തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ പരാജയം മുൻനിർത്തി ഹിന്ദുത്വയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന് പാർട്ടി കോർ കമ്മിറ്റിയിൽ വാദം.
പാർട്ടിയുടെ അടിസ്ഥാന ആശയം ഹിന്ദുത്വമാണെന്നും നിലമ്പൂരിൽ ക്രൈസ്തവ വിഭാഗക്കാരനെ സ്ഥാനാർത്ഥിയാക്കിയത് കൂടുതൽ തിരിച്ചടിയായെന്നും ഹിന്ദു വോട്ടുകൾ പാർട്ടിയെ വിട്ടുപോയപ്പോൾ ഉദ്ദേശിച്ചത് പോലെ ക്രൈസ്തവർ വോട്ട് ചെയ്തില്ലെന്നുമാണ് കോർ കമ്മിറ്റിയിൽ വാദമുയർന്നത്.
ഉപതിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കുന്നില്ലെന്ന് ആദ്യ ഘട്ടത്തിൽ തീരുമാനിച്ച ശേഷം വിമർശനമുയർന്നപ്പോഴാണ് കോൺഗ്രസുകാരാനായിരുന്ന മോഹൻ ജോർജിനെ കെട്ടിയിറക്കിയത്.
മർത്തോമ വിഭാഗത്തിൽപ്പെടുന്ന അദ്ദേഹത്തിന് സ്വന്തം ഇടവകയിൽ പോലും ചലനം സൃഷ്ടിക്കാൻ കഴിഞ്ഞില്ലെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഹിന്ദുത്വയ്ക്ക് പ്രധാന്യം കൊടുത്തു കൊണ്ടാവണം തുടർനീക്കങ്ങളെന്നാണ് പാർട്ടിയിലെ പൊതു സംസാരം.
ക്രൈസ്തവർക്കിടയിൽ മുസ്ലീം വിരോധം പരമാവധി കുത്തിവെക്കാൻ സംഘപരിവാർ സംഘടനകൾ രൂപം കൊടുത്ത കാസ (Christian Association and Alliance for Social Action-CASA) പോലുള്ള പ്രസ്ഥാനങ്ങളെ കൊണ്ട് വേണ്ടത്ര ഗുണം ലഭിക്കുന്നില്ലെന്നും വിലയിരുത്തലുണ്ട്.
മുനമ്പം ഭൂമി വിഷയം പരമാവധി ആളിക്കത്തിച്ച് ക്രൈസ്തവ വിഭാഗത്തിലേക്ക് കടന്നുകയറി അവരുടെ വോട്ട് സമാഹരിക്കാനുള്ള നീക്കം വഖഫ് ബില്ലിന്റെ മറവിൽ നടന്നുവെങ്കിലും അത് അമ്പേ പരാജയപ്പെട്ടതോടെ കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞു.
വഖഫ് ബിൽ പാർലമെന്റ് പാസാക്കിയാൽ മുനമ്പത്തെ ഭൂപ്രശ്നം രണ്ടാഴ്ച കൊണ്ട് പരിഹരിക്കുമെന്ന ബി.ജെ.പി പ്രചരണം എങ്ങുമെത്താതിരുന്നതോടെ ക്രൈസ്തവ വിഭാഗങ്ങൾക്ക് പാർട്ടിയോടുള്ള വിശ്വാസ്യതയിലും കോട്ടം തട്ടിയിരുന്നു.
വഖഫ് നിയമം കൊണ്ട് മുനമ്പം വിഷയം തീരില്ലെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരൺ റിജിജുവിന് തന്നെ സമ്മതിക്കേണ്ടി വരികയും ചെയ്തിരുന്നു. ഇതോടെ മുസ്ലീം വിഭാഗത്തെ പ്രതിക്കൂട്ടിലാക്കി ക്രിസ്ത്യൻ വോട്ടുകൾ സമാഹരിക്കാനുള്ള നീക്കം പാളുകയും ചെയ്തു.
ഹിന്ദുത്വമാണ് പാർട്ടിയുടെ അടിത്തറ എന്ന കോർ കമ്മിറ്റിയുടെ തിരിച്ചറിവിനെ തുടർന്ന് വരുന്ന തദ്ദേശ നിയമസഭ തിരഞ്ഞെടുപ്പുകളിൽ ക്രൈസ്തവരുടെ പിന്നാലെ അലയുന്നതിൽ കാര്യമില്ലെന്ന നിരീക്ഷണവും പാർട്ടിയിൽ നടക്കുന്നുണ്ട്.
സംസ്ഥാനത്തെ ഇരുമുന്നണികൾക്കും ഒപ്പം നിന്ന് അവരുടെ വാദഗതികളെ വർഷങ്ങളോളം ന്യയീകരിക്കുകയും പിന്നീട് പുറത്ത് ചാടി ബി.ജെ.പിക്കൊപ്പം ചേർന്ന പി.സി ജോർജിനെപ്പോലുള്ള നേതാക്കൾ കടുത്ത അപരമത വിദ്വേഷം പടർത്തുന്നത് കേരളത്തിൽ ഗുണം ചെയ്യില്ലെന്ന തിരിച്ചറിവും ഒടുവിൽ ബി.ജെ.പി നേതൃത്വത്തിനുണ്ടായി എന്നുവേണം കരുതേണ്ടത്.
എന്തായാലും ഹിന്ദുത്വയിൽ തന്നെ മുറുകെപ്പിടിച്ചാവണം മുന്നോട്ട് പോക്കെന്നുള്ള കാര്യത്തിൽ പാർട്ടിയിൽ തർക്കമില്ലെന്ന അവസ്ഥയാണുള്ളത്.