എൽസ ചരക്കുകപ്പൽ അറബിക്കടലിൽ മുങ്ങിയതിൽ പോലീസ് കേസെടുക്കും. കേസെടുത്താലേ കമ്പനിയിൽ നിന്ന് നഷ്ടപരിഹാരവും രക്ഷാദൗത്യത്തിന്റെ ചെലവും ഈടാക്കാനാവൂ. രാസവസ്തുക്കൾ നിറഞ്ഞ കണ്ടെയ്നറുകൾ കപ്പലിന്റെ അടിത്തട്ടിൽ. ഇവ ഉയർന്നുവന്നാൽ മത്സ്യസമ്പത്തിനടക്കം നാശം. കപ്പൽ ദുരന്തത്തിന്റെ ആഘാതവും സാമ്പത്തിക നഷ്ടവും പഠിക്കും. നഷ്ടപരിഹാരം ഈടാക്കാനും നടപടി തുടങ്ങി സർക്കാർ

അപകടകരമായ കാർഗോ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച രാജ്യാന്തര മാരിടൈം ഓർഗനൈസേഷന്റെ മാർഗനിർദേശങ്ങൾ പാലിക്കാത്തതിനും പൊലീസിന് കേസെടുക്കാനാവും.

New Update
ship
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: കൊച്ചി പുറംകടലിൽ മുങ്ങിയ എം.എസ്.സി കമ്പനിയുടെ എൽസ ചരക്കുകപ്പൽ കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം നേടിയെടുക്കാനും ദുരന്ത നിവാരണം അവരുടെ ഉത്തരവാദിത്തമാക്കാനും കേരള പോലീസ് കപ്പൽ മുങ്ങിയ സംഭവത്തിൽ കേസെടുത്തേക്കും. ഇതിനായി നിയമോപദേശം കാത്തിരിക്കുകയാണ് പോലീസ്.

Advertisment

തീരത്തു നിന്ന് 200 നോട്ടിക്കൽ മൈൽ പരിധിയിൽ അനിഷ്ട സംഭവങ്ങളുണ്ടായാൽ കോസ്റ്റൽ പൊലീസിനു കേസെടുക്കാനാവും. കേരള, ലക്ഷദ്വീപ് തീരമേഖലയിലെ ഇക്കണോമിക് സോണുകളുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഭവങ്ങളിൽ കേസെടുക്കാനുള്ള ചുമതല ഫോർട്ട് കൊച്ചിയിലെ കോസ്റ്റൽ പൊലീസ് സ്റ്റേഷനാണ്.


നമ്മുടെ അധികാര പരിധിയിലുള്ള കടലിലുണ്ടാവുന്ന സംഭവങ്ങളിൽ കേസെടുക്കാനുള്ള അധികാരം കേരളാ പോലീസിനുണ്ട്. ഭാരതീയ ന്യായസംഹിതയിലെ 282, 125, 324 വകുപ്പുകളും പരിസ്ഥിതി സംരക്ഷണ നിയമത്തിലെ 7, 8, 9, 15 വകുപ്പുകളും ചേർത്ത് കേസെടുക്കാവുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.


കപ്പലുകൾ വഴിയുള്ള മലിനീകരണം തടയാനായുള്ള രാജ്യാന്തര ധാരണയുടെ അടിസ്ഥാനത്തിലും, ഇന്ത്യൻ മർച്ചന്റ് ഷിപ്പിംഗ് നിയമം, ഇന്ത്യൻ പോർട്സ് നിയമം എന്നിവ പ്രകാരവും നടപടിയെടുക്കാനാവും. എന്നാൽ വിദേശ കപ്പലിനെതിരായ നടപടിയായതിനാൽ തുടർ നടപടികളും കേസും കേന്ദ്രസർക്കാരിന്റെ അനുമതിയോടെയായിരുക്കും.

അപകടകരമായ കാർഗോ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച രാജ്യാന്തര മാരിടൈം ഓർഗനൈസേഷന്റെ മാർഗനിർദേശങ്ങൾ പാലിക്കാത്തതിനും പൊലീസിന് കേസെടുക്കാനാവും.


ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടാക്കുന്ന വിധം കണ്ടെയ്നറുകളും ചരക്കുകളും തീരത്ത് അടിഞ്ഞ സാഹചര്യത്തിലാണിത്. നഷ്ടപരിഹാരം ലഭിക്കാനുള്ള നടപടികൾക്കും എഫ്ഐആർ ആവശ്യമാണ്. കപ്പലിൽ 640 കണ്ടെയ്നറുകളുണ്ടായിരുന്നു. 600 കോടി മൂല്യമുള്ള വിവിധയിനം കാർഗോയുണ്ടായിരുന്നതായാണ് കണക്ക്.


കപ്പലിലെ കണ്ടെയ്നറുകൾ കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ അടിഞ്ഞിട്ടുണ്ട്. ശേഷിക്കുന്ന കണ്ടെയ്നറുകൾ അന്യ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും അടുക്കാൻ ഇടയുണ്ട്.

രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകൾ കപ്പലിന്റെ അടിത്തട്ടിലാണ്. അത് ഇതുവരെ ഉയർന്നു വന്നിട്ടില്ല. രാസവസ്തുക്കൾ കടലിൽ കലർന്നാൽ മത്സ്യ സമ്പത്തിനടക്കം ഗുരുതര പ്രശ്നങ്ങളുണ്ടാവും. ഇതെല്ലാം കണക്കിലെടുത്താണ് കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള ശ്രമം.


മത്സ്യത്തൊഴിലാളികൾക്ക് ഉപജീവനം മുടങ്ങിയതിനുള്ള നഷ്ടപരിഹാരവും രക്ഷാദൗത്യത്തിനുള്ള ചെലവുമെല്ലാം എംഎസ്സി കമ്പനി വഹിക്കേണ്ടി വരും. ഇതിനുകൂടിയാണ് കേസെടുക്കുന്നത്.


എം.എസ്.സി എൽസ 3 കപ്പൽ മുങ്ങിയതിനെ തുടർന്നുള്ള ആഘാതവും സാമ്പത്തിക നഷ്ടവും പരിസ്ഥിതി ദുരന്തവും അടക്കമുള്ളവ പഠിക്കാനും നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടികൾ സ്വീകരിക്കാനും സംസ്ഥാന സർക്കാർ വിദഗ്ദ്ധ സമിതികളെ നിയോഗിച്ചിട്ടുണ്ട്.

പരിസ്ഥിതി, സാമൂഹിക - സാമ്പത്തിക ആഘാതം പഠിക്കാൻ ധനവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ ചുമതലപ്പെടുത്തി. നഷ്ടപരിഹാര പാക്കേജ് തയ്യാറാക്കേണ്ടതും നഷ്ടപരിഹാരം നേടിയെടുക്കാൻ ഷിപ്പിംഗ് കമ്പനിയുമായി ചർച്ചകൾ നടത്തേണ്ടതും ഈ സമിതിയാണ്.

തൊഴിൽ നഷ്ടം, ടൂറിസം നഷ്ടം തുടങ്ങിയവയുടെ ചെലവുകൾ കണക്കാക്കുകയും കപ്പൽ പൂർണമായി കേരള തീരത്തു നിന്നു മാറ്റുകയും വേണം.


തദ്ദേശ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി, റവന്യു, വ്യവസായ, കൃഷി പ്രിൻസിപ്പൽ സെക്രട്ടറിമാർ, പരിസ്ഥിതി വകുപ്പ് സെക്രട്ടറി, ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി എന്നിവരാണ് സമിതിയംഗങ്ങൾ.


പാരിസ്ഥിതിക ദുരന്തങ്ങൾ ഒഴിവാക്കുന്നതിനുള്ള മാർഗങ്ങൾ നിർദേശിക്കാൻ ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയുണ്ട്. എണ്ണപ്പാടയും തീരത്തണഞ്ഞ പ്ലാസ്റ്റിക് തരികൾ നീക്കം ചെയ്യാനും നടപടികളെടുക്കണം.

കടലിൽ താഴ്ന്ന കാൽസ്യം കാർബൈഡ് അടങ്ങിയ കണ്ടെയ്‌നറുകൾ നീക്കം ചെയ്യാനുള്ള ശ്രമവും നടത്തും. കടലിനും മത്സ്യസമ്പത്തിനും നാശമുണ്ടോയെന്നതും പരിശോധിക്കും.

പരിസ്ഥിതി, സാമൂഹിക - സാമ്പത്തികാഘാതം സംബന്ധിച്ച പഠനം നടത്താൻ പരിസ്ഥിതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയെ ആഘാത പഠന പ്രിൻസിപ്പൽ ഓഫീസറാക്കി സമിതി രൂപീകരിച്ചു.


മത്സ്യബന്ധനം, വിനോദസഞ്ചാരം, ഹാർബർ എൻജിനീയറിംഗ്, തുറമുഖം, വ്യവസായ - വാണിജ്യം, കൃഷി, ജലവിഭവം, തദ്ദേശ ഭരണം തുടങ്ങിയ വകുപ്പുകളിലെ വിദഗ്ദ്ധരും സമിതിയിലുണ്ട്.


നഷ്ടപരിഹാരം നേടിയെടുക്കാനടക്കം നോഡൽ ഓഫീസറായി ഡെപ്യൂട്ടി നോട്ടിക്കൽ അഡ്വൈസറായ ക്യാപ്റ്റൻ അനീഷ് ജോസഫിനെ നിയോഗിച്ചിട്ടുണ്ട്. നഷ്ടപരിഹാര ക്ലെയിമുകൾ സമയബന്ധിതമായി കൈകാര്യം ചെയ്യാനുള്ള സംവിധാനവും ഒരുക്കും.

Advertisment