സ്വരാജിന്റെ പരാജയത്തിൽ കലങ്ങി മറിഞ്ഞ് സിപിഎം. പിണറായിക്കും ഗോവിന്ദനും എതിരെ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം. വർഗീയ ശക്തികളുമായി പാർട്ടി കൂട്ടു ചേർന്നുവെന്ന പരാമർശം വോട്ട് ചോര്‍ത്തി. അന്‍വറിന് മറുപടി പറയാന്‍ പിണറായി തയ്യാറാകാത്തതും ക്ഷീണമായെന്ന് വിമര്‍ശനം. സൂക്ഷിച്ചില്ലെങ്കിൽ തിരിച്ചടി ഭയാനകമാകുമെന്നും വിലയിരുത്തൽ

സ്വന്തം വ്യക്തി പ്രഭാവം കൊണ്ട് 10000 ത്തോളം വോട്ട് സ്വരാജ് നേടിയിട്ടും കഴിഞ്ഞ തവണ ലഭിച്ച അധിക വോട്ടുകൾ പാർട്ടിയെ കൈവിട്ടു. എന്നാൽ ഇടതുപക്ഷത്തിന്റെ അടിസ്ഥാന വോട്ടുകൾ ഇളകിയിട്ടില്ല.

New Update
mv govindan pinarai vijayan m swaraj
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: സി.പി.എം സെക്രട്ടേറിയറ്റംഗം എം. സ്വരാജ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റിൽ ചൂടേറിയ ചർച്ച. 

Advertisment

പലവിധ കാരണങ്ങൾ കൊണ്ടാണ് വോട്ട് ചോർച്ച ഉണ്ടായതെന്നും മണ്ഡലത്തിൽ ഭരണവിരുദ്ധവികാരമില്ലെന്നും സി.പി.എം പുറത്ത് പറയുന്നുണ്ടെങ്കിലും പല നേതാക്കളോടും വ്യക്തിപരമായി സംസാരിക്കുമ്പോൾ മറ്റൊരു ചിത്രമാണ് പാർട്ടിക്കുള്ളിൽ നിന്നും ലഭിക്കുന്നത്. 

തിരഞ്ഞെടുപ്പിന് കൂടുതൽ ഗൗരവ സ്വഭാവം നിലനിർത്താനാണ് എം. സ്വരാജിനെ മത്സരിപ്പിച്ചത്. സെക്രട്ടേറിയറ്റംഗവും ദേശാഭിമാനി റസിഡന്റ് എഡിറ്റുമായ സ്വരാജ് മത്സരിക്കുകയും യു.ഡി.എഫിന് അനുകൂലമായ ന്യൂനപക്ഷ ഏകീകരണം ഇല്ലാതാക്കുകയും ചെയ്താൽ വിജയിക്കാമെന്നായിരുന്നു പാർട്ടി വിലയിരുത്തൽ. എന്നാൽ തിരഞ്ഞെടുപ്പു ഫലം അക്ഷരാർത്ഥത്തിൽ സി.പി.എമ്മിനെ ഞെട്ടിച്ചുകളഞ്ഞു.


ഭരണവിരുദ്ധ വികാരമില്ലെന്ന സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ പുറത്ത് വരുമ്പോൾ ഇടതുപക്ഷവുമായി ഇടഞ്ഞ് നിലമ്പൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച പി.വി അൻവറിനെ അവഗണിച്ചത് തിരിച്ചടിയായെന്നാണ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ. 


തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ അൻവറിന് മറുപടി കൊടുക്കാത്തത് പാർട്ടിക്ക് വലിയ തിരിച്ചടി സൃഷ്ടിച്ചു. എഡിജിപി അജിത്കുമാറിനെതിരായ ആരോപണങ്ങൾ, സ്വർണക്കടത്ത് ആരോപണം, എടവണ്ണ റിദാൻ ബാസിൽ കൊലക്കേസ്, മുഖ്യമന്ത്രിക്കും മുഹമ്മദ് റിയാസിനുമെതിരായ ആരോപണങ്ങൾ ഉൾപ്പെടെ ഉന്നയിച്ചാണ് അൻവർ സർക്കാരിനെതിരെ രംഗത്തുവന്നത്. 

മണ്ഡലത്തിലുടനീളം അൻവർ ഈ വിഷയങ്ങൾ ചർച്ചയാക്കുകയും ചെയ്തിരുന്നു. എന്നാൽ എൽ.ഡി.എഫിന്റെ ഒരു പ്രചാരണ പരിപാടികളിൽ പോലും നേതാക്കൾ ഈ ആരോപണങ്ങൾക്ക് മറുപടി പറഞ്ഞില്ല. 


കൂടെയുണ്ടായിരുന്ന ഒരാൾ വഞ്ചിച്ചത് മൂലം ഉണ്ടായ തിരഞ്ഞെടുപ്പ് എന്ന് മാത്രമാണ് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളിൽ പോലും അൻവറിനെതിരെ പറഞ്ഞിരുന്നത്. ഇത് തിരിച്ചടിയായെന്ന് പാർട്ടി വിലയിരുത്തുന്നു.


ഇടതുമുന്നണിയുടെ പക്കലുള്ളതും യു.ഡിഎഫിന് ലീഡ് ലഭിച്ചതുമായ നിലമ്പൂർ നഗരസഭ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തിരഞ്ഞെടുപ്പ് ചുമതലകൾ നൽകുന്നതിൽ വീഴ്ചയുണ്ടായി. ചുമതലകൾക്കായി പ്രാദേശികമായി പരിചയമുള്ളവരെ പരിഗണിച്ചില്ല. 

അയൽക്കൂട്ടം പോലെയുള്ള കൂട്ടായ്മകളിൽ നിന്നുള്ള വോട്ടുകളും അൻവർ നേടി. താഴേത്തട്ടിൽ നിന്നും കൃത്യമായ കണക്കുകൾ ലഭിച്ചില്ലെന്നും വരുന്ന തിരഞ്ഞെടുപ്പിന് മുമ്പുള്ള കണക്കുകളിൽ കൃത്യത പാലിച്ചില്ലെങ്കിൽ ഭയാനകമായ തിരിച്ചടിയാണ് പാർട്ടി കാത്തിരിക്കുന്നതെന്നും വാദമുയർന്നു. 

സ്വന്തം വ്യക്തി പ്രഭാവം കൊണ്ട് 10000 ത്തോളം വോട്ട് സ്വരാജ് നേടിയിട്ടും കഴിഞ്ഞ തവണ ലഭിച്ച അധിക വോട്ടുകൾ പാർട്ടിയെ കൈവിട്ടു. എന്നാൽ ഇടതുപക്ഷത്തിന്റെ അടിസ്ഥാന വോട്ടുകൾ ഇളകിയിട്ടില്ല.


തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലെത്തി നിൽക്കുമ്പോൾ സി.പി.എം സംസ്ഥാന സെക്രട്ടറി നടത്തിയ ആർ.എസ്.എസ് - സി.പി.എം ബാന്ധവ പരാമർശം വോട്ട് ചോർത്തിയെന്ന് എളമരം കരീമും പി.രാജീവും സെക്രട്ടേറിയറ്റിൽ വ്യക്തമാക്കി. 


പാർട്ടി സെക്രട്ടറിയെ പരോക്ഷമായി വിമർശിച്ചുവെങ്കിലും പേരെടുത്ത് പറഞ്ഞ് വിമർശിക്കാൻ തയ്യാറായില്ല. മൈക്ക് കണ്ടാൽ എന്തും വിളിച്ചു പറയുന്ന അവസ്ഥ നല്ലതല്ലെന്ന പിണറായിയുടെ വിമർശനം നിലനിൽക്കുമ്പോഴാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ അംഗങ്ങൾ പരോക്ഷവിമർശനമുയർത്തിയത്. 

ഇടത് സ്ഥാനാർത്ഥിക്ക് വേണ്ടി എൽ.ഡി.എഫ് സർക്കാരും 98 എം.എൽ.എമാരും രംഗത്തിറങ്ങിയിട്ടും അത് താഴേത്തട്ടിൽ വേണ്ടപോലെ ഫലിച്ചില്ലെന്നും വിലയിരുത്തലുണ്ട്.

Advertisment