തിരുവനന്തപുരം: സംസ്ഥാന ബി.ജെ.പിയിൽ ശക്തരായിരുന്ന മുരളീധരപക്ഷത്തെ വെട്ടിയൊതുക്കി ഭാരവാഹിപ്പട്ടിക പുറത്ത്. നിലവിലെ ബി.ജെ.പി അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനൊപ്പം ബി.ജെ.പി കേന്ദ്രനേതൃത്വം അടിയുറച്ച് നിന്നതോടെയാണ് മുരളീധരപക്ഷത്തെ അരിഞ്ഞു വീഴ്ത്താൻ രാജീവ് ചന്ദ്രശേഖറിന് കഴിഞ്ഞത്.
പാർട്ടി അദ്ധ്യക്ഷൻ കഴിഞ്ഞാൽ ബി.ജെ.പിയിൽ ഏറ്റവും പ്രാധാന്യമുള്ള ജനറൽ സെക്രട്ടറിമാരിൽ ഒന്ന് പോലും മുരളീധരപക്ഷത്തിന് ലഭിച്ചിട്ടില്ല. എം.ടി രമേശിനെ ഉൾപ്പെടുത്തിയത് വഴി കൃഷ്ണദാസ് പക്ഷം നേട്ടം കൊയ്തു.
പാർട്ടിയിൽ എക്കാലത്തും തഴയപ്പെട്ട ശോഭാ സുരേന്ദ്രൻ ജനറൽ സെക്രട്ടറി സ്ഥാനത്തെത്തിയതും മുരളീധരപക്ഷത്തിന് കനത്ത പ്രഹരമായി. മുരളിപക്ഷത്തിനൊപ്പം നിലയുറപ്പിച്ചിരുന്ന പി.സുധീർ, സി.കൃഷ്ണകുമാർ എന്നിവരെ പാർട്ടി ഉപാധ്യക്ഷസ്ഥാനം നൽകി അക്ഷരാർത്ഥത്തിൽ ഒതുക്കുകയായിരുന്നു.
/filters:format(webp)/sathyam/media/media_files/2025/07/11/sobha-surendarn-pk-krishnadas-2025-07-11-18-24-19.jpg)
സംസ്ഥാനത്ത് ക്രൈസ്തവ വിഭാഗത്തെ പാർട്ടിക്കൊപ്പം എത്തിക്കുന്നതിന്റെ ഭാഗമായുള്ള നീക്കം ഭാരവാഹിപ്പട്ടികയിലും ആവർത്തിച്ചു. ഓർത്തഡോക്‌സ്, മർത്തോമ സഭകൾക്ക് ഏറെ പ്രാധാന്യമുള്ള പത്തനംതിട്ട ജില്ലയിൽ നിന്നും അനൂപ് ആന്റണിയെ മുതിർന്ന നേതാക്കൾക്കൊപ്പം ജനറൽ സെക്രട്ടറിയാക്കിയതും ഇതിന്റെ ഭാഗമാണ്.
മുൻ സംസ്ഥാന അദ്ധ്യക്ഷൻ കൂടിയായ കെ.സുരേന്ദ്രന് പാർലമെന്ററി രംഗത്ത് പദവി നൽകാനാണ് ആലോചന.
ബി.ജെ.പിക്ക് പ്രാമുഖ്യമുള്ള വടക്കേ ഇന്ത്യൻ സംസ്ഥാനത്ത് നിന്നും സുരേന്ദ്രന് രാജ്യസഭാംഗതവം നൽകുന്നതിന് ആലോചനയുണ്ട്. അദ്ദേഹത്തിന് ഇനിയും നേതൃതലത്തിൽ പ്രവർത്തിക്കാൻ അവസരമുള്ളതിനാൽ തന്നെ ഗവർണർ പദവി നൽകാനിടയില്ല.
വി.മുരളീധരന് ഏതെങ്കിലും പദവി നൽകുന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ലെന്നുമാണ് പുറത്ത് വരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്.
നിലവിലെ പുന:സംഘടനയിൽ പൊട്ടിത്തെറി ഉണ്ടാവില്ലെന്നാണ് അനുമാനം. എങ്കിലും മുരളീധരപക്ഷത്തെ വെട്ടിനിരത്തിയതിൽ സംസ്ഥാനത്തെ ഒട്ടേറെ നേതാക്കൾക്ക് അഭിപ്രായവ്യത്യാസമുണ്ട്.
പാർട്ടിയിൽ തലമുറമാറ്റമുണ്ടാക്കാനാണ് നേതൃത്വം ഭാരവാഹിപ്പട്ടികയിലൂടെ ശ്രമിച്ചിട്ടുള്ളത്. മുമ്പ് മുരളിപക്ഷത്തിനൊപ്പം നിലയുറപ്പിച്ചിരുന്ന എസ്. സുരേഷ് ക്യാമ്പ് വിട്ട് രാജീവ് ചന്ദ്രശേഖറിനൊപ്പം ചേർന്നിരുന്നു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലടക്കം പാർട്ടി അദ്ധ്യക്ഷനൊപ്പം എം.ടി രമേശ്, സുരേഷ്, എന്നിവരാണുണ്ടായിരുന്നത്. നാളെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായടക്കം പങ്കെടുക്കുന്ന പരിപാടി ഉള്ളതിനാൽ തന്നെ നിലവിലെ പട്ടികയിൽ അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ പോലും അത് പുറത്ത് വരില്ല.
എന്നാൽ നിലവിലെ നടപടിയിൽ കടുത്ത അമർഷത്തിലാണ് മുരളീധരപക്ഷമുള്ളത്. ഗ്രൂപ്പിനെ നയിക്കുന്ന വി. മുരളീധരനും കെ.സുരേന്ദ്രനും സംസ്ഥാനത്ത് കാര്യമായ ചുമതലകളില്ലാത്തത് അവർക്കൊപ്പം നിൽക്കുന്ന നേതാക്കളെയും നിരാശരാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ പാർട്ടിയിൽ ഉടലെടുത്തിട്ടുള്ള മാറ്റം ബി.ജെ.പി രാഷ്ട്രീയത്തിലും പ്രതിഫലിക്കും.