വലിയ വികസന പരിപാടികളിലേക്ക് പോകാതെ ക്ഷേമപദ്ധതികളിൽ ശ്രദ്ധയൂന്നാന്‍ സിപിഎമ്മിന് തെരെഞ്ഞെടുപ്പ് തന്ത്രജ്ഞരുടെ നിര്‍ദേശം. ഓണശേഷം ക്ഷേമ പെൻഷൻ 150 രൂപയെങ്കിലും വർദ്ധിപ്പിച്ച് 1750 രൂപയാക്കിയേക്കും. സൗജന്യ ഓണക്കിറ്റും സ്പെഷ്യൽ അരി വിതരണത്തിനും നീക്കം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ആശ്വാസ പദ്ധതി - തെരെഞ്ഞെടുപ്പ് തന്ത്രങ്ങളിലേയ്ക്ക് കടന്ന് എല്‍ഡി എഫ്

രണ്ടാം പിണറായി സർക്കാർ അവസാന മാസങ്ങളിലേക്ക് കടക്കുന്ന സാഹചര്യത്തിൽ ഇനി വലിയ വികസന പരിപാടികളിലേക്ക് പോകാതെ ക്ഷേമപദ്ധതികളിൽ ശ്രദ്ധയൂന്നാനാണ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞരിൽ നിന്ന് സർക്കാരിനും സിപിഎമ്മിനും ലഭിച്ചിരിക്കുന്ന നിർദ്ദേശം. 

New Update
pinarai 3.0
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സംസ്ഥാന രാഷ്ട്രീയം നിയമസഭാ തിരഞ്ഞെടുപ്പിൻെറ ചൂടിലേക്ക് കടക്കുന്നു. ഭരണവുമായി ബന്ധപ്പെട്ട പിഴവുകൾ ചൂണ്ടിക്കാട്ടിയും രാഷ്ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെട്ടും പ്രതിപക്ഷം നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുളള അന്തിമ പോരാട്ടത്തിലേക്ക് ഗിയ‍ർ മാറ്റിക്കഴിഞ്ഞു.

Advertisment

9 കൊല്ലമായി ഭരണത്തിലിരിക്കുന്നവ‍ർ എന്ന നിലയിൽ ഭരണരംഗത്ത് ദൃശ്യമാകുന്ന പോരായ്മകളുടെയും വീഴ്ചകളുടെയും സർവ ഉത്തരവാദിത്തവും പേറേണ്ടിവരുന്ന ഇടതുപക്ഷ മുന്നണി സ്വാഭാവികമായും പ്രതിരോധത്തിലാണ്.


ഭരണവിരുദ്ധ വികാരം ഇല്ലെന്ന് സമർത്ഥിക്കാനും ഏതെങ്കിലും കോണിൽ ദൃശ്യമായാൽ തന്നെ, അതിനെ മുളയിലെ നുളളിക്കളയാനുമാണ് എൽ.ഡി.എഫിൻെറ ശ്രമം.


2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർഭരണത്തിന് വഴിയൊരുക്കിയ ക്ഷേമപദ്ധതികൾ ആവർത്തിച്ച് കൊണ്ട് ഭരണവിരുദ്ധ വികാരം ഇല്ലാതാക്കാനാണ് സർക്കാരിൻെറ ശ്രമം.

രണ്ടാം പിണറായി സർക്കാർ അവസാന മാസങ്ങളിലേക്ക് കടക്കുന്ന സാഹചര്യത്തിൽ ഇനി വലിയ വികസന പരിപാടികളിലേക്ക് പോകാതെ ക്ഷേമപദ്ധതികളിൽ ശ്രദ്ധയൂന്നാനാണ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞരിൽ നിന്ന് സർക്കാരിനും സിപിഎമ്മിനും ലഭിച്ചിരിക്കുന്ന നിർദ്ദേശം. 


ഇതിൻെറ ഭാഗമായി ക്ഷേമപെൻഷൻ തുക വർദ്ധിപ്പിക്കും. ഓണത്തിനോ അതിന് ശേഷമോ ക്ഷേമ പെൻഷൻ കുറഞ്ഞത് 150 രൂപയെങ്കിലും വർദ്ധിപ്പിക്കാനാണ് ധാരണ. ഇപ്പോൾ പ്രതിമാസം നൽകുന്ന 1600 രൂപ പെൻഷനിൽ 150 രൂപയുടെ വർദ്ധനവ് വരുത്തുമ്പോൾ ആകെ തുക 1750 രൂപയായി ഉയരും.


ഓണത്തിന് പെൻഷൻ വർദ്ധനവ് പ്രഖ്യാപിച്ചാൽ അഘോഷ തിമിർപ്പിനിടയിൽ മുങ്ങിപ്പോകുമോയെന്ന് സ‌ർക്കാരിന് ആശങ്കയുണ്ട്. അതുകൊണ്ടാണ് ഓണം കഴിഞ്ഞ് വർദ്ധനവ് പ്രഖ്യാപിക്കുന്നത് പരിഗണിക്കുന്നത്. തദ്ദേശ ഭരണതിരഞ്ഞെടുപ്പ് ജയിക്കാനുളള എൽ.ഡി.എഫിൻെറ വജ്രായുധമാണ് ക്ഷേമപെൻഷൻ വർദ്ധിപ്പിക്കൽ.

നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഒരു വർദ്ധനവ് കൂടി വരുത്തുന്നതും സ‍ർക്കാരിൻെറ പരിഗണനയിലുണ്ട്. മുൻവർഷത്തേപോലെ തന്നെ ഓണത്തിന് എ.എ.വൈ കാർഡ് ഉടമകൾക്ക് സൗജന്യ ഓണക്കിറ്റ് നൽകാനും പദ്ധതിയിട്ടിട്ടുണ്ട്. മറ്റ് കാർഡുടമകൾക്ക് സ്പെഷ്യൽ അരി വിതരണം ചെയ്യാനും ആലോചന ഉണ്ട്.

കേന്ദ്രത്തിൽ നിന്ന് അരി ലഭിക്കാനുളള സാധ്യതതേടി ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ ഡൽഹിക്ക് പോയി വന്നത് ഈ ലക്ഷ്യം വെച്ചായിരുന്നു. എന്നാൽ ഓണത്തിന് അധികം അരി എന്ന ആവശ്യം കേന്ദ്രം നിഷ്ക്കരുണം തളളിക്കളഞ്ഞു. 


ഭരണവിരുദ്ധ വികാരം ഏറ്റവും കൂടുതൽ ഉളളത് സർക്കാർ ജീവനക്കാർക്കിടയിൽ ആണെന്ന തിരിച്ചറിവിൽ കുടിശിക ആയിക്കിടക്കുന്ന ആനുകൂല്യങ്ങൾ നൽകുന്നതും സർക്കാർ ഗൗരവമായി പരിഗണിക്കുന്നുണ്ട്. ഡി.എ കുടിശികയാണ് സർക്കാർ ജീവനക്കാർക്കിടയിലെ അതൃപ്തിയുടെ പ്രധാന കാരണം.


അതുകൊണ്ടുതന്നെ ഡി.എ കുടിശിക കുറച്ചെങ്കിലും വിതരണം ചെയ്യാനുളള പ്രഖ്യാപനവും ഓണത്തിനോ അതിന് ശേഷമോ ഉണ്ടാകും. വികസന പദ്ധതികൾക്കായി നീക്കിവെച്ചിരിക്കുന്ന പണം കുടിശിക നീക്കുന്നതിലേക്ക് വകമാറ്റുമെന്നാണ് സൂചന.

ശമ്പള പരിഷ്കരണ കമ്മീഷനെ നിയോഗിച്ചും സർക്കാർ ജീവനക്കാരുടെ പിന്തുണ നേടാൻ ശ്രമം നടത്തിയേക്കും. കമ്മീഷനെ പ്രഖ്യാപിച്ചാൽ റിപോർട്ട് ലഭിക്കണമെങ്കിൽ കുറഞ്ഞത് 9 മാസമെങ്കിലും എടുക്കും.


അതോടെ ശമ്പള പരിഷ്കരണ ബാധ്യത അടുത്ത സർക്കാരിൻെറ തലയിലാക്കി രക്ഷപ്പെടുകയും ചെയ്യാം എന്നതാണ് തന്ത്രം. ക്ഷേമനിധി ബോർഡുകളിൽ നിന്ന് അംശാദായമടച്ചവ‍ർക്ക് നൽകാനുളള കുടിശികയും കൊടുത്തുതീർക്കാനുളള പ്രഖ്യാപനവും ഓണക്കാലത്തോടെ പ്രതീക്ഷിക്കാം.


തദ്ദേശഭരണ തിരഞ്ഞെടുപ്പിന് സംഘടനാപരമായ ഒരുക്കങ്ങൾ തുടങ്ങിവെച്ച് കൊണ്ട് മുന്നണി പ്രവർത്തകരെ സജീവമാക്കാനും എൽ.ഡി.എഫ് നടപടി തുടങ്ങിയിട്ടുണ്ട്. സംസ്ഥാനതലം മുതൽ ജില്ലാതലം വരെ ശിൽപ്പശാലകൾ സംഘടിപ്പിച്ചുകൊണ്ടാണ് സി.പി.എം തിരഞ്ഞെടുപ്പ് ഒരുക്കത്തിലേക്ക് കടക്കുന്നത്.

കോൺഗ്രസും ലീഗും മണ്ഡലം ബ്ളോക്ക് അടിസ്ഥാനത്തിൽ സംഘടനായോഗങ്ങൾ  സംഘടിപ്പിച്ച് കൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടന്നിട്ടുണ്ട്. ബി.ജെ.പിയും തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തയാറെടുപ്പുകൾ തകൃതിയായി നടത്തുന്നുണ്ട്.


പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് ഉത്ഘാടനത്തിനായി ദേശിയ അധ്യക്ഷൻ അമിത് ഷാ എത്തുന്നതോടെ ബി.ജെ.പിയും തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലേക്ക് ഗിയർമാറ്റും. സർക്കാരിൻെറ പോരായ്മകൾ തുറന്നുകാട്ടിയും കേന്ദ്രത്തിൻെറ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിച്ചുകൊണ്ടും തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളെ നേരിടാനാണ് ബി.ജെ.പിയുടെ തീരുമാനം.


പുതിയ സംസ്ഥാന അധ്യക്ഷൻെറ നേതൃത്വത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കുറഞ്ഞത് പത്ത് സീറ്റിലെങ്കിലും ജയിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ബിജെപി ആ നിലയിലേയ്ക്ക് വളര്‍ന്നാല്‍ അതിന്‍റെ നഷ്ടം സംഭവിക്കുക യു ഡി എഫിനായിരിക്കും എന്ന പ്രതീക്ഷയും എല്‍ ഡി എഫിനുണ്ട് .

Advertisment