വിനു-പി.ജി കൂട്ടുകെട്ടിൻെറ വിശ്വാസം. എന്നാൽ അതാകുമോ സംഭവിക്കുകയെന്ന് കണ്ടു തന്നെ അറിയണം.
ചാനലിലെ വിവേകത്തിൻെറ ശബ്ദമായിരുന്ന ഉണ്ണി ബാലകൃഷ്ണൻെറ രാജി റിപോർട്ടറിൻെറ എഡിറ്റോറിയൽ വിഭാഗത്തെയും മാനേജ്മെന്റിനെയും ഒരുപോലെ ഉലച്ചിരിക്കുകയാണ്. തുടർച്ചയായി രണ്ടാം ആഴ്ചയിലും റേറ്റിങ്ങിൽ ഒന്നാമതെത്തിയെങ്കിലും ഉണ്ണിയുടെ രാജി വാർത്ത ഇത്തവണത്തെ ആഘോഷങ്ങളുടെ നിറം കെടുത്തിക്കളഞ്ഞു.
റേറ്റിങ്ങ് തിളക്കത്തേക്കാളും എഡിറ്റോറിയൽ ടീമിലെ അംഗങ്ങൾ ആകുലപ്പെട്ടത് ഉണ്ണി ബാലകൃഷ്ണൻെറ രാജിയെക്കുറിച്ച് ആയിരുന്നു. റിപോർട്ടറിൻെറ മാനേജിങ്ങ് എഡിറ്ററും എം.ഡിയുമായ ആൻേറാ അഗസ്റ്റിനും വലംകൈ നഷ്ടപ്പെട്ട അവസ്ഥയിലാണ്.
മാധ്യമ പ്രവർത്തന പരിചയമോ മാധ്യമ സ്ഥാപനം നടത്തിയുളള പരിചയമോ ഇല്ലാത്ത ആൻേറായുടെ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചിരുന്നത് ഉണ്ണി ബാലകൃഷ്ണനായിരുന്നു. ഉണ്ണിയുടെ രാജിയോടെ ആൻേറായ്ക്ക് നല്ല ഉപദേശകനെയാണ് നഷ്ടമായത്.
എഡിറ്റോറിയൽ ബോർഡിലെ സ്മൃതി പരുത്തിക്കാടും സുജയ പാർവതിയും തമ്മിലുളള ഭിന്നതകളിൽ മധ്യസ്ഥൻെറ റോളും ഉണ്ണി ബാലകൃഷ്ണനായിരുന്നു വഹിച്ചിരുന്നത്. ചാനലിൻെറ കൺസൾട്ടിങ്ങ് എഡിറ്ററാണെങ്കിലും സ്വന്തം കാര്യം മാത്രം നോക്കി പോകുന്ന അരുൺകുമാറിന് മാധ്യമ പ്രവർത്തന പരിചയമോ നേതൃമികവോ തീരെയില്ലെന്നതാണ് ചാനല്‍ നേരിടുന്ന പ്രതിസന്ധി.
അതുകൊണ്ടുതന്നെ ഉണ്ണി ബാലകൃഷ്ണന് പകരക്കാരനെ കണ്ടെത്താനുളള ശ്രമത്തിലാണ് മാനേജ്മെന്റ്. ഉണ്ണിയുടെ വിടവ് നികത്താൻ വൈകിയാൽ എഡിറ്റോറിയൽ ടീമിൻെറ ആത്മവീര്യം ചോർന്നുപോകുമെന്നും മാനേജ്മെന്റിന് ആശങ്കയുണ്ട്.
ട്വന്റി ഫോറിലെ കെ.ആർ.ഗോപീകൃഷ്ണൻ, ബി.ദിലീപ് കുമാർ, മാതൃഭൂമി ന്യൂസിലെ അഭിലാഷ് മോഹനൻ, മാതു സജി, ന്യൂസ് 18 ലെ ജിമ്മി ജെയിംസ് എന്നിവരെയാണ് റിപോർട്ടർ നോട്ടമിട്ടിരിക്കുന്നത്.