തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് രാഹുൽ ഗാന്ധിയുടെ അഭിനന്ദനം. കഴിഞ്ഞ ദിവസം സതീശനെ ഫോണിൽ ബന്ധപ്പെട്ട രാഹുൽ തിരഞ്ഞെടുപ്പ് മാനേജ്മെൻ്റിൻ്റെ മികവിൻ്റെ പേരിൽ അഭിനന്ദനം അറിയിക്കുകയായിരുന്നു.
നിലമ്പൂരിലെ മികച്ച വിജയം സംസ്ഥാനത്തെ പാർട്ടിക്ക് വിലമതിക്കാനാവാത്തതാണെന്നും അതിന് പിന്നിൽ പ്രതിപക്ഷ നേതാവിനൊപ്പം പ്രവർത്തിച്ചവർക്കും ആശംസയറിയിച്ചാണ് രാഹുൽ സംസാരം പൂർത്തിയാക്കിയത്.
പാർട്ടിയിലെ ഐക്യം നിലനിർത്തി വിജയലക്ഷ്യം നേടാൻ സതീശൻ്റെ നേതൃത്വത്തിന് കഴിഞ്ഞുവെന്ന വിലയിരുത്തലാണ് പാർട്ടി ദേശീയ നേതൃത്വത്തിനുള്ളത്.
നിർണായകമായ ഉപതിരഞ്ഞെടുപ്പ് വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ദിശാസൂചികയായതിനാൽ തന്നെ വലിയ രാഷ്ട്രീയ പ്രാധാന്യമാണ് സംസ്ഥാനത്ത് ഇതിന് കൽപ്പിക്കപ്പെട്ടത്.
യുഡിഎഫ് എൽഡിഎഫ് മുന്നണികൾക്ക് പുറമെ അൻവറിന്റെ സാന്നിധ്യവും തിരഞ്ഞെടുപ്പിനെ ശ്രദ്ധ കേന്ദ്രമാക്കിയിരുന്നു. എന്നാൽ ചിട്ടയോടെയുള്ള പ്രവർത്തനവും കൃത്യമായ അവലോകനവും സതീശന്റെ നേതൃത്വത്തിൽ കൃത്യമായ ഇടവേളകളിൽ നടത്തിയത് പ്രയോജനം ചെയ്തു എന്നാണ് പാർട്ടി വിലയിരുത്തുന്നത്.
യുഡിഎഫിലെ കക്ഷികളെ ഒരുമിപ്പിച്ചു കൊണ്ടുപോകുന്നതിലും വിജയം മുന്നിൽക്കണ്ട് കർക്കശമായ നിലപാടെടുക്കുന്നതിലും സതീശൻ വിജയിച്ചു എന്നാണ് ഈ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലൂടെ ഹൈക്കമാൻ്റിന്‍റെ വിലയിരുത്തല്‍.
രാഹുലും പ്രിയങ്കയും മത്സരിച്ച വയനാട് ലോക്സഭാ മണ്ഡലം ഉൾപ്പെടുന്ന നിലമ്പൂരിൽ വിജയത്തിൽ കുറഞ്ഞൊന്നും പാർട്ടി ആഗ്രഹിച്ചിരുന്നില്ല. എൽഡിഎഫിനോട് പിണങ്ങി പിരിഞ്ഞ അൻവർ യുഡിഎഫിന് പിന്തുണ നൽകുമെന്നായിരുന്നു എല്ലാവരും കരുതിയത്.
എന്നാൽ സ്ഥാനാർത്ഥി നിർണയത്തോടെ മുന്നണിയുമായുള്ള അൻവറിൻ്റെ ബന്ധം വഷളായി. ഇടതുപക്ഷത്തിനും സിപിഎമ്മിനും എതിരെ ഉന്നയിച്ച അതേ വിമർശനം പ്രതിപക്ഷ നേതാവ് വി.ഡി സതീശനും യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനുമെതിരെ അൻവർ ഉയർത്തുകയും ചെയ്തു.
യുഡിഎഫിന്റെ വോട്ട് ബാങ്കുകളിൽ വിള്ളൽ വീഴ്ത്തി മുന്നണിയെ തിരഞ്ഞെടുപ്പ് കാലത്ത് പ്രതിസന്ധിയിൽ ആക്കാനുള്ള അൻവറിനെ നീക്കം പൊളിച്ചത് സതീശന്റെ തിരഞ്ഞെടുപ്പ് മാനേജ്മെൻറ് ആണ്.
മുതിർന്ന നേതാക്കൾ അടക്കം എല്ലാവരുമായി ആശയവിനിമയം നടത്തുകയും കൃത്യമായി തിരഞ്ഞെടുപ്പ് ജോലികൾ ഏൽപ്പിക്കുകയും അതിൽ വിലയിരുത്തൽ നടത്തി കൂടുതൽ മെച്ചപ്പെട്ട പ്രചാരണത്തിലേക്ക് പാർട്ടിയെയും മുന്നണിയെയും എത്തിക്കുകയും ചെയ്ത പ്രതിപക്ഷ നേതാവിൻ്റെ മികവാണ് വിജയത്തിന് അരങ്ങൊരുക്കിയത്.
മുൻ ഡിസിസി അധ്യക്ഷൻ വി വി പ്രകാശിന്റെ കുടുംബവുമായി ബന്ധപ്പെട്ട നിലനിന്നിരുന്ന ചില വിഷയങ്ങളും പരിഹരിക്കാൻ സതീശൻ്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചകൾ വഴിയൊരുക്കിയിരുന്നു.
സിപിഎമ്മിനും ബിജെപിക്കും പുറമെ അൻവറിന്റെ വെല്ലുവിളിയും നിഷ്പ്രഭമാക്കി എൽഡിഎഫിൽ നിന്നും നിലമ്പൂർ പിടിച്ചെടുത്ത് യുഡിഎഫിൽ എത്തിച്ച സതീശൻ പാർട്ടിയിലും ലീഡർ പദവിയിലേക്ക് ഉയർന്നു കഴിഞ്ഞു.
ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിൽ എല്ലാം തന്ത്രങ്ങൾ ആവിഷ്കരിച്ച പ്രതിപക്ഷ നേതാവ് മികച്ച തിരഞ്ഞെടുപ്പ് വിദഗ്ദ്ധന്റെ റോളിലും ശ്രദ്ധ കേന്ദ്രമായി മാറിക്കഴിഞ്ഞു. അദ്ദേഹത്തിന് ഒപ്പം നിലയുറപ്പിച്ചിട്ടുള്ള ചെറുപ്പക്കാരുടെ സംഘം പാർട്ടിക്ക് പുതിയ ഊർജ്ജമാണ് നൽകുന്നത്.
ടീം യുഡിഎഫ് എന്ന പ്രതിപക്ഷ നേതാവിന്റെ നിലപാടിനോടും മുന്നണിയിലും പാർട്ടിയിലും തികഞ്ഞ യോജിപ്പും ദൃശ്യമായിട്ടുണ്ട്.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരം തിരിച്ചു പിടിക്കുമെന്ന സന്ദേശം നൽകാൻ സതീശന്റെ നേതൃത്വത്തിലുള്ള പ്രവർത്തനത്തിന് കഴിഞ്ഞുവന്ന വിലയിരുത്തലാണ് ദേശീയ നേതൃത്വത്തിനും കേരളത്തിൻറെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിക്കുമുള്ളത്.