തിരുവനന്തപുരം: കേരള സർവ്വകലാശാലയുടെ കോടികൾ വിലമതിക്കുന്ന ഭൂമി സ്റ്റാർട്ടപ്പിന്റെ പേരിൽ തട്ടിയെടുക്കാൻ ഗൂഢനീക്കം. കാര്യവട്ടം ക്യാമ്പസിൽ സ്റ്റാർട്ടപ്പിന്റെ പേരിൽ അനധികൃത ഡ്രൈവിംഗ് സ്കൂൾ പ്രവർത്തിക്കുന്നതായി കണ്ടെത്തിയതോടെ നടപടിയെടുക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ് വൈസ് ചാന്‍സലർ.
സ്റ്റാർട്ടപ്പിന്റെ മൂന്നുവർഷ കാലാവധി അവസാനിച്ചപ്പോൾ സ്കൂൾ നടത്തുന്നതിന് ക്യാമ്പസ്സിൽ അഞ്ചേക്കർ ഭൂമി നൽകണമെന്ന ആവശ്യം സിൻഡിക്കേറ്റിന്റെ പരിഗണയിലാണ്. ഇത് അനുവദിക്കാനാവില്ലെന്ന് വി.സി നിലപാടെടുത്തു.
യു.സി. മോങ്ക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഒരു സ്റ്റാർട്ടപ്പ് കമ്പനിയുടെ പേരിൽ എംടെക് ബിരുദധാരികളായ രണ്ട് ക്യാമ്പസ് വിദ്യാർത്ഥികൾക്കാണ് മൂന്നവർഷം മുൻപ് പുതിയ ഒരു ഡ്രൈവിംഗ് ലൈസൻസ് ആപ്പിന് അനുമതി നൽകിയത്. സർവകലാശാലയിൽ പഠിച്ച രണ്ടുപേർക്കും സ്റ്റാർട്ടപ്പ് രൂപീകരിക്കുന്നതിന് സർവ്വകലാശാല സാങ്കേതിക സഹായം നൽകുകയും ചെയ്തിരുന്നു.
സാരഥി എന്ന പേരിൽ ഡ്രൈവിംഗ് ലേണേഴ്സ് പരീക്ഷയ്ക്ക് സഹായകമാകുന്ന ഒരു സോഫ്റ്റ്‌വെയർ സജ്ജീകരിക്കുന്നതിനുള്ള അനുമതിയാണ് നൽകിയതെങ്കിലും യൂണിവേഴ്സിറ്റിയുടെ അറിവോ സമ്മതമോ കൂടാതെ സ്റ്റാർട്ടപ്പ്കാർ യൂണിവേഴ്സിറ്റി എൻജിനീയറിങ് കോളേജ് ഗ്രൗണ്ടിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിനുള്ള മോഡൽ ഡ്രൈവിംഗ് ട്രെയിനിങ് സെന്റർ എന്ന പേരിൽ ഒരു പരിശീലന കേന്ദ്രം ആരംഭിക്കുകയായിരുന്നു. ഡ്രൈവിംഗ് സ്കൂളിന്റെ ഉദ്ഘാടനം മന്ത്രി ഗണേഷ് കുമാറാണ് നിർവഹിച്ചത്.
സ്റ്റാർട്ടപ്പിന്റെ മൂന്നുവർഷ കാലാവധി അവസാനിച്ചപ്പോൾ സംരംഭകർ ഡ്രൈവിംഗ് പരിശീലനത്തിന് അഞ്ചേക്കർ ഭൂമി ആവശ്യപ്പെട്ട് രജിസ്ട്രാർക്ക് അപേക്ഷ നൽകി. ഡ്രൈവിംഗ് സ്കൂളിൻറെ പേരിൽ ക്യാമ്പസിന് ഉള്ളിലെ റോഡിലൂടെ ഡ്രൈവിംഗ് പരിശീലനം നടത്തുന്നതായി വിദ്യാർത്ഥികളും ജീവനക്കാരും പരാതിപ്പെടുന്നുണ്ട്.
യുഡിഎഫ് ഗവൺമെൻറിൻറെ കാലത്ത് സ്പോർട്ട്സ് വകുപ്പ് മന്ത്രിയായിരുന്ന ഗണേഷ് കുമാർ മുൻകൈയെടുത്താണ് 37 ഏക്കർ ഭൂമി ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് പാട്ട വ്യവസ്ഥയിൽ വിട്ടുകൊടുത്തത്. പാട്ട തുക ഇനത്തിൽ യൂണിവേഴ്സിറ്റിക്ക് 86 കോടി രൂപ കുടിശികയായി നൽകാനുണ്ട്.
സമാനമായ രീതിയിൽ ഇപ്പോൾ ട്രാൻസ്പോർട്ടിന്റെ ചുമതല വഹിക്കുന്ന മന്ത്രി എന്ന നിലയിൽ ഡ്രൈവിംഗ് സ്കൂളിന് സ്ഥലം വിട്ടുകൊടുക്കുന്നതിന് മുന്നോടിയായി അനധികൃതമായി സർവ്വകലാശാല ക്യാമ്പസിൽ ആരംഭിച്ച ഡ്രൈവിംഗ് സ്കൂളിൻറെ ഉദ്ഘാടനം ഗണേഷ് കുമാർ നിർവഹിച്ചതെന്നും സ്റ്റാർട്ട് അപ്പിന് സഹായം വാഗ്ദാനം ചെയ്തതായും ആരോപണമുണ്ട്.
യൂണിവേഴ്സിറ്റി ക്യാമ്പസിൽ ഡ്രൈവിംഗ് സ്കൂൾ ആരംഭിക്കുന്നതിനുള്ള സൗകര്യം അനുവദിച്ചതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും, ഡ്രൈവിംഗ് സ്കൂൾ കാര്യവട്ടം ക്യാമ്പസിൽ നിന്ന് ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വി.സിക്ക് പരാതി ലഭിച്ചിട്ടുണ്ട്.