കേരള ക്രിക്കറ്റ് ലീഗ്; സോണി ചെറുവത്തൂര്‍ ആലപ്പി റിപ്പിള്‍സിന്റെ പരിശീലകന്‍

New Update
sony cheruvathur

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണുവേണ്ടി തയാറെടുക്കുന്ന ആലപ്പി റിപ്പിള്‍സിന്റെ മുഖ്യ പരിശീലകനായി മുന്‍ കേരള ക്യാപ്റ്റനും ബിസിസിഐ ലെവല്‍ രണ്ട് പരിശീലകനുമായ സോണി ചെറുവത്തൂര്‍ എത്തുന്നു.

Advertisment

കളിക്കാരന്‍, പരിശീലകന്‍, ക്രിക്കറ്റ് അനലിസ്റ്റ് എന്നീ നിലകളില്‍ പരിചയ സമ്പന്നനായ സോണി ചെറുവത്തൂര്‍ മൂന്ന് രഞ്ജി ട്രോഫി ടൂര്‍ണമെന്റുകളില്‍ കേരളത്തെ നയിച്ചിട്ടുണ്ട്.

രഞ്ജി ട്രോഫിയില്‍ അതിവേഗത്തില്‍ 100 വിക്കറ്റുകള്‍ നേടിയ കേരള ബൗളര്‍, രഞ്ജി ട്രോഫിയില്‍ ഹാട്രിക് നേടിയ രണ്ട് കേരള ബൗളര്‍മാരില്‍ ഒരാള്‍ എന്നിങ്ങനെ നിരവധി നേട്ടങ്ങള്‍ കളിക്കാരന്‍ എന്ന നിലയില്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

2011 ലെ കേരള ക്രിക്കറ്റര്‍ ഓഫ് ദ ഇയറിനുള്ള എസ്.കെ. നായര്‍ അവാര്‍ഡിനും അദ്ദേഹം അര്‍ഹനായി. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെ ഇന്ത്യ അണ്ടര്‍ 19 സോണല്‍ ക്യാംപിലെ പരിശീലകന്‍, കേരള അണ്ടര്‍ 19, അണ്ടര്‍ 16 ടീമുകളുടെ മുഖ്യപരിശീലകന്‍, 2019ലെ കേരള രഞ്ജി ട്രോഫി ടീമിന്റെ ബൗളിങ് പരിശീലകന്‍, പോണ്ടിച്ചേരി രഞ്ജി ട്രോഫി ടീമിന്റെ സെലക്ടര്‍ എന്നീ നിലകളിലും അദ്ദേഹം പരിചയസമ്പന്നനാണ്.

2015ലെ ക്രിക്കറ്റ് ലോകകപ്പിന്റെ ഭാഗമായുള്ള സ്റ്റാര്‍ സ്‌പോര്‍ട്‌സ് വിദഗ്ധ പാനലിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ജിയോ സിനിമ അനലിസ്റ്റ്, എക്‌സ്‌പേര്‍ട് പാനലിലും അംഗമായിരുന്ന സോണി ചെറുവത്തൂര്‍ മികച്ച ക്രിക്കറ്റ് കമന്റേറ്റര്‍ കൂടിയാണ്.

Advertisment