/sathyam/media/media_files/2025/06/14/VaQE1whvc1qZPgNho6XE.jpg)
തിരുവനന്തപുരം: മലയാളം ചാനലുകളിലെ റേറ്റിംഗിൽ എട്ടാം സ്ഥാനത്ത് നിൽക്കുന്ന കൈരളി ന്യൂസിനെ റേറ്റിംഗിൽ മുന്നിലെത്തിക്കാൻ സി.പി.എം മുന്നിട്ടിറങ്ങുന്നു. പാര്‍ട്ടി സഖാക്കൾ വലതുപക്ഷ മാധ്യമങ്ങൾ ഒഴിവാക്കി കൈരളിയിലേക്ക് തിരിച്ചു വരണമെന്ന് സോഷ്യൽ മീഡിയയിൽ പ്രചാരണം തുടങ്ങിയിട്ടുണ്ട്.
വാർത്താ ചാനലുകളുടെ വിഭാഗത്തിൽ നിലവിൽ കൈരളിക്ക് പിന്നിൽ ന്യൂസ് 18 കേരളവും മീഡിയ വണ്ണും മാത്രമാണുള്ളത്. റേറ്റിംഗിൽ 16.1 പോയിന്റ് മാത്രമാണ് ഏറ്റവും പുതിയ ബാർക്ക് റിപ്പോർട്ടിൽ കൈരളി ന്യൂസിനുള്ളത്.
ഒരു ജനതയുടെ ആത്മാവിഷ്കാരം എന്ന ടാഗ് ലൈനോടെ തുടങ്ങിയ കൈരളി കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ക്ലച്ച് പിടിച്ചിട്ടില്ല. സി.പി.എമ്മിന്റെ സമ്പൂർണ പിന്തുണയുണ്ടായിട്ടും പാർട്ടിയുടെ ചാനലായിട്ടും റേറ്റിംഗിൽ കൈരളിക്ക് മുന്നിലെത്താനായിട്ടില്ല.
ഇത് പരസ്യ വരുമാനത്തെയടക്കം ബാധിച്ചു തുടങ്ങിയതോടെയാണ് സി.പി.എം മുന്നിട്ടിറങ്ങി കൈരളിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയത്. കൈരളിയെ മുന്നോട്ട് കൊണ്ട് വരേണ്ടത് ഈ കാലത്ത് ഏറ്റവും അനിവാര്യമാണെന്നും സഖാക്കളെല്ലാം കൈരളി കാണണമെന്നുമാണ് സോഷ്യൽ മീഡിയയിലെ കാമ്പെയിൻ.
ജനറൽ എന്റർടൈൻമെന്റ് വിഭാഗത്തിലും കൈരളി ഏറെ പിന്നിലാണ്. ഏഷ്യാനെറ്റ്, മഴവിൽ മനോരമ, ഫ്ലവേഴ്സ് ടിവി എന്നിവ റേറ്റിംഗിൽ മുന്നിലാണ്. ഏറ്റവും പുതിയ ഡാറ്റ പ്രകാരം, ഏഷ്യാനെറ്റ് ജനറൽ എന്റർടൈൻമെന്റ് വിഭാഗത്തിൽ മുന്നിലാണ്.
തൊട്ടുപിന്നില്‍ മഴവിൽ മനോരമ, ഫ്ലവേഴ്സ് ടിവി, സീ കേരളം, സൂര്യ ടിവി എന്നിവയാണ് റേറ്റിംഗിൽ മുന്നിൽ. കൈരളി ടിവി താഴ്ന്ന റാങ്കിലാണ്.
മലയാളം ചാനലുകൾ മൊത്തത്തിൽ 3 കോടിയിലധികം മലയാളികളെ ആകർഷിക്കുന്നു, ഏഷ്യാനെറ്റ് പോലുള്ള ചാനലുകൾ ആദ്യകാല വിപണി പ്രവേശനവും വൈവിധ്യമാർന്ന പ്രോഗ്രാമിംഗും കൊണ്ട് മുന്നിൽ നിൽക്കുന്നു.
കൈരളി ചാനലിനെ രക്ഷിക്കാനുള്ള നടപടികൾ മാനേജ്മെന്റ് തുടങ്ങിയിട്ടുണ്ട്. വിവിധ ജനവിഭാഗങ്ങളെ ആകർഷിക്കുന്നതിനായി ആകർഷകമായ സീരിയലുകൾ, റിയാലിറ്റി ഷോകൾ, സാംസ്കാരികമായി പ്രസക്തമായ പ്രോഗ്രാമുകൾ എന്നിങ്ങനെ ഉയർന്ന നിലവാരമുള്ള പരിപാടികൾ ആരംഭിക്കും.
എക്സലന്റ് പബ്ലിസിറ്റി പോലുള്ള പ്ലാറ്റ് ഫോമുകൾ ഉപയോഗിച്ച് ലക്ഷ്യമിട്ട പരസ്യ കാമ്പെയ്‌നുകൾ നടത്തി ദൃശ്യതയും വ്യാപനവും വർദ്ധിപ്പിക്കും. ഡിജിറ്റൽ വിപുലീകരണത്തിനും ചാനൽ ലക്ഷ്യമിടുന്നുണ്ട്.
യുവാക്കളെ ആകർഷിക്കാൻ പ്ലാറ്റ്‌ഫോമുകൾ, സോഷ്യൽ മീഡിയ, ഇന്ററാക്ടീവ് ഉള്ളടക്കം എന്നിവ വഴി കൈരളിയുടെ ഓൺലൈൻ സാന്നിധ്യം ശക്തിപ്പെടുത്തും.
വാർത്താ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള നടപടികളും ചാനൽ കൈക്കൊണ്ടിട്ടുണ്ട്. നിഷ്പക്ഷവും ഉയർന്ന നിലവാരമുള്ളതുമായ പത്രപ്രവർത്തനവും പുതിയ കാഴ്ചപ്പാടുകളും ശ്രദ്ധ കേന്ദ്രീകരിച്ച് വിശ്വാസ്യതയും കാഴ്ചക്കാരെയും വീണ്ടെടുക്കാനാണ് നീക്കം.
കാഴ്ചക്കാരുടെ പ്രതികരണങ്ങൾ, സർവേകൾ, സോഷ്യൽ മീഡിയ അനലിറ്റിക്സ് എന്നിവ ഉപയോഗിച്ച് ഉള്ളടക്കം ക്രമീകരിക്കാനും ഷെഡ്യൂളിംഗ് മെച്ചപ്പെടുത്താനും നടപടി തുടങ്ങി. ചാനലിനെ റേറ്റിംഗിൽ ഉയർത്തിയെടുക്കാൻ സഖാക്കളുടെ പ്രോത്സാഹനം അനിവാര്യമാണെന്നും സോഷ്യൽ മീഡിയ ക്യാമ്പെയിനിൽ പറയുന്നു.
കേബിൾ ടിവിയിൽ വീട്ടിൽ കാണുന്നതിനു പുറമേ മൊബൈൽ ഉപയോഗിച്ച് യൂട്യൂബിൽ കാണുന്നതും ചാനലിന്റെ റീച്ചും റേറ്റിംഗും വർദ്ധിപ്പിക്കാൻ ഉതകും.
വലതുപക്ഷ മാധ്യമങ്ങൾ ഒഴിവാക്കി കൈരളിയിലേക്ക് തിരികെ വരുക. റേറ്റിങ്ങിൽ നമ്മുടെ കൈരളി പിന്നിൽ ആണ്, കൈരളിയെ മുന്നോട്ട് കൊണ്ട് വരേണ്ടത് ഈ കാലത്ത് ഏറ്റവും അനിവാര്യമാണ് - കാമ്പെയിനിൽ പറയുന്നു. രണ്ടര ലക്ഷത്തോളം ഓഹരി ഉടമകളുള്ള ലോകത്തെ തന്നെ ആദ്യ മാധ്യമ സ്ഥാപനമാണ് കൈരളി.
2000 ആഗസ്ത് 17നാണ് മലയാളം കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന്‍റെ കീഴിൽ കൈരളി ടിവി സംപ്രേക്ഷണം ആരംഭിച്ചത്. മലയാളത്തിലെ മൂന്നാമത്തെ സ്വകാര്യ ചാനലായാണ് കൈരളിയുടെ തുടക്കം. അഞ്ച് വർഷത്തിനിപ്പുറം 2005 ആഗസ്ത് 17ന് വാർത്താ ചാനലായ പീപ്പിൾ ടിവി സംപ്രേക്ഷണം ആരംഭിച്ചു.
പീപ്പിൾ പിന്നീട് കൈരളി ന്യൂസ് എന്ന് പുനർനാമകരണം ചെയ്തു. 2007 ഏപ്രിൽ 15ന് വിനോദ സിനിമാ പരിപാടികൾക്ക് മാത്രമായി വീ ചാനൽ സംപ്രേക്ഷണം ആരംഭിച്ചു.
2015 ഫെബ്രുവരി 13ന് ഗൾഫ് പ്രേക്ഷകർക്കായി കൈരളി അറേബ്യ എന്ന പേരിൽ നാലാമത്തെ ചാനലും സംപ്രേക്ഷണം തുടങ്ങി. കൈരളി ന്യൂസ് ഓൺലൈൻ എന്ന പേരിൽ ന്യൂസ് പോർട്ടലും ഡിജിറ്റൽ വാർത്താലോകത്ത് ശക്തമായി മുന്നോട്ടുപോകുന്നു.
ഇതിനോടകം ശ്രദ്ധേയായ ഒട്ടനവധി പരിപാടികളാണ് കൈരളിയിലൂടെ മലയാളി ജനത ഏറ്റെടുത്തിട്ടുള്ളത്. മാമ്പഴം, വി കെ ശ്രീരാമന്‍റെ വേറിട്ട കാഴ്ചകൾ, ജോൺ ബ്രിട്ടാസിന്‍റെ വ്യത്യസ്ത അഭിമുഖ പരിപാടിയായ ജെ ബി ജങ്ഷൻ, സംഗീത പരിപാടിയായ സിംഫണി, മലയാളത്തിലെ ആദ്യ വിപരീത പ്രശ്നോത്തരി എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട അശ്വമേധം, റിയാലിറ്റി ഷോയായ ഗന്ധർവ സംഗീതം, പട്ടുറുമാൽ, ശ്രീനിവാസൻ അവതാരകനായ ചെറിയ ശ്രീനിയും വലിയ ലോകവും, തുടങ്ങിയവ മിനിസ്ക്രീനിൽ കൈരളിയുടെ കാഴ്ചകളെ വേറിട്ടുനിർത്തി.