തിരുവനന്തപുരം: മുന്‍ ഇടത് സ്വതന്ത്രന്‍ പിവി അന്‍വറിന് മുമ്പില്‍ വാതിലടച്ച് കോണ്‍ഗ്രസ്. പാര്‍ട്ടി രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ അന്‍വറിന്‍റെ കാര്യത്തില്‍ വിഡി സതീശനെടുത്ത നിലപാടിന് വ്യാപക പിന്തുണ ലഭിച്ചതോടെ അന്‍വറിനു മുമ്പില്‍ കോണ്‍ഗ്രസിലേയ്ക്കുള്ള വഴി അടഞ്ഞിരിക്കുകയാണ്.
അതേസമയം അന്‍വര്‍ മാന്യമായ സമീപനം സ്വീകരിക്കുകയാണെങ്കില്‍ ഭാവിയില്‍ അന്‍വറിനെ സഹകരിപ്പിക്കുന്നത് യുഡിഎഫ് പരിഗണിക്കില്ലെന്ന് പറയാനും കഴിയില്ല.
രമേശ് ചെന്നിത്തല, കെ സുധാകരന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെയും മുസ്ലിം ലീഗ്പോലുള്ള പ്രമുഖ ഘടകകക്ഷികളുടെയും പിന്‍ബലത്തിലായിരുന്നു യുഡിഎഫ് പ്രവേശനത്തിനുള്ള ശ്രമം അന്‍വര്‍ വീണ്ടും തുറന്നത്. ഇതിനായി തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞത് പലതും വിഴുങ്ങുകയും ചെയ്തു.
പക്ഷേ അടിക്കടി നിലപാട് മാറ്റിയും തിരുത്തിയും രംഗത്തു വരുന്ന അന്‍വറിനെ തല്‍ക്കാലം വിശ്വാസത്തിലെടുക്കേണ്ടതില്ലെന്ന പൊതുവികാരമാണ് രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ ഉയര്‍ന്നത്.
എന്നാല്‍ കെ സുധാകരന്‍ യോഗത്തില്‍ അന്‍വറിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. പക്ഷേ മറ്റ് നേതാക്കള്‍ അതിനെ പിന്തുണച്ചില്ല.
മാത്രമല്ല, 9 വര്‍ഷം എംഎല്‍എ ആയിരുന്ന മണ്ഡലത്തില്‍ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ അന്‍വറിന് കഴിഞ്ഞതുമില്ല. സാധാരണ ഗതിയിലുള്ള സ്വതന്ത്രന്മാര്‍ പിടിക്കാറുള്ള വോട്ട് വിഹിതം മാത്രമാണ് അന്‍വറിന് നിലമ്പൂരില്‍ ലഭിച്ചതെന്നാണ് പൊതു വിലയിരുത്തല്‍.
അന്‍വര്‍ തന്നെ അവകാശപ്പെട്ട 75000 വോട്ടുകളുടെ മൂന്നിലൊന്ന് സമാഹരിക്കാന്‍ പോലും അദ്ദേഹത്തിന് കഴിയാത്തത് അന്‍വര്‍ നിര്‍ണായകമല്ലെന്നതിന്‍റെ തെളിവായി നേതാക്കള്‍ ചൂണ്ടിക്കാട്ടി.