തിരുവനന്തപുരം: സംസ്ഥാനം കേന്ദ്രത്തിന് സമർപ്പിച്ച ഡി.ജി.പി പട്ടികയിൽ ഉൾപ്പെട്ടവർക്കെതിരെ യു.പി.എസ്.സിക്ക് പരാതികൾ ലഭിച്ചു. നിലവിലെ എ.ഡി.ജി.പി എം.ആർ അജിത് കുമാർ ഒഴിച്ചുള്ള എല്ലാവർക്കുമെതിരെയാണ് പരാതികൾ യു.പി.എസ്.സിക്ക് ലഭിച്ചിട്ടുള്ളത്.
ആറ് പേരുടെ പട്ടികയാണ് സംസ്ഥാനം കേന്ദ്രത്തിന് സമർപ്പിച്ചത്. നിലവിലെ പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് ജൂണിൽ വിരമിക്കാനിരിക്കെയാണ് പട്ടിക ആഭ്യന്തര വകുപ്പ് തയ്യാറാക്കിയത്. റോഡ് സേഫ്റ്റി കമ്മീഷണർ നിധിൻ അഗർവാളാണ് പട്ടികയിൽ ഏറ്റവും സീനിയർ.
/sathyam/media/media_files/2024/10/23/x6zBQ8qbK1DHMjt5nstp.jpg)
ഇന്റലിജൻസ് ബ്യൂറോ അഡീഷണൽ ഡയറക്ടർ റവാഡ ചന്ദ്രശേഖർ, വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത, എസ്.പി.ജി അഡീഷണൽ ഡയറക്ടർ സുരേഷ് രാജ് പുരോഹിത്, ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം എന്നിവർക്ക് പുറമേയാണ് എ.ഡി.ജി.പി അജിത് കുമാറും പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.
പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള നിധിൻ അഗർവാളിനെതിരെ രണ്ട് പരാതികളാണ് ലഭിച്ചിട്ടുള്ളത്. മറ്റുള്ളവർക്കെതിരെ ഒരോ പരാതികൾ വീതവുമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. കേന്ദ്രം സമർപ്പിച്ച പട്ടികയ്ക്ക് പുറമേ ഐ.ബി റിപ്പോർട്ട് കൂടി പരിഗണിച്ചാവും കേന്ദ്രം പട്ടിക മടക്കി നൽകുക. ഇതിനിടയിലാണ് മറ്റ് അഞ്ച് പേർക്കെതിരെ പരാതി യു.പി.എസ്.സിക്ക് ലഭിച്ചിട്ടുള്ളത്.
/sathyam/media/media_files/2025/06/03/XOckNT5ksqISSXmNeRNn.jpg)
സംസ്ഥാന സർക്കാരിനും സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഏറെ വിശ്വസ്തനായ ഉദ്യോഗസ്ഥനാണ് എം.ആർ അജിത് കുമാർ. സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ സുഹൃത്തിനെ തട്ടിക്കൊണ്ട് പോയതടക്കം ഗുരുതരമായ ആരോപണങ്ങൾ അജിത് കുമാറിനെതിരെ ഉയർന്നിരുന്നു. സ്വർണ്ണക്കടത്ത് കേസ് നടക്കുമ്പോൾ അദ്ദേഹം വിജിലൻസ് മേധാവിയായിരുന്നു.
അജിത് കുമാറിനെതിരെ നിരവധി ആരോപണങ്ങൾ നിലനിൽക്കുമ്പോഴും മറ്റുള്ളവർക്കെതിരെ പരാതി ലഭിച്ചതിൽ ദൂരുഹതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ക്രമസമാധനാ ചുമതലയുള്ള എ.ഡി.ജി.പിയായിരിക്കെ ആർ.എസ്.എസ് നേതാവ് ദത്താത്രേയ ഹൊസബാളെയെ സന്ദർശിച്ച വിഷയത്തിൽ ഏറെ പഴി കേട്ട ഉദ്യോഗസ്ഥൻ കൂടിയാണ് ഇദ്ദേഹം.
എന്നാൽ ഇക്കാര്യത്തിൽ അജിത് കുമാറിനെതിരെ അന്വേഷണം നടത്താൻ പോലും ആഭ്യന്തര വകുപ്പ് മടിച്ചിരുന്നു. നിലവിൽ മറ്റ് അഞ്ച് പേർക്കെതിരെയുള്ള പരാതിപ്രവാഹം കരുതിക്കൂട്ടിയുള്ളതാകാമെന്നാണ് അണിയറ സംസാരം.