ജനറിക് മരുന്നുകളുടെ ഗുണനിലവാരം; കര്‍ശന പരിശോധന വേണം - കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍

New Update
generic medicines

തിരുവനന്തപുരം: ജനറിക് മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ സര്‍ക്കാര്‍ കര്‍ശ്ശന നടപടികള്‍ സ്വീകരിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ ആവശ്യപ്പെട്ടു. 

Advertisment

ജനറിക് മരുന്നുകള്‍ ജനകീയമായത് സാധാരണക്കാരായ ജനങ്ങള്‍ക്ക് വലിയ സാമ്പത്തിക ആശ്വാസമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ പല സര്‍ക്കാര്‍ ഡോക്ടര്‍മാരും ജനറിക് മരുന്നുകള്‍ക്ക് ഗുണനിലവാരമില്ല എന്ന ആരോപണം ഉന്നയിച്ച് രോഗികളെ പിന്തിരിപ്പിക്കുകയാണ്. 

മരുന്ന് മാഫിയയുടെ നീരാളിപ്പിടുത്തത്തില്‍ നിന്നും ഔഷധരംഗത്തെ മോചിപ്പിക്കാന്‍ ഒരളവുവരെ കാരണമായത് വലിയ വിലക്കുറവുള്ള ജനറിക് മരുന്നുകളുടെ ലഭ്യതയാണ്. 

ജനറിക് മരുന്ന് മേഖലയെ തകര്‍ക്കാന്‍ മരുന്ന് മാഫിയ ആസൂത്രിത ശ്രമം നടത്തുന്നതായി ചില കേന്ദ്രങ്ങളില്‍ നിന്നും അറിയാന്‍ ഇടയായിട്ടുണ്ട്.

ജനറിക് മരുന്നുകളുടെ കൂട്ടത്തില്‍ വ്യാജന്മാര്‍ കടന്നുകയറാതിരിക്കാന്‍ കര്‍ശ്ശന നിരീക്ഷണവും പരിശോധനയും ആരോഗ്യവകുപ്പ് നടത്തേണ്ടതാണ്. 

ജന്‍ഔഷധി സ്റ്റോറുകള്‍ ജനകീയമാവുന്നതിന് മുമ്പ് തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കാരുണ്യ മെഡിക്കല്‍ സ്റ്റോറില്‍ ജനറിക് മരുന്നുകളുടെ വിഭാഗം ഉണ്ടായിരുന്നത് ഇപ്പോള്‍ അടച്ചുപൂട്ടിയ നിലയിലാണ്. 

മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍റെ കാരുണ്യ മെഡിക്കല്‍ സ്റ്റോറുകളില്‍ ജനറിക് മരുന്നുകളുടെ ലഭ്യതയും സര്‍ക്കാര്‍ ഉറപ്പാക്കണം. 

ചെലവുകുറഞ്ഞ ആരോഗ്യ പരിരക്ഷ സാധാരണക്കാര്‍ക്കും പ്രാപ്യമാക്കുന്നതിന്, ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുകളും ജനറിക് മരുന്നുകളും നിലനിന്നേ തീരൂ - കാരുണ്യ ചികിത്സാ പദ്ധതി മുന്‍ സംസ്ഥാന കോഡിനേറ്റര്‍ കൂടിയായ കെ. ആനന്ദകുമാര്‍ പറഞ്ഞു.

Advertisment