തിരുവനന്തപുരം: സിപിഎം നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരിനോടും എൽഡിഎഫിനോടും അകലം പാലിക്കാൻ തീരുമാനിച്ചു ഓർത്തഡോക്സ് സഭ നേതൃത്വം. സംസ്ഥാനത്തുണ്ടായ പള്ളിത്തർക്ക വിഷയത്തിൽ സർക്കാർ സഭയെ പിന്നിൽ നിന്ന് കുത്തിയെന്ന വാദമാണ് സഭയിൽ നിന്ന് ഉയരുന്നത്.
ഇതിൻറെ ഭാഗമായി ഇക്കഴിഞ്ഞ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് പരസ്യ പിന്തുണയുമായി സഭാ നേതൃത്വം രംഗത്തുവന്നിരുന്നു.
മണ്ഡലത്തിലെ ചുങ്കത്തറ അടക്കമുള്ള പഞ്ചായത്തുകളിലെ ഓർത്തഡോക്സ് സഭയുടെ പള്ളികളിൽ കുർബാന മധ്യേ നടന്ന പ്രസംഗങ്ങളിൽ സഭാ സെക്രട്ടറി ബിജു ഉമ്മൻ യുഡിഎഫിന് പിന്തുണ നൽകണമെന്ന് ആവശ്യമുയർത്തിയിരുന്നു.
പല രീതിയിലും സിപിഎമ്മിനെയും സർക്കാരിനെയും സഹായിച്ചിട്ടും സഭയ്ക്ക് തിരിച്ച് വേണ്ട സഹായങ്ങൾ സർക്കാർ ചെയ്തു തന്നില്ല എന്നായിരുന്നു സഭാ സെക്രട്ടറിയുടെ വിമർശനം.
അതുകൊണ്ടുതന്നെ നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണം എന്ന് പരസ്യ ആഹ്വാനം വിശ്വാസികൾക്ക് നൽകുകയും ചെയ്തു.
കാത്തോലിക്ക ബാവയുടെ താൽപര്യവും ഇച്ഛയും അനുസരിച്ചാണ് താനിക്കാര്യം ഇവിടെ അറിയിക്കുന്നതെന്നും സഭാ സെക്രട്ടറി അസന്നിഗ്ധമായി വ്യക്തമാക്കിയിരുന്നു.
ഇതിനുപുറമേ 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നിലവിലെ പ്രതിപക്ഷ നേതൃസ്ഥാനത്ത് ഉള്ള വി ഡി സതീശന്റെ നേതൃത്വത്തിൽ ഒരു സർക്കാർ സംസ്ഥാനത്ത് അധികാരത്തിൽ എത്തണമെന്നാണ് സഭയ്ക്ക് താല്പര്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
താരതമ്യേന സഭാ വിശ്വാസികൾ കുറവുള്ള ഇടമായ നിലമ്പൂരിൽ തങ്ങൾക്ക് ഉള്ള വോട്ടുകൾ യുഡിഎഫിന് തന്നെ പോൾ ചെയ്യപ്പെടണം എന്ന വ്യക്തമായ സന്ദേശമാണ് വിശ്വാസികൾക്ക് സഭാ നേതൃത്വം നൽകിയത്.
യാക്കോബായ വിഭാഗവുമായിയുള്ള പള്ളി തർക്കത്തിൽ ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായ കോടതിവിധി നടപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും വിധി നടപ്പാക്കാതെ സർക്കാർ ചർച്ചകൾക്ക് മുൻകൈയെടുത്തു വന്നു ആണ് ഓർത്തഡോക്സ് സഭയിൽ നിന്ന് ഉയരുന്ന ആക്ഷേപം.
സംസ്ഥാനത്തെ യാക്കോബായ പള്ളികളുടെ ഉടമസ്ഥാവകാശം ഓർത്തഡോക്സ് വിഭാഗത്തിന് നൽകിക്കൊണ്ടുള്ള കോടതിവിധി നടപ്പിലാക്കാൻ സർക്കാർ വേണ്ടത്ര ശുഷ്കാന്തി കാട്ടിയില്ലെന്നും സഭാ നേതൃത്വം കരുതുന്നു.
കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പുകളിലും ഓർത്തഡോക്സ് സഭ സർക്കാരിനും സിപിഎമ്മിനും അനുകൂലമായ നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്.
മലങ്കര ഓർത്തഡോക്സ് സഭാ തലവനായിരുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ 2016ലെ തിരഞ്ഞെടുപ്പിന് ശേഷം ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട ശേഷം പറഞ്ഞത് കേരളം കൗതുകത്തോടാണ് കേട്ടത് - ഞങ്ങൾ ഇതുവരെ അനാഥരായിരുന്നു, ഇപ്പോൾ സനാഥരായി എന്നായിരുന്നു. അത്ര മേലായിരുന്നു അന്ന് സി.പിഎമ്മിലും എൽ.ഡിഎഫിലും സഭയ്ക്കുണ്ടായിരുന്ന വിശ്വാസം. എന്നാൽ കോടതിവിധി നടപ്പാക്കുന്നതിനുള്ള നിസ്സംഗതയാണ് സഭയെ ചൊടിപ്പിച്ചിട്ടുള്ളത്.
നിലവിൽ സംസ്ഥാനത്തിന്റെ മലയോര മേഖലയിൽ ഉടലെടുത്തിട്ടുള്ള മനുഷ്യ വന്യജീവി സങ്കർഷം പരിഹരിക്കാൻ ഒന്നും ചെയ്യാത്ത സർക്കാരിൻറെ നടപടിയിൽ സീറോ മലബാർ സഭയ്ക്കും അമർഷമുണ്ട്.
മുനമ്പം വിഷയത്തിൽ ബിജെപിയുടെ കള്ളക്കളിക്ക് കുട പിടിക്കാൻ സിപിഎം തയ്യാറായെന്ന യുഡിഎഫിന്റെ ആരോപണം ലത്തീൻ സഭയിലും അലയൊലികൾ സൃഷ്ടിച്ചിരിക്കുകയാണ്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പോടെ നഷ്ടമായ മുസ്ലിം വിഭാഗങ്ങളുടെ പിന്തുണ തിരിച്ചുപിടിക്കാൻ സിപിഎമ്മിനും സർക്കാരിനും കഴിഞ്ഞിട്ടില്ല. ഇത്തവണ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിനെ എക്കാലത്തും പിന്തുണച്ചിരുന്ന ഈഴവവിഭാഗത്തിൽ നിന്നും യുഡിഎഫിലേക്ക് വോട്ടൊഴുക്കുണ്ടായെന്നും വിലയിരുത്തലുണ്ട്.
സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പ്രവർത്തനങ്ങൾ വിലയിരുത്തി സിപിഎമ്മിനും എൽഡിഎഫിനും ഇതുവരെ വോട്ട് ചെയ്തിരുന്ന ന്യൂനപക്ഷ വിഭാഗങ്ങൾ പാടേ അകന്നതോടെ മൂന്നാം എൽഡിഎഫ് സർക്കാർ എന്ന തുടർഭരണ സാധ്യതയ്ക്ക് മങ്ങലേറ്റ് കഴിഞ്ഞു.