തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെ അപകടകരമായ സ്ഥിതിയിലുള്ളതും ഉപയോഗശൂന്യവുമായ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ ആവശ്യപ്പെട്ടു.
പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജുകളില്‍ വരെ നിരവധി ബഹുനില കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും വര്‍ദ്ധിച്ച സാഹചര്യത്തില്‍, അപകടകരമായ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റേണ്ടതാണ്.
കോട്ടയം മെഡിക്കല്‍ കോളേജില്‍ പഴയ കെട്ടിടം തകര്‍ന്ന് ഒരാള്‍ മരണമടഞ്ഞ സാഹചര്യത്തില്‍ ഇക്കാര്യം സര്‍ക്കാര്‍ ഗൗരവപൂര്‍വ്വം കാണേണ്ടതാണ്.
പല സര്‍ക്കാര്‍ ആശുപത്രികളിലും ഉപയോഗിക്കപ്പെടാത്ത പല കെട്ടിടങ്ങളും അറ്റകുറ്റപ്പണികള്‍ നടത്തി ഉപയോഗയോഗ്യമാക്കാവുന്നതാണ്.
അതുപോലെ ആംബുലന്‍സുകള്‍, പഴയ ഉപകരണങ്ങള്‍ ആടക്കമുള്ള ആശുപത്രി വക വസ്തുക്കള്‍ ആറ്റകുറ്റപ്പണികള്‍ നടത്താനോ അല്ലാത്തവ ലേലം ചെയ്ത് കൊടുക്കാനോ നിര്‍ദ്ദേശം നല്‍കേണ്ടതാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലുമടക്കം പല സര്‍ക്കാര്‍ ആശുപത്രികളിലും ഉപയോഗിക്കാത്ത പഴയ ഉപകരണങ്ങള്‍ തുരുമ്പെടുത്ത് നശിക്കുകയാണ്.
ഇക്കാര്യത്തില്‍ കൃത്യമായ കണക്കെടുപ്പ് നടത്തി റിപ്പോര്‍ട്ട് ചെയ്യാനും അനന്തര നടപടികള്‍ സ്വീകരിക്കാനും ആശുപത്രി സൂപ്രണ്ട്മാര്‍ക്ക് കര്‍ശ്ശന നിര്‍ദ്ദേശം നല്‍കേണ്ടതാണ്.
പല സര്‍ക്കാര്‍ ആശുപത്രികളിലും ട്രോളി തള്ളുന്നതടക്കം രോഗികളുടെ കൂട്ടിരിപ്പുകാര്‍ ചെയ്യേണ്ടതായി വരുന്നുണ്ട്.
ആശുപത്രികളില്‍ ഡോക്ടര്‍മാരുടേയും അനുബന്ധ സ്റ്റാഫുകളുടേയും കുറവ് നികത്തുന്നതിനും, രോഗികള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും, ആശുപത്രി ജീവനക്കാരും സെക്യൂരിറ്റി ജീവനക്കാരും രോഗീസൗഹൃദം ആണെന്ന് ഉറപ്പുവരുത്തുന്നതിനും, ആശുപത്രി വികസന സമിതികള്‍ കൃത്യമായി ചേരുന്നതിനും അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കാരുണ്യ ചികിത്സാ പദ്ധതി മുന്‍ സംസ്ഥാന കോഡിനേറ്റര്‍ കൂടിയായ കെ. ആനന്ദകുമാര്‍ ആവശ്യപ്പെട്ടു.