തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയത്തിൽ പുതിയ പ്രതികരണവുമായി കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. എഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ചില പരിഭവങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങൾ വ്യക്തമാക്കിയത്.
തിരഞ്ഞെടുപ്പിന് ശേഷം വി.ഡി സതീശനെ ഒരു പ്രമുഖ പത്രം 'ക്യാപ്റ്റൻ' എന്ന് വിശേഷിപ്പിച്ചല്ലോ എന്ന ചോദ്യത്തിലാണ് ചെന്നിത്തല തന്റെ അമർഷവും പരിഭവവും രേഖപ്പെടുത്തിയത്. തന്റെ നേതൃത്വത്തിൽ ഉപതിരഞ്ഞെടുപ്പ് ജയിച്ചപ്പോൾ ''ക്യാപ്റ്റൻ' എന്ന പദവി തനിക്ക് ആരും തന്നില്ല. അതെന്താ തരാഞ്ഞത്. ഇതൊക്കെയാണ് ഡബിൾ സ്റ്റാൻഡേർഡ് എന്ന് പറയുന്നത്.
തന്റെ നേതൃത്വത്തിൽ മുന്നണി വിജയിച്ചപ്പോൾ ഒരു ചാനലും പത്രവും എന്നെ ക്യാപ്റ്റനും ആക്കിയില്ല കാവലാളും ആക്കിയില്ല. അതിൽ തനിക്ക് വിഷമവും പരാതിയുമില്ല. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയത്തിൽ പ്രതിപക്ഷനേതാവ് വി.ഡി സതീശന് മുഖ്യപങ്കുണ്ട്.
അതുകൊണ്ട് വിശേഷിപ്പിക്കൽ വലിയ ഗൗരവത്തിൽ എടുക്കേണ്ട. എത്രയോ കാലമായി നമ്മളൊക്കെ രാഷ്ട്രീയത്തിൽ നിൽക്കുന്നു. ഏതെങ്കിലും ചാനലിന്റെയോ പത്രത്തിന്റെയോ പിൻബലമില്ലാതെയാണ് നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അൻവറിന്റെ മുന്നണി പ്രവേശനം സംബന്ധിച്ചും അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചു. കുഞ്ഞാലിക്കുട്ടിയും താനുമാണ് നേതൃത്വത്തിന്റെ അറിവോടെ അൻവറുമായി സംസാരിച്ചത്. അൻവറിനെ ചേർത്ത് നിർത്തണം എന്ന ആഗ്രഹത്തോടെയാണ് സംസാരിച്ചത്.
യു.ഡി.എഫ് എന്നും ഇടതുപക്ഷവുമായി പേരാടിയ ആളുകളെ ചേർത്ത് നിർത്തിയിട്ടുണ്ട്. എന്നാൽ മല്ലികാർജുന ഖാർഗെ പ്രഖ്യപിച്ച സ്ഥാനാർത്ഥിക്കെതിരെ അൻവർ രംഗത്ത് വന്നത് ശരിയായില്ല.
പരാമർശം പിൻവലിച്ച് സ്ഥാനാർത്ഥിക്ക് പിന്തുണ കൊടുത്താൽ അദ്ദേഹത്തിന്റെ യു.ഡി.എഫ് പ്രവേശനം സംബന്ധിച്ച കാര്യങ്ങൾ പരിഗണിക്കാമെന്നായിരുന്നു ഞങ്ങളുടെ നിലപാട്. അദ്ദേഹം സമ്മതിക്കാതിരുന്നതോടെയാണ് യു.ഡി.എഫ് കൂട്ടായ തീരുമാനമെടുത്തത്.
താൻ എവിടെയാണ് ഇദ്ദേഹത്തെ തിരിച്ചെടുക്കണമെന്ന് പറഞ്ഞത്. താനങ്ങനെ പറഞ്ഞിട്ടില്ല. താനങ്ങനെ സംസാരിച്ചുവെന്ന രീതിയിൽ ഓരോ ക്യാപ്‌സ്യൂൾ ഇറക്കുന്നുണ്ട്. അതൊക്കെ എന്തിനുവേണ്ടിയാണെന്ന് അറിയാൻ പാഴൂർ പടിക്കൽ വരെ പോകേണ്ട കാര്യമില്ല.
അതൊക്കെ അങ്ങനെ നടക്കട്ടെ. ക്യാപ്‌സൂളുകൾ സോഷ്യൽ മീഡിയയിലും വരുന്നത് എനിക്ക് പുതിയ കാര്യമല്ല. ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിട്ട പ്രതിപക്ഷനേതാവാണ് താൻ. പക്ഷേ കേരളത്തിലെ ജനങ്ങൾക്ക് അതേപറ്റി അറിയാം എന്ന് മാത്രമേ ഇപ്പോൾ പറയുന്നുള്ളൂ.
അൻവറിന്റെ കാര്യത്തിൽ ഇപ്പോൾ തനിക്ക് ഒറ്റയ്ക്ക് പറയാനാവില്ല. യു.ഡി.എഫ് ചർച്ച ചെയ്യേണ്ട വിഷയമാണ്. അങ്ങനെ ഒരു ചർച്ച നടന്നാൽ അപ്പോൾ അതിൽ അഭിപ്രായം പറയും. ഭരണമാറ്റം സംഭവിച്ചാൽ എന്താണ് ചെയ്യേണ്ടതെന്ന് ഹൈക്കമാന്റ് തീരുമാനിക്കും. അതിന് പാർട്ടിക്ക് ഒരു സിസ്റ്റമുണ്ട്. ഇപ്പോൾ അതേപറ്റി താൻ അഭിപ്രായം പറയുന്നത് അപക്വമാണ്.
പരമാവധി സീറ്റുകൾ നേടിയെടുക്കാൻ യോജിച്ചുള്ള പ്രവർത്തനമാണ് വേണ്ടത്. നിലവിൽ ഒരു മിഷനുണ്ട്. അത് ഭരണമാറ്റമുണ്ടായി യു.ഡി.എഫ് അധികാരത്തിൽ വരിക എന്നതാണ്. മിഷൻ 63ലും കൂടുതൽ സീറ്റുകൾ കിട്ടും. പായസത്തിന് നെയ്യ് കൂടിയാൽ കുഴപ്പമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ ഏത് സീറ്റിലും വിജയിക്കാം എന്ന സന്ദേശമാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് നൽകുന്നത്. വരാൻ പോകുന്ന നിയമസഭാ, പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിജയിക്കാനുള്ള ആത്മവിശ്വാസമാണ് തിരഞ്ഞെടുപ്പ് നൽകുന്നത്. നെഹ്‌റു കുടുംബത്തിലെ ആരും ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് സാധാരണ എത്താറില്ല.
എന്നാൽ പ്രിയങ്ക ഗാന്ധി രണ്ട് യോഗങ്ങളിൽ പതിനായിരങ്ങളെ അഭിസംബോധന ചെയ്തു. തിരഞ്ഞെടുപ്പ് ഗൗരവം പൂർണ്ണമായി ഉൾക്കൊണ്ടാണ് പ്രിയങ്ക ഗാന്ധിയുടെ യോഗം നടത്തിയത്. തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം മനസിലാക്കി കെ.സി വേണുഗോപാൽ കൂടുതൽ സമയം ചിലവഴിച്ചു. താനടക്കമുള്ളവർ ബൂത്തിലിറങ്ങി വീടുകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു.
മുസ്ലീം ലീഗിനും സാദിഖലിക്കും കുഞ്ഞാലിക്കുട്ടിക്കും ബിഗ് സല്യൂട്ട് നൽകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വീടുവീടാന്തരം കയറി കുഞ്ഞാലിക്കുട്ടി പ്രചാരണം നടത്തി. അവരുടെ ഒരു സ്ഥാനാർത്ഥി മത്സരിക്കുന്നത് പോലെ ഉജ്ജ്വലമായ പ്രവർത്തനമാണ് ലീഗ് കാഴ്ച്ചവെച്ചത്.
ഇതെല്ലാം ചേർന്ന വൻ വിജയം കേരളത്തിലെ എൽ.ഡി.എഫിന് നൽകിയ കനത്ത പ്രഹരമാണ് തിരഞ്ഞെടുപ്പ് ഫലം. ലീഗും കോൺ്രഗസും മറ്റ് ഘടകകക്ഷികളും ഒരു കാലത്തുമില്ലാത്തത് പോലെ യോജിച്ച മനസുമായി തിരഞ്ഞെടുപ്പ് രംഗത്ത് ഒരുമിച്ചു.
പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഫലം തന്നെയാണ്. കടുത്ത ജനവിരുദ്ധതയുടെ കൊടുമുടിയിൽ നിൽക്കുന്ന സർക്കാരിനെതിരായ ജനങ്ങളുടെ വിധിയെഴുത്ത്. ഭരണമാറ്റത്തിന്റെ കേളികൊട്ട് നിലമ്പൂരിൽ കേൾക്കുന്നു- ചെന്നിത്തല പറഞ്ഞു. എന്നാല്‍ മുന്‍ പ്രതിപക്ഷ നേതാവിന്‍റെ വാക്കുകള്‍ കോണ്‍ഗ്രസില്‍ തര്‍ക്കം എന്ന നിലയില്‍ വ്യാപകമായ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരിക്കുകയാണ്.