ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുടെ മൊബൈൽ ഔട്ട് ബ്രേക്ക് ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജ് കാമ്പസിൽ പ്രവർത്തനമാരംഭിച്ചു

New Update
mobile outbrake investigation unit

തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുടെ മൊബൈൽ ഔട്ട് ബ്രേക്ക് ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജ് കാമ്പസിൽ പ്രവർത്തനമാരംഭിച്ചു.

Advertisment

രോഗ നിർണയ പരിശോധനകൾക്കുള്ള സാമ്പിളുകൾ സ്വീകരിച്ചു ശീതികരിച്ച സംവിധാനങ്ങളിൽ ലാബിലെത്തിക്കാനും പകർച്ചവ്യാധി വ്യാപനം ഉണ്ടാകുന്ന സ്ഥലങ്ങളിൽ ഔട്ട്ബ്രേക്ക് ഇൻവെസ്റ്റിഗേഷൻ നടത്താനുമുള്ള സൗകര്യങ്ങളോടു കൂടിയ ഈ മൊബൈൽ ലബോറട്ടറി മുഖ്യമന്ത്രി പിണറായി വിജയൻ അടുത്തിടെയാണ് ഉദ്ഘാടനം ചെയ്തത്.

നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രി, ആർ.സി.സി, എസ്.എ.ടി, ശ്രീ ചിത്ര ആശുപത്രി എന്നിവിടങ്ങളിൽ നിന്നുള്ള വൈറൽ രോഗ സംബന്ധമായ സാമ്പിളുകൾ രോഗനിർണയത്തിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിലേക്ക് രോഗികൾ സ്വന്തം നിലക്കാണ് എത്തിക്കുന്നത്. സാമ്പിൾ ശേഖരണത്തിനും അത് ലാബിൽ എത്തിക്കുന്നതിലേക്കുമുള്ള കാലതാമസം സാമ്പിൾ ഡീഗ്രേഡിങ്ങിന് കാരണമാകാറുണ്ട്. ഇത് പരിശോധനവേളയിൽ ശരിയായ രോഗനിർണയം സാധ്യമാകാതെ വരാൻ കാരണമാകാം.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുടെ മൊബൈൽ ഔട്ട് ബ്രേക്ക് ഇൻവെസ്റ്റിഗേഷൻ യൂണിറ്റിൽ ശേഖരിക്കുന്ന സാമ്പിളുകൾ കൃത്യമായ കോൾഡ് ചെയിൻ സാഹചര്യങ്ങളിൽ സൂക്ഷിക്കുന്നതിനാൽ സാമ്പിൾ ഡീഗ്രേഡിങ് ഒഴിവാക്കി കൃത്യമായ പരിശോധന നടത്തി രോഗനിർണയം സാധ്യമാകും.

മെഡിക്കൽ കോളേജ് കാമ്പസിൽ എല്ലാ പ്രവർത്തിദിവസങ്ങളിലും രാവിലെ 10 മുതൽ 12 വരെയാണ് സാമ്പിളുകൾ സ്വീകരിക്കുന്നത്. ചികിത്സിക്കുന്ന ഡോക്ടറുടെ ശുപാർശ ഉണ്ടെങ്കിൽ മാത്രമേ സാമ്പിളുകൾ സ്വീകരിക്കുകയുള്ളൂ.

Advertisment