തിരുവനന്തപുരം: സംസ്ഥാന ബി.ജെ.പിയിൽ പടലപിണക്കം രൂക്ഷമാവുന്നു. പാർട്ടിയിൽ സജീവ സാന്നിധ്യമായിരുന്ന മുൻ സംസ്ഥാന അദ്ധ്യക്ഷൻമാരായ വി.മുരളീധരൻ, കെ.സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകുന്ന വിഭാഗത്തെ വരിഞ്ഞു കെട്ടി ഇല്ലാതാക്കാനുള്ള നീക്കമാണ് സജീവമാകുന്നത്.
ഇത്തേുടർന്ന് പാർട്ടിയിൽ വൻ പ്രതിഷേധമാണ് ഉടലെടുത്തിട്ടുള്ളത്. താഴേത്തട്ടിൽ നിന്നും സംസ്ഥാന നേതൃത്വത്തിന്റെ നടപടികൾക്കെതിരെ ഉയരുന്ന വികാരം ശമിപ്പിക്കാൻ ജില്ലാ നേതൃയോഗങ്ങളിൽ കാര്യങ്ങൾ വിശദീകരിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.
നിലവിൽ തൃശ്ശൂരിൽ നടന്ന സംസ്ഥാന നേതൃയോഗത്തിൽ നിന്നുമാണ് ആദ്യം വി.മുരളീധരനെയും സുരേന്ദ്രനെയും ഒഴിവാക്കിയത്. ഇത് യോഗത്തിൽ ചൂടേറിയ ചർച്ചയായിരുന്നു.
ബി.ജെ.പി ബലിദാനികളുടെ പാർട്ടിയാണെന്നും ഏതെങ്കിലും മുതലാളിക്ക് കൈയടക്കാനുള്ളതല്ലെന്നും സുരേന്ദ്രൻ പക്ഷത്തെ ജനറൽ സെക്രട്ടറിമാർ തുറന്നടിച്ചു.
പുതിയ അധ്യക്ഷനെ കൃഷ്ണദാസ് പക്ഷം ഹൈജാക്ക് ചെയ്തതായും ആരോപിച്ചു. എൻ.ഡി.എ സംസ്ഥാന കൺവീനർ എന്ന നിലയിലാണ് കൃഷ്ണദാസിനെ പങ്കെടുപ്പിച്ചതെന്നായിരുന്നു ഔദ്യോഗിക നേതൃത്വത്തിന്റെ വിശദീകരണം. എന്നാൽ കുമ്മനം രാജശേഖരനെ പങ്കെടുപ്പിച്ചതിന് മറുപടിയുണ്ടായില്ല.
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാർ എന്നിവരുടെ യോഗമാണ് ചേർന്നത്. അതിനുശേഷം അവയിലബിൾ കോർകമ്മിറ്റിയാണ് ചേർന്നത്.
30ന് സംസ്ഥാന കോർകമ്മിറ്റി തിരുവനന്തപുരത്ത് ചേരും എന്നാണ് നേതൃത്വത്തിന്റെ മറുപടി. എന്നാൽ 30 ജില്ലാ ഭാരവാഹികൾ പങ്കെടുക്കുന്ന ഇത്തരം പ്രധാന യോഗങ്ങളിൽ മുൻ സംസ്ഥാന അധ്യക്ഷരെ പങ്കെടുപ്പിക്കുന്ന കീഴ്വഴക്കമുണ്ട്.
ഇത് മാറ്റി പാർട്ടിയെ കമ്പനിയാക്കുന്ന പ്രവണതക്കെതിരെ ദേശീയ നേതൃത്വത്തിന് സുരേന്ദ്രൻ - മുരളീധരൻ പക്ഷം പരാതി നൽകിയേക്കുമെന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്.
തുടർന്ന് ചേർന്ന കോർ കമ്മിറ്റി യോഗത്തിലും ഇതുസംബന്ധിച്ച് വിമർശനങ്ങൾ ഉയർന്നിരുന്നു. തുടർന്നാണ് പാർട്ടി പുതുതായി രൂപീകരിച്ച 30 സംഘടനാ ജില്ലകളിൽ നടക്കുന്ന യോഗങ്ങൾ ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ചവരുടെ പട്ടികയിൽ നിന്നും മുരളീധരനെയും സുരേന്ദ്രനെയും വെട്ടിയത്.
ഇതിന് പിന്നിൽ പാർട്ടിയിലെ മുൻ ജില്ലാ പ്രസിഡന്റാണെന്നും പറയപ്പെടുന്നു. നിലവിൽ കൃഷ്ണദാസ് പക്ഷവുമായാണ് സംസ്ഥാന നേതൃതവം യോജിച്ച് നീങ്ങുന്നത്. ഒരു പക്ഷവുമായുള്ള ചങ്ങാത്തം പാർട്ടിയെ എങ്ങുമെത്തിക്കില്ലെന്നാണ് മുരളീധരപക്ഷത്തിന്റെ വെല്ലുവിളി.