‘കേരളാ കെയർ’ സാർവത്രിക പാലിയേറ്റീവ് സേവന പദ്ധതിയിൽ സന്നദ്ധപ്രവർത്തകരുടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു

New Update
paliative care

തിരുവനന്തപുരം: സാന്ത്വന ചികിത്സയിൽ ശ്രദ്ധേയമായ ജനകീയ മാതൃക സൃഷ്ടിച്ച നാടാണ് കേരളം. കരുതലിന്റെ ഈ ബദൽ മാതൃകയെ കൂടുതൽ ശക്തിപ്പെടുത്തുന്ന ‘കേരളാ കെയർ’ സാർവത്രിക പാലിയേറ്റീവ് സേവന പദ്ധതിയിൽ സന്നദ്ധപ്രവർത്തകരുടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു.

Advertisment

https://sannadhasena.kerala.gov.in/volunteerregistration എന്ന വെബ്സൈറ്റിൽ വിവരങ്ങൾ നൽകി സന്നദ്ധപ്രവർത്തകർക്ക് രജിസ്റ്റർ ചെയ്യാം. സാന്ത്വന പരിചരണം ആവശ്യമുള്ള രോഗിക്കുവേണ്ടി ആഴ്ചയിൽ ഒരു മണിക്കൂർ എങ്കിലും മാറ്റിവെക്കാൻ സന്നദ്ധരായ ആർക്കും ഇതിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

കിടപ്പുരോഗികൾക്ക് സാന്ത്വനചികിത്സ ഉറപ്പാക്കുന്ന സർക്കാരിന്റെ ഇടപെടലുകൾ ലോകശ്രദ്ധയാകർഷിച്ചതാണ്. ഈ ഇടപെടലുകളെ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സർക്കാർ കേരളാ കെയറിന് രൂപം നൽകിയത്. 

കിടപ്പുരോഗികൾ അല്ലെങ്കിലും മാരക രോഗങ്ങളുള്ള എല്ലാവർക്കും പരിചരണം ഉറപ്പുവരുത്താനാണ് കേരളാ കെയർ വഴി ലക്ഷ്യമിടുന്നത്. ഇതിനായി സാന്ത്വന പരിചരണം ആവശ്യമുള്ള രോഗികളുടെയും അവരെ പരിചരിക്കാൻ തയ്യാറായ സംഘടനകളുടെയും നഴ്‌സുമാരുടെയും രജിസ്ട്രേഷൻ നടപടികൾ നടന്നുവരികയാണ്.

ഇതുവരെ ക്യാമ്പയിന്റെ ഭാഗമായി 1,34,939 പേരാണ് സാന്ത്വന ചികിത്സ ആവശ്യമുള്ള കിടപ്പുരോഗികളായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. വിപുലമായ ക്യാമ്പയിന്റെ അടുത്ത ഘട്ടമായ സന്നദ്ധ പ്രവർത്തകരുടെ രജിസ്ട്രേഷൻ ആരംഭിച്ചതോടെ സാന്ത്വന പരിചരണ രംഗത്ത് വലിയൊരു മാറ്റത്തിനാണ് തുടക്കമാകുന്നത്.