നിലമ്പൂര്‍ കടന്നെങ്കിലും തദ്ദേശ - നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ഒരുങ്ങുന്ന യുഡിഎഫിന് മുന്നിൽ കടമ്പകള്‍ ഏറെ. വെൽഫെയർ പാർട്ടി നിലപാടില്‍ ക്രൈസ്തവ സഭകളുടെ ആശങ്കകള്‍ ? അന്‍വര്‍ അകത്തോ പുറത്തോ ? കോണ്‍ഗ്രസിലെ പ്രശ്നങ്ങളും പരിഹരിക്കണം

അൻവറിനെ മുന്നണിയിൽ പ്രവേശിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് സതീശനെതിരെ കോൺഗ്രസിൽ നിന്നും മുന്നണിയിൽ നിന്നും നീക്കം ഉയർന്നുവരാൻ സാധ്യതയുണ്ട്. അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിന്  തടസം വി.ഡി സതീശനാണെന്ന് വിശ്വസിക്കുന്ന വിഭാഗമാണ് നീക്കത്തിനൊരുങ്ങുന്നത്.

New Update
pv anvar vd satheesan sunny joseph
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ അഭിമാനജയം കരസ്ഥമാക്കിയെങ്കിലും തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ഒരുങ്ങുന്ന യു.ഡിഎഫിന് മുന്നിൽ വെല്ലുവിളികളേറെ. ജമാഅത്തെ ഇസ്ളാമിയുടെ പിന്തുണ സ്വീകരിച്ചത് സംബന്ധിച്ച് ക്രൈസ്തവ സഭകൾക്കുളള ആശങ്കകൾ പരിഹരിക്കുകയാണ് ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി.

Advertisment

നിലമ്പൂരിൽ കരുത്ത് തെളിയിക്കാനായില്ലെങ്കിലും മുന്നണിയില്‍ ഒരു വിഭാഗത്തിന്‍റെ പിന്തുണയുള്ള പി.വി.അൻവറിൻെറ മുന്നണി പ്രവേശനം സംബന്ധിച്ച് യു.ഡി.എഫിൽ ഭിന്നതകളില്ലാതെ തീരുമാനമെടുക്കുക എന്നതും നേതൃത്വത്തിന് മുന്നിലുളള വെല്ലുവിളിയാണ്. 


മതരാഷ്ട്രവാദം മുന്നോട്ടുവെക്കുന്ന ജമാഅത്തെ ഇസ്ളാമിയുടെ രാഷ്ട്രീയ പാർട്ടിയായ വെൽഫെയർ പാർട്ടി നിലമ്പൂരിൽ യുഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചപ്പോൾതന്നെ കത്തോലിക്ക സഭാ നേതൃത്വം അതിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.


നിലമ്പൂരിൽ സഭാ വോട്ടുകൾ നിർണായകം അല്ലെങ്കിലും തിരക്കിട്ട ചര്‍ച്ചകളിലൂടെ സഭയുടെ ആശങ്കകള്‍ പരിഹരിച്ച് മുന്നോട്ട് പോകുകയാണ് യു.ഡി.എഫ് നേതൃത്വം ചെയ്തത്. എന്നാൽ വരാനിരിക്കുന്ന തദ്ദേശ ഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കത്തോലിക്ക സഭ അടക്കമുളള ക്രൈസ്തവ സഭകളെ അവഗണിച്ച് പോകാൻ കഴിയില്ല.

പരമ്പരാഗതമായി യു.‍ഡി.എഫിന് വോട്ട് ചെയ്ത് പോന്നിരുന്ന കത്തോലിക്ക സഭയിൽ കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലായാണ് മാറ്റങ്ങൾ കണ്ടുതുടങ്ങിയത്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരം നേടണം എങ്കിൽ യു.ഡി.എഫിന് ക്രൈസ്തവ സഭകളുടെ, പ്രത്യേകിച്ച് കത്തോലിക്കാ, ഓർത്തഡോക്സ് സഭകളുടെ പൂർണ പിന്തുണ കൂടിയേ തീരു.


മദ്യനയം, സഭാ തർക്കം അടക്കം നിരവധി വിഷയങ്ങളിൽ സഭകൾ എൽ.‍ഡി.എഫ് സർക്കാരുമായി അകൽച്ചയിലാണ്. ഇതിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തണമെങ്കിൽ സഭകളെ യുഡിഎഫിലേക്ക് അടുപ്പിക്കേണ്ടതുണ്ട്. അവിടെയാണ് ജമാഅത്തെ ഇസ്ളാമി പിന്തുണ സ്വീകരിച്ച വിഷയം പ്രശ്നമാകുന്നത്.


മുൻപ് ഇത്തരം വിഷയങ്ങളിൽ തുറന്ന് അഭിപ്രായം പറയാൻ മടി കാണിച്ചിരുന്ന കത്തോലിക്ക സഭ അടക്കമുളള ക്രൈസ്തവ സഭകൾ ഇപ്പോൾ അതൃപ്തി പരസ്യമാക്കി തുടങ്ങിയിട്ടുണ്ട്. അതാണ് നിലമ്പൂ‍ർ ഉപതിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ളാമിയുടെ പിന്തുണ സ്വീകരിച്ചതിനോടുളള എതി‍ർപ്പ് മറയില്ലാതെ പ്രകടിപ്പിച്ചത്.

മതരാഷ്ട്രവാദം എന്ന മൗദൂദിയിൻ ആശയം മുന്നോട്ടുവെക്കുന്ന ജമാഅത്തെ ഇസ്ളാമി ഇപ്പോൾ പഴയ സിദ്ധാന്തം ഉപേക്ഷിച്ചെന്ന പ്രതിപക്ഷത്തിൻെറ പ്രതികരണത്തിലും ക്രൈസ്തവ സഭകൾക്ക് എതിർപ്പുണ്ട്. 

അതുകൊണ്ടു തന്നെ ഈ വിഷയത്തിൽ ക്രൈസ്തവ സഭകൾക്കുളള ആശങ്കകളും സംശയങ്ങളും പരിഹരിച്ചേ മതിയാകു എന്നതാണ് യു.ഡി.എഫിന് മുന്നിലുളള പ്രശ്നം. മധ്യകേരളത്തിൽ നിന്ന് യു.ഡി.എഫ് ആഗ്രഹിക്കുന്ന തരത്തിലുളള വിജയം കൈവരിക്കാൻ ഇത് തീർത്തും അനിവാര്യമാണ്.


ന്യൂനപക്ഷ തീവ്രവാദത്തിനെതിരെ സഭാതലത്തിൽ ജാഗ്രത ശക്തി പെടുന്നത് സഭകളെയും ഇത്തരം ആശങ്കകൾ ഉയർത്താൻ നിർബന്ധിതമാക്കുന്നുണ്ട്. കാസ പോലുളള സംഘടനകളുടെ കടന്നുകയറ്റത്തെ പ്രതിരോധിക്കാൻ ഇത് അനിവാര്യവുമാണ്. 


ജമാഅത്തെ ഇസ്ളാമി അടക്കമുളള തീവ്ര മുസ്ളിം സംഘടനകളുടെ പിന്തുണ സ്വീകരിക്കുന്നതിൽ ക്രൈസ്തവ സഭകൾക്ക് മുന്നിൽ എന്തുവാദങ്ങളാണ് ഉന്നയിക്കാൻ പോകുന്നത് എന്നതും ആകാംക്ഷയുണർത്തുന്നു.

സണ്ണിജോസഫ്  അധ്യക്ഷനായി വരുന്നതുവരെ കോൺഗ്രസിലെ നിർണായക പദവികളിലൊന്നും കത്തോലിക്ക സഭക്ക് പ്രാതിനിധ്യമില്ലായിരുന്നു. അതുകൊണ്ടുതന്നെ കത്തോലിക്കാ സഭയുമായി ആശയവിനിമയം നടത്താൻ ആ വിഭാഗത്തിൽ നല്ലൊരു നേതാവില്ലായിരുന്നെന്ന പ്രശ്നവും യു.ഡി.എഫിനുണ്ട്.

നേരത്തെ കേരളാ കോൺഗ്രസ് എം മുന്നണിയുടെ ഭാഗമായിരിക്കുമ്പോൾ കെ.എം.മാണിയെ പോലുളള പരിണതപ്രജ്ഞരായ നേതാക്കൾ ആ ചുമതല ഭംഗിയായി നിർവ്വഹിച്ച് പോന്നിരുന്നതാണ്. എന്നാൽ ഇപ്പോൾ അത്തരം നേതാക്കളില്ലാത്തതും യു.ഡി.എഫിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.


നിലമ്പൂരിൽ ഒറ്റക്ക് മത്സരിച്ച് ഇരുപതിനായിരത്തോളം വോട്ടുകൾ നേടിയ പി.വി.അൻവർ വീണ്ടും യുഡിഎഫ് പ്രവേശനം ആഗ്രഹിച്ച് രംഗത്ത് വന്നിട്ടുണ്ട്. നേടിയ വോട്ടുകൾ എൽ‍.ഡി.എഫിൻേറതാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനോട് വിരോധമില്ലെന്നും പറഞ്ഞുകൊണ്ടാണ് അൻവറിൻെറ പുതിയ നീക്കം.


അൻവറിനെ മുന്നണിയിൽ പ്രവേശിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് സതീശനെതിരെ കോൺഗ്രസിൽ നിന്നും മുന്നണിയിൽ നിന്നും നീക്കം ഉയർന്നുവരാൻ സാധ്യതയുണ്ട്. അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിന്  തടസം വി.ഡി സതീശനാണെന്ന് വിശ്വസിക്കുന്ന വിഭാഗമാണ് നീക്കത്തിനൊരുങ്ങുന്നത്.

അൻവർ നേടിയ വോട്ടുകൾ ചൂണ്ടിക്കാണിച്ച് മുന്നണി പ്രവേശം വേഗത്തിൽ ആക്കണമെന്ന ആവശ്യം വൈകാതെ കോൺഗ്രസ്, യു.ഡി.എഫ് ഫോറങ്ങളിൽ ഉയരും. നിലമ്പൂർ ഫലം വന്നതിന് പിന്നാലെയുള്ള രമേശ് ചെന്നിത്തലയുടെ പ്രതികരണം ഇതിൻെറ സൂചനയാണ്.


ജയത്തിൽ സന്തോഷം പ്രകടിപ്പിച്ച ചെന്നിത്തല, അൻവറിനെ മുന്നണിയിൽ കൊണ്ടുവരാൻ താൻ മുൻകൈ എടുത്തതാണെന്ന് ഇടക്കിടെ പറയുന്നുണ്ടായിരുന്നു. കെ.പി.സി.സി  മുൻ അധ്യക്ഷൻ കെ. സുധാകരനും അൻവറിനെ മുന്നണിയിൽ എടുക്കണമെന്ന് താല്പര്യമുണ്ട്.


മുസ്ലിം ലീഗിനും പി വി അൻവറിനോട് മമതയുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ എങ്ങനെയും അധികാരം പിടിക്കണമെന്ന താൽപര്യത്തിലുളള ലീഗ് നേതൃത്വത്തിന് ഇടത് സർക്കാരിനെ എതിർ‍ക്കുന്ന എല്ലാവരെയും കൂടെക്കൂട്ടണമെന്നാണ്.

Advertisment