/sathyam/media/media_files/2025/07/07/amit-shah-2025-07-07-18-41-04.jpg)
തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശത്തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 200 പഞ്ചായത്തുകളിൽ ഭരണത്തിലേറാൻ ലക്ഷ്യമിട്ട് ബി.ജെ.പി. ഇതിന് പുറമേ തിരുവനന്തപുരവും തൃശ്ശൂരൃമടക്കം പത്ത് നഗരസഭകളിലും അധികാരത്തിലെത്താനാണ് പാർട്ടി നീക്കം തുടങ്ങിയിട്ടുള്ളത്. ഇതിന് മുന്നോടിയായി സംഘടനാതല പ്രചാരണ പരിപാടിയായ മിഷൻ 2025ന് ഔദ്യോഗികമായി തുടക്കമിടും.
ഈ മാസം 12ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത് നടക്കുന്ന വാർഡ് തല പ്രതിനിധികളുടെ യോഗത്തിൽ തദ്ദേശത്തിരഞ്ഞെടുപ്പ് ലക്ഷ്യങ്ങൾ പ്രഖ്യാപിക്കും. തലസ്ഥാനത്തെ 5000 വാർഡ് തല പ്രതിനിധികൾ നേരിട്ട് പങ്കെടുക്കുന്ന യോഗത്തിൽ മറ്റ് ജില്ലകളിലെ ്രപതിനിധികൾ ഓൺലൈനായി പങ്കെടുക്കും.
സംസ്ഥാനത്തെ 17000 വാർഡുകളിൽ ബി.ജെ.പിക്ക് ഭാരവാഹികളുണ്ട്. ഇതിൽ 10000 വാർഡുകളിലാണ് ജയം ലക്ഷ്യമിടുന്നത്. നിലവിൽ 1650 ഇടങ്ങളിലാണ് ബി.ജെ.പിക്ക് പഞ്ചായത്തംഗങ്ങളുള്ളത്. ആകെ 21 പഞ്ചായത്തുകളാണ് പാർട്ടി നിലവിൽ സംസ്ഥാനത്ത് ഭരിക്കുന്നത്. ഇത് 200 ആക്കണമെന്നതാണ് മിഷൻ 2025ലൂടെ ലക്ഷ്യം വെയ്ക്കുന്നത്.
രാജീവ് ചന്ദ്രശേഖർ പാർട്ടി സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേറ്റ ശേഷം ഓരോ വാർഡിലും വികസിത ടീമെന്ന പേരിൽ പ്രത്യേകം തിരഞ്ഞെടുത്ത 5 അംഗങ്ങളാവും അമിത്ഷായുടെ പരിപാടിയിൽ പങ്കെടുക്കുക.
വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നത് മുതൽ ഓരോ വാർഡിലും സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുന്നത് എങ്ങനെയെന്നത് വരെയുള്ള പ്രവർത്തനത്തിന്റെ ഏകോപനമാണ് ഇവർ ചെയ്യുന്നത്. പാർട്ടി വാർഡ് ഭാരവാഹികൾക്ക് പുറമേയാണ് ഇവരുടെ പ്രവർത്തനം.
ഇവർക്ക് പുറമേ വരാഹി എന്ന സ്വകാര്യ പി.ആർ ഏജൻസിയും കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കും. ഓരോ വാർഡിനും പഞ്ചായത്തിനുമായി പ്രത്യേകം പ്രകടനപത്രിക പുറത്തിറക്കിയാവും തദ്ദേശത്തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ഊർജ്ജിതമാക്കുക.
നിലമ്പൂർ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയം തദ്ദേശത്തിരഞ്ഞെടുപ്പിലൂടെ മറികടന്ന് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒന്നിലധികം സീറ്റ് പിടിക്കാനാണ് പാർട്ടിയുടെ നീക്കം. തദ്ദേശ - നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് വലിയ ഫണ്ടിംഗാണ് കേന്ദ്രനേതൃത്വം ഉറപ്പ് നൽകിയിട്ടുള്ളത്.
പണമൊഴുക്കി കേരളത്തിൽ കൂടുതൽ സീറ്റ് നേടണമെന്നും ഗാന്ധി കുടുംബം മത്സരിക്കുന്ന കേരളത്തിൽ കോൺഗ്രസിനെ ദുർബലമാക്കണമെന്നും ബി.ജെ.പി കേന്ദ്രനേതൃത്വം തീരുമാനമെടുത്തു കഴിഞ്ഞു.