തിരുവനന്തപുരം: കേരളത്തിൽ ആണ്ടുതോറും നടത്തിവരാറുള്ള ദേശീയ പണിമുടക്ക് ജീവനക്കാർ തള്ളിക്കളഞ്ഞു. കെഎസ്ആർടിസിയിൽ നിലനിൽക്കുന്ന കൊടിയ പീഡനങ്ങളുടെയും ആനുകൂല്യനിഷേധങ്ങളും ശരിയായി മനസ്സിലാക്കിയ ജീവനക്കാരാണ് ഇന്ന് പണിമുടക്കിനെ തള്ളിക്കൊണ്ട് ഡ്യൂട്ടിക്ക് ഹാജരായത്.
സർവീസ് നടത്തുവാൻ ആവശ്യത്തിന് ജീവനക്കാർ ഉണ്ടായിരുന്നിട്ടും മാനേജ്മെൻറ് ബോധപൂർവ്വം സർവീസുകൾ അയക്കാതെ പണിമുടക്കിനെ അനുകൂലിച്ചു.
സാധാരണ എല്ലാ പണിമുടക്കിനും പണിമുടക്കിൽ പങ്കെടുക്കാതെ ഡ്യൂട്ടിക്ക് ഹാജരായ ജീവനക്കാരുടെ വിവരം ട്രേഡ് യൂണിയനുകൾക്കും പത്രങ്ങൾക്കും നൽകുന്നതാണ്. ഇപ്രാവശ്യം അത് മറച്ചുവച്ചുകൊണ്ട് പണിമുടക്കിനെ പൂർണമായും അനുകൂലിക്കുന്ന സമീപനമാണ് മാനേജ്മെൻറ് സ്വീകരിച്ചത്.
അയച്ച സർവീസുകൾക്ക് മതിയായ സുരക്ഷ ഒരുക്കുവാനും മാനേജ്മെൻറ് ശ്രമിച്ചില്ല. അതിൻ്റെ ഫലമായി പല സ്ഥലങ്ങളിലും ജീവനക്കാരെ സമരാനുകൂലികൾ കയ്യേറ്റം ചെയ്യുന്നതും മർദ്ദിക്കുന്നതുമായ അവസ്ഥ ഉണ്ടായിട്ടുണ്ട്.
സമരം ചെയ്യാനുള്ള അവകാശം പോലെ തന്നെ ജോലി ചെയ്യാനുള്ള അവകാശവും ജീവനക്കാർക്കുണ്ട്. സർവീസ് നടത്തിയ ജീവനക്കാരെ മർദ്ദിച്ച സമരാനുകൂലികൾക്കെതിരെ സർക്കാർ നടപടിയെടുക്കണമെന്ന് കെഎസ്‌ടി എംപ്ലോയീസ് സംഘ് ആവശ്യപ്പെട്ടു.