തിരുവനന്തപുരം: ഒന്നരയും രണ്ടും മാസം കൂടുമ്പോൾ ഓരോ വിവാഹം കഴിച്ച് മുപ്പതുകാരിയായ യുവതി നിരവധി പേരിൽ നിന്ന് പണവും ആഭരണങ്ങളും അടിച്ചുമാറ്റിയത് അവിശ്വസനീയതോടെയാണ് കേരളം കേട്ടത്.
മാട്രിമോണിയൽ വെബ്സൈറ്റിൽ ഫോട്ടോ സഹിതം പരസ്യം നൽകി എറണാകുളം ഉദയംപേരൂർ മണക്കുന്നം ഇല്ലത്ത് പറമ്പിൽ കോരയത്ത് ഹൗസിൽ രേഷ്മ (30) നടത്തിയ തട്ടിപ്പ് കേരളത്തെ അമ്പരപ്പിക്കുന്നതാണ്.
ഒരു ചെറുപ്പക്കാരി അടിക്കടി വിവാഹം ചെയ്ത് വമ്പൻ തട്ടിപ്പ് നടത്തിയിട്ടും അറിയാൻ കഴിയാത്തവിധം ദുർബലമാണോ നമ്മുടെ സാമൂഹ്യ ബന്ധങ്ങളെന്നതാണ് ഏറ്റവും ഗൗരവമുള്ളത്.
കേരളമാകെ നിരവധി വിവാഹം കഴിച്ച് വമ്പൻ തട്ടിപ്പ് നടത്തിയ രേഷ്മ തിരുവനന്തപുരത്ത് ആര്യനാട് ഗ്രാമപഞ്ചായത്ത് അംഗത്തെ വിവാഹം ചെയ്യാനൊരുങ്ങവേയാണ് കുടുങ്ങിയത്. നിരവധി വിവാഹം കഴിച്ച രേഷ്മയ്ക്ക് 2 വയസുള്ള ഒരു കുട്ടിയുമുണ്ട്.
പോലീസിന്റെ അന്വേഷണത്തിൽ രേഷ്മ വിവിധ ജില്ലകളിലായി 10ലേറെ വിവാഹം കഴിച്ചതായാണ് കണ്ടെത്തിയത്. ഇവരെക്കുറിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഓൺലൈനിൽ വിവാഹ പരസ്യം നൽകിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. പരസ്യം കണ്ട് ബന്ധപ്പെടുന്ന പുരുഷന്മാരോട് സിനിമകഥകളെ പോലും വെല്ലുന്ന കഥകൾ പറഞ്ഞ് വശത്താക്കുകയും തുടർന്ന് പുരുഷന്മാർ തന്നെ മുൻകൈയെടുത്ത് വിവാഹം നടത്തുകയും വിവാഹത്തിന് പിന്നാലെ കയ്യിൽകിട്ടുന്നതുമായി സ്ഥലംവിടുന്നതുമായിരുന്നു രേഷ്മയുടെ പതിവ്.
ആര്യനാട് ഗ്രാമ പഞ്ചായത്തംഗം സി.ജെ.അനീഷ് വിവാഹപരസ്യം നൽകിയ ഗ്രൂപ്പിൽ രജിസ്റ്റർ ചെയ്ത ഫോൺ നമ്പരിലേക്ക് യുവതിയുടെ അമ്മയാണെന്ന് പരിചയപ്പെടുത്തിയ സ്ത്രീ രേഷ്മയുടെ ഫോൺ നമ്പർ സി.ജെ.അനീഷിന് കൈമാറി.
തുടർന്ന് ഇവർ പരസ്പരം സംസാരിക്കകയും ലുലുമാളിൽ വച്ച് പെണ്ണിനെ കണ്ടു. തന്നെ ദത്തെടുത്തതാണെന്നും വിവാഹം നടത്തുന്നതിൽ അമ്മയ്ക്കു താൽപര്യമില്ലെന്നും ഉപദ്രവിക്കാറുണ്ടെന്നും രേഷ്മ അനീഷിനെ പറഞ്ഞ് വിശ്വസിപ്പിച്ചു.
/sathyam/media/media_files/2025/06/09/mK73wuZKaVK478DgsSXj.jpg)
ഇതോടെ വിവാഹത്തിന് അനീഷ് സന്നദ്ധനായി. വിവാഹത്തലേന്ന് വെമ്പായത്ത് എത്തിയ യുവതിയെ അനീഷ് തന്നെ കൂട്ടിക്കൊണ്ട് വന്ന് തന്റെ സുഹൃത്തായ ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്തംഗത്തിന്റെ വീട്ടിൽ താമസിപ്പിച്ചു.
രേഷ്മ വിവാഹദിവസവും കുളിക്കാതിരുന്നതാണ് ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്തംഗത്തിന് സംശയമുണ്ടാക്കിയത്. വിവാഹത്തിന്റെ തയ്യാറെടുപ്പുകളും ഭക്ഷണവുമെല്ലാം ഏർപ്പാടാക്കിയിരുന്നു. രേഷ്മ താമസിച്ചിരുന്ന വീട്ടിന്റെ കുളിമുറിയിൽ കയറിയെങ്കിലും പുറത്തിറങ്ങി ബ്യൂട്ടി പാർലറിൽ പോകണമെന്നാവശ്യപ്പെട്ടു.
അതോടെ ഗ്രാമ പഞ്ചായത്തംഗത്തിന്റെ ഭാര്യയ്ക്ക് രേഷ്മയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നി. രേഷ്മ ബ്യൂട്ടിപാർലറിൽ കയറിയ സമയത്ത് ഗ്രാമ പഞ്ചായത്തംഗവും ഭാര്യയും പ്രതിശ്രുത വരനായ അനീഷും ചേർന്ന് രേഷ്മയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് മുൻപ് വിവാഹം കഴിച്ചതിൻ്റെ രേഖകൾ അടക്കം കണ്ടെടുത്തതും തട്ടിപ്പ് പുറത്തായതും.
കുളിമുറിയിൽ നോക്കിയപ്പോൾ രേഷ്മ കുളിച്ചിരുന്നില്ലെന്നും വ്യക്തമായി. വിവാഹദിവസം വധു കുളിക്കാതിരിക്കുമോ എന്ന സംശയമാണ് വലിയ തട്ടിപ്പിന്റെ ചുരുളഴിച്ചത്.
തട്ടിപ്പ് മനസ്സിലാക്കിയ അനീഷ് നൽകിയ പരാതിയിന്മേൽ കാട്ടാക്കട ഡി.വൈ.എസ്.പി എൻ.ഷിബു,എസ്.എച്ച്.ഒ വി.എസ്.അജീഷ്,എസ്.ഐ വേണു എന്നിവരുടെ നേതൃത്വത്തിൽ രേഷ്മയെ വിവാഹ മണ്ഡപത്തിൽ നിന്നും നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു.
/sathyam/media/media_files/2025/06/09/IHr4ppd9haIZhiGRH9XN.jpg)
45 ദിവസം മുൻപ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് വിവാഹത്തിന് രേഷ്മ എത്തിയതെന്നും അടുത്ത മാസം തിരുവനന്തപുരം സ്വദേശിയായ മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നുവെന്നും രേഷ്മ സമ്മതിച്ചു.
യുവാക്കളെ പറ്റിച്ച് വിവാഹം നടത്തുന്ന രേഷ്മ വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേയ്ക്കുള്ള യാത്രാ മദ്ധ്യേ വാഹനത്തിൽ നിന്നും ഇറങ്ങി കിട്ടിയ താലിമാലയും ആഭരണങ്ങളുമായി മുങ്ങുകയായിരുന്നു പതിവ്. നാണക്കേട് ഭയന്ന് നിരവധി പേർ രേഷ്മയുമായുള്ള ബന്ധം പുറത്തു പറയുന്നില്ലെന്നും പോലീസ് സംശയിക്കുന്നുണ്ട്.
എറണാകുളം, തൊടുപുഴ, കോട്ടയം, കൊട്ടാരക്കര, വാളകം, വൈക്കം, തിരുവനന്തപുരം എന്നിവിടങ്ങളിലുള്ളവരെയാണ് നേരത്തെ വിവാഹം കഴിച്ചത്. ഈമാസം 12ന് വിവാഹം കഴിക്കാനിരുന്നയാൾ സ്റ്റേഷനിലെത്തിയെങ്കിലും പരാതി നൽകാൻ തയ്യാറായില്ല.
2014ൽ ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കേ രേഷ്മ എറണാകുളം സ്വദേശിയുമായി ഒളിച്ചോടി. 2017വരെ ഇയാളോടൊപ്പം താമസിച്ചു. പിന്നീട് പിരിഞ്ഞ് 2022നകം നാല് വിവാഹം കഴിച്ചു. 2023ൽ കുട്ടിയുണ്ടായി. 2025 ഫെബ്രുവരി 19നും മാർച്ച് ഒന്നിനും ഓരോ വിവാഹങ്ങൾ കഴിച്ചു.
ഏപ്രിലിൽ തിരുമല സ്വദേശിയെ വിവാഹം കഴിക്കാനൊരുങ്ങിയെങ്കിലും യുവാവ് അപകടത്തിൽപ്പെട്ടതിനാൽ നടന്നില്ല. നാടകീയമായ രേഷ്മയുടെ ജീവിതകഥ പോലീസിന്റെ കൂടുതൽ അന്വേഷണത്തിലേ പുറത്തുവരൂ.