തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ കൂടുതൽ ജനപ്രതിനികളെ സൃഷ്ടിക്കാനുള്ള നീക്കവുമായി ലത്തിൻ സഭ രംഗത്ത്. ഇതിനായി തലസ്ഥാന ജില്ലയിൽ പ്രാദേശിക രാഷ്ട്രീയ സമിതി രൂപീകരിച്ചു. സഭാ വിശ്വാസികളിൽ നിന്നും കൂടുതൽ ജനപ്രതിനിധികളെ സൃഷ്ടിക്കാനാണ് സഭ ഒരുങ്ങുന്നത്.
ഇതിനായി ജില്ലയെ അഞ്ച് മേഖലകളായി തിരിച്ചാണ് പ്രാദേശിക രാഷ്ട്രീയ സമിതി പ്രവർത്തനം തുടങ്ങിയത്. പലപ്പോഴും തദ്ദേശ സ്ഥാപനങ്ങളിലേക്ക് ലത്തീൻ സഭാ വിശ്വാസികൾ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടാലും പ്രധാന പദവികളിൽ നിന്നും അവരെ മാറ്റി നിർത്തുന്നുവെന്ന പരാതിയാണ് എക്കാലത്തും സഭയ്ക്കുള്ളത്. ഇത്തവണ അത് പരിഹരിക്കാനുള്ള നീക്കമാണ് കാലേകൂട്ടി സഭ നടത്തുന്നത്.
വർക്കല - ചിറയിൻകീഴ്, പുതുക്കുറിച്ചി - കഠിനംകുളം, പള്ളിത്തുറ - വിഴിഞ്ഞം, മലമുകൾ - കഴക്കൂട്ടം, കോട്ടുകാൽ പഞ്ചായത്ത് - കൊളത്തൂർ പഞ്ചായത്ത് എന്നിങ്ങനെ അഞ്ച് മേഖലകളാക്കി തലസ്ഥാന ജില്ലയിലെ സഭയുടെ ശക്തികേന്ദ്രങ്ങളെ തിരിച്ചാണ് പ്രവർത്തനം തുടങ്ങിയിട്ടുള്ളത്.
/filters:format(webp)/sathyam/media/media_files/2025/07/07/latin-sabha-meeting-2025-07-07-17-07-32.jpg)
ലത്തീൻ സഭാ വികാരി ജനറൽ യൂജിൻ പെരേര നേരിട്ടാണ് യോഗങ്ങളിൽ പങ്കെടുത്ത് വേണ്ട മാർഗനിർദ്ദേശങ്ങൾ സഭാംഗങ്ങൾക്ക് നൽകുന്നത്. എണ്ണത്തിൽ കൂടുതലാണെങ്കിലും പസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ തുടങ്ങി പ്രധാന പദവികൾ നൽകാത്തത് പരിഹരിക്കാൻ ഇത്തരം ഇടപെടലേ ഇനി മാർഗമുള്ളൂവെന്നാണ് സഭാ നേതൃത്വം വ്യക്തമാക്കുന്നത്.
എല്ലാ രാഷ്ട്രീയ പാർട്ടികളിലും സഭാ വിശ്വാസികൾക്ക് പ്രാതിനിധ്യം വേണമെന്നും സഭയിൽ നിന്നും കൂടുതൽ ജനപ്രതിനിധികൾ ഉണ്ടാവണമെന്നുമാണ് നിർദ്ദേശമെന്നും സഭാ വൃത്തങ്ങൾ വ്യക്തമാക്കുന്നു.
മുമ്പ് മുനമ്പം ഭൂമി പ്രശ്‌നം വഖഫ് ബില്ലിലൂടെ പരിഹരിക്കാമെന്ന് വ്യക്തമാക്കി ബി.ജെ.പി സഭാ വിശ്വാസികളിൽ കടന്നുകയറാൻ ഇടപെടൽ നടത്തിയിരുന്നു. എന്നാൽ വഖഫ് ബിൽ പാസായിട്ടും മുനമ്പം ഭൂമി പ്രശ്‌നം പരിഹരിക്കാതിരുന്നതോടെ സഭയെ ബി.ജെ.പി വഞ്ചിച്ചുവെന്ന വികാരമാണ് അവർ പ്രകടിപ്പിക്കുന്നത്.
കേന്ദ്രമന്ത്രിയടക്കമുള്ളവർ തങ്ങളെ പറഞ്ഞു പറ്റിച്ചുവെന്നാണ് അവർ പുറത്തുവിടുന്ന വികാരം. അതുകൊണ്ട് തന്നെ നേരിട്ട് രാഷ്ട്രീയത്തിൽ ഇടപെടുന്നില്ലെങ്കിലും സഭാ വിശ്വാസികളുടെ പ്രാതിനിധ്യം ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളിൽ വേണമെന്ന രീതിയിൽ സഭ നീക്കം തുടങ്ങിയിട്ടുള്ളത്.
സംസ്ഥാനത്താകെ ലത്തീൻ സഭയ്ക്ക് ശക്തിയുള്ള പ്രദേശങ്ങളിൽ ഇത്തരം പ്രാദേശിക സമിതികൾ രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്.