/sathyam/media/media_files/2025/06/25/vd-satheesan-rahul-gandhi-2025-06-25-19-23-24.jpg)
തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ കോൺഗ്രസിൽ നേതൃസ്ഥാനത്തെ ചൊല്ലി അസ്വസ്ഥത പുകയുന്നു. പ്രതിപക്ഷനേതാവ് വി.ഡി സതീശന് സ്വാഭാവികമായി വന്ന് ചേർന്ന മികച്ച സ്വീകാര്യതയാണ് ചില നേതാക്കളെയെങ്കിലും അസ്വസ്ഥരാക്കുന്നത്.
ഉപതിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന് മലയാള മനോരമ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ വി.ഡി സതീശനെ ക്യാപ്റ്റനാക്കി ചിത്രീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടും വിവാദങ്ങളുയർന്ന് കഴിഞ്ഞു. ഇതിൽ വിയോജിപ്പ് രൂപേണയുള്ള പരിഭവം രേഖപ്പെടുത്തിയാണ് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത് എത്തിയിട്ടുള്ളത്.
നിരവധി തിരഞ്ഞെടുപ്പുകൾ തന്റെ നേതൃതവത്തിൽ ജയിച്ചിട്ടും തന്നെയാരും ക്യാപ്റ്റനെന്ന് വിശേഷിപ്പിച്ചിട്ടില്ലെന്നായിരുന്നു ചെന്നിത്തലയുടെ പരിഭവം. എന്നാൽ താൻ ക്യാപ്റ്റനെങ്കിൽ ചെന്നിത്തല മേജറാണെന്നായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ മറുപടി.
ഭരണമാറ്റമുണ്ടായാൽ മുഖ്യമ്രന്തി പദവിയിലേക്ക് ആരു വരുമെന്ന ചോദ്യത്തിന് പാർട്ടിക്ക് അതിനൊരു സിസ്റ്റമുണ്ടെന്ന മറുപടിയാണ് ചെന്നിത്തല പറഞ്ഞത്. ഉപതിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം കോൺഗ്രസ് ഭരണത്തിലേക്ക് അടുക്കുന്നുവെന്നതിന്റെ രാഷ്ട്രീയ സൂചന പുറത്തേക്ക് നൽകിയതോടെ പാർട്ടിയിൽ നേതൃതലത്തിൽ ചില പരിഭവങ്ങൾ പുറത്ത് വന്നു കഴിഞ്ഞു.
അൻവർ വിഷയത്തിൽ പാർട്ടിക്കുള്ളിൽ രണ്ട് പക്ഷമാണ് ഉണ്ടായിരുന്നത്. അൻവറിനെ കൂടെ കൂട്ടണമെന്ന പക്ഷത്ത് ചെന്നിത്തല, സുധാകരൻ തുടങ്ങിയവരും, വേണ്ട എന്ന പക്ഷത്ത് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, സണ്ണി ജോസഫ് തുടങ്ങിയവരും ഉണ്ടായിരുന്നു.
അൻവറിനെ അനുനയിപ്പിക്കാൻ കോഴിക്കോട് ഡി.സി.സി അദ്ധ്യക്ഷൻ പ്രവീൺ കുമാർ, കെ.ജയന്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ അന്ന് നടന്ന ചർച്ചകളെ പോലും പ്രതിപക്ഷനേതാവ് അപ്പോൾ തന്നെ തള്ളിയിരുന്നു. എന്നാൽ അൻവറിനെ കൂടെ കൂട്ടണമെന്ന അഭിപ്രായം പലർക്കുമുണ്ടായിരുന്നു.
സതീശന്റെ നിലപാട് തിരഞ്ഞെടുപ്പ് രംഗത്ത് ദോഷമുണ്ടാക്കുമെന്ന പ്രചാരണമടക്കം നടക്കുകയും ചെയ്തിരുന്നു. എന്നാൽ അൻവറിന്റെ രാഷ്ട്രീയ ഭാവി അവസാനിപ്പിച്ച് മിന്നുന്ന വിജയം യു.ഡി.എഫ് നേടിയതോടെ അൻവർ അനുകൂലികളുടെ വായ അടയുകയും ചെയ്തു.
തിരഞ്ഞെടുപ്പിൽ ഏതെങ്കിലും തരത്തിൽ തിരിച്ചടി നേരിട്ടാൽ അത് സതീശനെതിരെ ഉപയോഗിക്കാൻ പാർട്ടിക്കുള്ളിൽ ഒരു സംഘം കരുക്കൾ നീക്കിയെന്ന ആരോപണവും നിലവിൽ പുറത്ത് വന്നിട്ടുണ്ട്.
അൻവർ വിഷയത്തിൽ എല്ലാ എതിരഭിപ്രായങ്ങളെയും തട്ടിനീക്കി തന്റെ നിലപാടിൽ ഉറച്ച് നിന്ന വി.ഡി സതീശൻ കാര്യങ്ങൾ യു.ഡി.എഫിൽ വിശദീകരിച്ച് എല്ലാവരുടെയും പിന്തുണ ഉറപ്പിക്കുകയായിരുന്നു.
അതിൽ നിന്ന് പിന്നോട്ട് പോകണമെന്ന സമ്മർദ്ദത്തിന് വഴങ്ങാനും അദ്ദേഹം തയ്യാറായില്ല. അങ്ങനെ പ്രതിബന്ധങ്ങളുടെ ഇടയിൽ നിന്നും നേടിയ വിജയമാണ് സതീശനെ അക്ഷരാർത്ഥത്തിൽ ക്യാപ്റ്റൻ പദവിയിലേക്ക് ഉയർത്തിയത്.
പാർട്ടിക്കുള്ളിൽ സതീശന് അനുകൂലമായി രൂപപ്പെട്ട പ്രവർത്തകരുടെ വികാരം അദ്ദേഹത്തെ മികച്ച സ്വീകാര്യതയുള്ള നേതാവാക്കി ഉയർത്തുകയും ചെയ്തു. എന്നാൽ ടീം യു.ഡി.എഫ് എന്ന ആശയം മുന്നോട്ട് വെച്ച സതീശനാകട്ടെ വിജയമധുരം യാതൊരു സ്വർത്ഥതയുമില്ലാതെ യു.ഡി.എഫിലെ എല്ലാ കക്ഷികൾക്കും കോൺഗ്രസിലെ എല്ലാ നേതാക്കൻമാർക്കുമായി വീതിച്ചു നൽകുകയും ചെയ്തു.
ആരോടും ഒരു പരിഭവവും പ്രകടിപ്പിക്കാതെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ മാത്രം പൂർണ്ണ ശ്രദ്ധ കേന്ദ്രീകരിച്ച് പാർട്ടിയെയും മുന്നണിയെയും വിജയിത്തിലേക്ക് നയിച്ചതിനാൽ തന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗ്രാഫ് ഉയരുകയും ചെയ്തു.
ഉപതിരഞ്ഞെടുപ്പ് വിജയം നേതാക്കളുടെ അസ്വസ്ഥതയ്ക്ക് കാരണമായെങ്കിലും ഹൈക്കമാന്റിന്റെ ഉറച്ച് പിന്തുണ നിലവിൽ സതീശനൊപ്പമാണുള്ളത്. ഏറ്റെടുക്കുന്ന ജോലികൾ വിജയിപ്പിക്കുന്ന സതീശന്റെ നേതൃപാടവത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം പൂർണ്ണ തൃപ്തിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
തെലുങ്കാനയില്‍ തെരെഞ്ഞെടുപ്പിന് മുന്‍പ് ഇപ്പോഴത്തെ മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡിക്കു നല്കിയ അതേ പ്രവര്‍ത്തന സ്വാതന്ത്ര്യം സതീശനും നല്‍കണമെന്ന അഭിപ്രായമാണ് എഐസിസി നേതൃത്വത്തിനുള്ളത്.