മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കാൻ നിയമ നിർമ്മാണത്തിന് കേരളം. ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാൻ അനുമതി തേടി കേന്ദ്രത്തെ സമീപിക്കും. കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവും തുടരും. കേന്ദ്രനിയമം ഉള്ളതിനാൽ സംസ്ഥാനങ്ങൾക്ക് മാത്രമായി പ്രത്യേക നിയമനിർമ്മാണം അസാദ്ധ്യം. സർക്കാർ നീക്കം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ മുന്നിൽകണ്ട്

മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാൻ അനുമതി തേടി കേന്ദ്രത്തെ സമീപിക്കാൻ നേരത്തേ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഈ ആവശ്യം നേരത്തെ തന്നെ കേന്ദ്രം തള്ളിയതാണ്.

New Update
wild annimals
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവി സംഘർഷം പരിഹരിക്കാൻ കേരളം നിയമനിർമ്മാണം നടത്തും. ഇതിനായുള്ള കരട് ബില്‍ നിയമവകുപ്പിന്‍റെ പരിഗണനയിലാണ്. ഇന്നു ചേർന്ന എം.പിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായാണ് യോഗം ചേർന്നത്.

Advertisment

വന്യജീവി സംരക്ഷണ നിയമത്തിലെ 11-ാം വകുപ്പിൽ നിഷ്കർഷിച്ചിട്ടുള്ള കാര്യങ്ങളിൽ പ്രാദേശിക ആവശ്യങ്ങൾ കണക്കിലെടുത്ത് ലഘൂകരണം നൽകാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരം നൽകുന്ന നിയമ ഭേദഗതി അടിയന്തരമായി വരുത്തുന്നതിനും നഷ്ടപരിഹാരത്തിനുള്ള കേന്ദ്ര വിഹിതം ലഭ്യമാക്കുന്നതിന് ആവശ്യം ഉന്നയിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. 


മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാൻ അനുമതി തേടി കേന്ദ്രത്തെ സമീപിക്കാൻ നേരത്തേ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഈ ആവശ്യം നേരത്തെ തന്നെ കേന്ദ്രം തള്ളിയതാണ്.

കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം നേരത്തേ തള്ളിയിരുന്നു. ക്ഷുദ്ര ജീവിയായി പ്രഖ്യാപിച്ചാൽ, നിയമത്തിലെ ഉപാധികൾ പാലിക്കാതെ കൊല്ലാൻ കഴിയും.


ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള അധികാരം വന്യജീവി സംരക്ഷണ നിയമത്തിലെ 62-ാം വകുപ്പ് പ്രകാരം കേന്ദ്ര സർക്കാരിന് മാത്രമാണ്. കടുവ, കാട്ടാന തുടങ്ങിയ വന്യജീവികൾ സംരക്ഷിത വിഭാഗത്തിൽ ഉൾപ്പെടുന്നവയും. അതിനാൽ സംസ്ഥാനങ്ങൾക്ക് മാത്രമായി പ്രത്യേക നിയമ നിർമ്മാണം അസാദ്ധ്യമാണെന്ന് വിലയിരുത്തപ്പെടുന്നു.


നിലവിൽ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന വന്യജീവികളെ കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് ഉത്തരവിടാം. പക്ഷേ, വന്യജീവി ജനവാസകേന്ദ്രത്തിലാണെന്നും അപകടകാരിയാണെന്നും ജില്ലാ മജിസ്ട്രേറ്റിന്റെ റിപ്പോർട്ട് ലഭിക്കണം. ഇതിന് കാലതാമസമെടുക്കും.

സിആർപിസി 133-1-എഫ് പ്രകാരം കളക്ടർക്ക് ശല്യകാരിയായ ജീവിയെ കൊല്ലാൻ ഉത്തരവിടാം. പക്ഷേ, കളക്ടറുടെ ഉത്തരവ് വന്യജീവിസംരക്ഷണനിയമത്തിന് വിരുദ്ധമാവും. കളക്ടർ ഉത്തരവിട്ടാലും വൈൽഡ് ലൈഫ് വാർഡന്റെയും അനുമതി വേണ്ടിവരും.


കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവ് തദ്ദേശസ്ഥാപന അദ്ധ്യക്ഷന്മാർക്കും സെക്രട്ടറിമാർക്കും പുറപ്പെടുവിക്കാം. സമാനമായ രീതിയിൽ കുരങ്ങുകൾ, മുള്ളൻപന്നി തുടങ്ങിയവ അടക്കമുള്ളവയെ കൊല്ലാനാണ് കേന്ദ്രാനുമതി തേടുക.


അപകടകാരികളായ മൃഗങ്ങളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനും ജനനനിയന്ത്രണത്തിനും സംസ്ഥാനത്തിന് അധികാരം ലഭിക്കുന്ന തരത്തിൽ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുന്നതും സർക്കാരിന്റെ പരിഗണനയിലാണ്.

infam rally

വന്യമൃഗങ്ങളുടെ ആക്രമണത്തിനെതിരെ പ്രതിഷേധിച്ച് ഇന്‍ഫാം നടത്തിയ റാലി

എ.ജിയുമായും നിയമസെക്രട്ടറിയുമായും കൂടിയാലോചിച്ച് നിയമഭേദഗതിക്ക് നിർദ്ദേശം തയ്യാറാക്കാൻ വനം അഡി.ചീഫ്സെക്രട്ടറിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. ഇതിലാണ് ഇപ്പോൾ പുരോഗതിയുണ്ടായത്. 

നിയമഭേദഗതിക്ക് സംസ്ഥാനത്തിന് അധികാരമില്ലെന്നാണ് നേരത്തേ നിയമോപദേശം കിട്ടിയിരുന്നത്.


എന്നാൽ 42-ാം ഭരണഘടനാഭേദഗതി പ്രകാരം കേന്ദ്രത്തിനും സംസ്ഥാനത്തിനും അധികാരമുള്ള സമാവർത്തിപട്ടികയിലുള്ള വിഷയമായതിനാൽ ഭേദഗതിയാവാമെന്നാണ് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. ഇതുപ്രകാരമാണ് സർക്കാർ നിയമ ‌നിർമ്മാണത്തിന് ഒരുങ്ങുന്നത്. 


എംപിമാരുടെ യോഗത്തിലെ മറ്റു തീരുമാനങ്ങൾ

സംസ്ഥാനത്തെ റെയിൽ വികസനത്തെക്കുറിച്ച് വിശദമായ മെമ്മോറാണ്ടം കേന്ദ്ര റെയിൽവേ മന്ത്രിയെ നേരിൽകണ്ട് മുഖ്യമന്ത്രി സമർപ്പിച്ചിരുന്നു.

അതിന്റെ തുടർച്ചയായി തലശ്ശേരി - മൈസൂർ, നിലമ്പൂർ - നഞ്ചൻഗുഡ് റെയിൽ പദ്ധതി, കാഞ്ഞങ്ങാട് - പാണത്തൂർ - കണിയൂർ റെയിൽവേ ലൈൻ, അങ്കമാലി - എരുമേലി - ശബരി റെയിൽവേ ലൈൻ, സംസ്ഥാനത്ത് മൂന്നാമതും നാലാമതും റെയിൽവേ ലൈനുകൾ അനുവദിക്കുന്നത്, കൊച്ചി മെട്രോ - എസ്‌.എൻ ജംഗ്ഷൻ മുതൽ തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ വരെ നീട്ടുന്നതിനുള്ള തുക അനുവദിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

നിലവിലെ പ്രശ്നങ്ങൾ സംസ്ഥാന ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തി കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനുള്ള സഹകരണം എല്ലാ പാർലമെന്റംഗങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി കൂട്ടിചേർത്തു.


സംസ്ഥാനത്തിന്റെ താൽപര്യം സംരക്ഷിക്കുന്നതിനാവശ്യമായ ഇടപെടൽ കക്ഷി രാഷ്ട്രീയത്തിനതീതമായി സ്വീകരിക്കുമെന്ന് എം പിമാർ മുഖ്യമന്ത്രിയെ അറിയിച്ചു. നാടിന്റെ പൊതുവായ കാര്യങ്ങളിൽ യോജിച്ച് ഇടപെടണമെന്നും യോഗം അഭിപ്രായപ്പെട്ടു.


ഗ്യാരണ്ടി റിഡംഷൻ ഫണ്ടിൻ്റെ പേരിൽ കടമെടുപ്പ് തുക വെട്ടിക്കുറച്ചത്, ഐ.ജി.എസ്.ടിയിൽ 965 കോടി രൂപ വെട്ടിക്കുറച്ചത്, സംസ്ഥാനത്തിൻ്റെ കടമെടുപ്പ് പരിധി 3.5 ശതമാനമായി ഉയർത്തുക, കിഫ്ബി, പെൻഷൻ കമ്പനി എന്നിവ എടുക്കുന്ന വായ്പ കടപരിധിയിൽ നിന്നും ഒഴിവാക്കൽ, ജല ജീവൻ മിഷൻ്റെ സംസ്ഥാന വിഹിതത്തിനു തുല്യമായ തുക നിലവിലെ കടമെടുപ്പ് പരിധിക്കു ഉപരിയായി അനുവദിക്കുന്നത് ഉൾപ്പടെയുള്ള ധനകാര്യ വിഷയങ്ങളിൽ ഇടപെടൽ നടത്താൻ യോഗം തീരുമാനിച്ചു.

അടിസ്ഥാന സൗകര്യ വികസന പദ്ധതികളായ ഗിഫ്റ്റ് സിറ്റി (ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ആൻഡ് ട്രേഡ് സിറ്റി), കൊച്ചി-ബാംഗ്ലൂർ ഇൻഡസ്ട്രിയൽ കോറി ഡോറിന് കീഴിൽ ഗ്ലോബൽ സിറ്റി ഘടകത്തെ ബന്ധിപ്പിക്കണം, ലോജിസ്റ്റിക് പാർക്കുകൾ സ്ഥാപിക്കുന്നതിന് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ലഭ്യമാക്കുന്നതിലും കണക്ടിവിറ്റി ഇൻഫ്രാസ്ട്രക്ടർ പൂർത്തീകരിക്കുന്നതിലും സമയബന്ധിതമായ കേന്ദ്ര പിന്തുണ തേടുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും യോഗത്തിൽ ധാരണയായി.

ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്  കേരളത്തിൽ അനുവദിക്കുന്നതിനുള്ള നടപടി, വയ വന്ദന യോജന പദ്ധതിയുടെ പ്രിമിയം തുക വർദ്ധനവ്, നാഷണൽ ഹെൽത്ത് മിഷൻ്റെ ഭാഗമായി കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കേണ്ട കുടിശ്ശിക ലഭ്യമാക്കൽ, ആശാ വർക്കർമാരെ ഹെൽത്ത് വർക്കർമാരാക്കണമെന്ന ആവശ്യം എന്നിവയും ചര്‍ച്ച ചെയ്തു.

ബ്രഹ്മോസ് പദ്ധതി സംസ്ഥാനത്ത് നിലനിർത്തുന്നത്, വിദേശ വിമാന കമ്പനികൾക്ക് കണ്ണൂർ എയർപോർട്ടിൽ നിന്ന് സർവ്വീസ് നടത്താനുള്ള 'പോയിൻ്റ് ഓഫ് കോൾ" ലഭ്യമാക്കൽ, സംസ്ഥാനത്തെ ദേശീയപാതാ വികസനം, ദേശീയ ജലപാത-3ന്റെ എക്സ്റ്റൻഷൻ ആയി പ്രഖ്യാപിച്ചിട്ടുള്ള കോട്ടപ്പുറം മുതൽ കോഴിക്കോട് വരെയുള്ള ജലപാത ദേശീയ നിലവാരത്തിലേയ്ക്ക് ഉയർത്തുന്നത്, തീരദേശ സംരക്ഷണത്തിനായുള്ള കടൽഭിത്തി നിർമ്മാണം തുടങ്ങിയ വിഷയങ്ങളും യോഗം ചർച്ച ചെയ്തു.


കടൽ ഭിത്തി നിർമ്മാണത്തിനോടൊപ്പം തീരത്തെ മത്സ്യത്തൊഴിലാളികളുടെ ജീവനും, സ്വത്തും സംരക്ഷിക്കുന്നതിനായുള്ള വിവിധ പ്രൊപ്പോസൽ കേന്ദ്ര സർക്കാരിനു സമർപ്പിച്ചതിന്മേൽ നടപടി സ്വീകരിക്കണം, സംസ്ഥാനത്തിന് ടൈഡ് ഓവർ വിഹിതത്തിൽ കൂടുതൽ ഭക്ഷ്യധാന്യങ്ങൾ അനുവദിക്കുക തുടങ്ങിയവയിൽ സ്വീകരിക്കേണ്ട നടപടികൾ സംയുക്തമായി ഏകോപിപ്പിക്കുമെന്നും പാർലമെന്റംഗങ്ങൾ  മുഖ്യമന്ത്രിയെ അറിയിച്ചു.


കാർഷിക ഉൽപ്പനങ്ങൾ ഇറക്കുമതി ചെയ്യാൻ സഹായകമാകുന്ന അമേരിക്കയുമായി നടത്താൻ ഉദ്ദേശിക്കുന്ന കരാറിൽ സംസ്ഥാനത്തിന്റെ പ്രതിഷേധം അറിയിക്കണമെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി പ്രധാനമന്ത്രി കത്തയക്കണമെന്നും യോഗം തീരുമാനിച്ചു.

യോഗത്തിൽ മന്ത്രിമാരായ പി പ്രസാദ്, ജി ആർ അനിൽ, എ കെ ശശീന്ദ്രൻ, പി രാജീവ്, കെ എൻ ബാലഗോപാൽ, കെ കൃഷ്ണൻകുട്ടി, സജി ചെറിയാൻ, പി എ മുഹമ്മദ് റിയാസ്, ഒ ആർ കേളു, എം പിമാരായ കെ രാധാകൃഷ്ണൻ, ഇ ടി മുഹമ്മദ്‌ ബഷീർ, പി പി സുനീർ, വി ശിവദാസൻ, ജോൺ ബ്രിട്ടാസ്, ജോസ് കെ മാണി, കൊടിക്കുന്നിൽ സുരേഷ്, രാജ് മോഹൻ ഉണ്ണിത്താൻ, ഡീൻ കുര്യാക്കോസ്, ആന്റോ ആന്റണി, ബെന്നി ബഹന്നാൻ, എം കെ രാഘവൻ, അടൂർ പ്രകാശ്, കെ. ഫ്രാൻസിസ് ജോർജ്, വി. കെ ശ്രീകണ്ഠൻ, ഹാരിസ് ബീരാൻ, ഷാഫി പറമ്പിൽ എന്നിവർ യോഗത്തിൽ സംസാരിച്ചു.

Advertisment