/sathyam/media/media_files/2025/06/20/sasi-tharoor-controversy-2025-06-20-18-57-59.jpg)
തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് സംസ്ഥാന രാഷ്ട്രീയത്തിൽ മേൽക്കൈ നേടിയ കോൺഗ്രസിനും യു.ഡി.എഫിനും കനത്ത പ്രഹരം നൽകാൻ ബി.ജെ.പി.
നടക്കാനിരിക്കുന്ന തദ്ദേശത്തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രവർത്തകസമിതയംഗമായ ശശി തരൂരിനെ പാർട്ടിയിൽ നിന്നും അടർത്തിമാറ്റി ബി.ജെ.പിയിലെത്താക്കാനുള്ള നീക്കം പാർട്ടി സജീവമാക്കിയിട്ടുണ്ട്.
നിലവിൽ തരൂരിന്റെ ഇന്ദിരാ വിരുദ്ധ ലേഖനത്തിനെതിരെ പാർട്ടിയിൽ കടുത്ത അതൃപ്തിയാണ് നിലനിൽക്കുന്നത്. എന്നാൽ മറ്റ് നടപടികളിലേക്ക് കടക്കാതെ തരൂരിനെ അവഗണിക്കാനാണ് എ.ഐ.സി.സി തീരുമാനം. അദ്ദേഹത്തിനെതിരായ പരസ്യപ്രസ്താവനകളും കോൺഗ്രസ് ദേശീയ നേതൃത്വം വിലക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് തദ്ദേശത്തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തരൂരിനെ ബി.ജെ.പി ക്യാമ്പിലെത്തിക്കാൻ കൊണ്ടുപിടിച്ച ശ്രമമാണ് കേരളത്തിലെ ബി.ജെ.പി നേതാക്കൾ നടത്തുന്നത്. അങ്ങനെ വന്നാൽ നിലവിലെ സംസ്ഥാന രാഷ്ട്രീയത്തിൽ കോൺഗ്രസിനുള്ള മേൽക്കൈ ഇല്ലാതാക്കാമെന്ന് അവർ കരുതുന്നു.
ശശി തരൂരിനെ രാജിവെയ്പ്പിച്ച് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി നിക്ഷ്പക്ഷ വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കാനാണ് ബി.ജെ.പിയുടെ തീരുമാനം. അതിന്റെ ആദ്യപടിയായിരുന്നു തരൂരിന്റെ ഇന്ദിരാ വിമർശനമെന്നും രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.
തരൂർ രാജിവെച്ചാൽ ഉണ്ടാകുന്ന ഉപതിരഞ്ഞെടുപ്പിൽ തങ്ങൾക്ക് ജയിച്ച് കയറാമെന്നും അതുവഴി കോൺഗ്രസിനെ തറപറ്റിക്കാമെന്നുമാണ് ബി.ജെ.പി നേതൃത്വത്തിന്റെ കണക്ക് കൂട്ടൽ.
എന്നാൽ സംസ്ഥാന കോൺഗ്രസ് നേതൃത്വവും വിഷയത്തിൽ ജാഗരൂകരാണ്. തരൂരിനെ മുഖ്യമ്രന്തി സ്ഥാനാർത്ഥിയാക്കുന്നതിനോട് സംസ്ഥാനത്തെ ഒരു നേതാവിനും യോജിപ്പില്ല.
മുമ്പ് എം.കെ രാഘവൻ എം.പിയടക്കമുള്ള തരൂരിനെ മുന്നിൽനിർത്തി ഒരു ഗ്രൂപ്പ് രൂപീകരണത്തിന് ശ്രമിച്ചിരുന്നു. പത്തനംത്തിട്ട മുൻ ഡി.സി.സി അദ്ധ്യക്ഷൻ മോഹൻരാജ് അടക്കമുള്ള നിരവധി പ്രമുഖരും ഈ നീക്കത്തിനൊപ്പമുണ്ടായിരുന്നു.
കെ. സുധാകരൻ കെ.പി.സി.സി അദ്ധ്യക്ഷനായിരുന്ന കാലയളവിൽ സുധാകരപക്ഷത്തെ പല നേതാക്കളും തരൂരിനോട് ഐക്യധാർഡ്യം പ്രകടിപ്പിച്ചിരുന്നു.
എന്നാൽ നിലവിൽ എം.കെ രാഘവൻ അടക്കമുള്ളവർ അദ്ദേഹത്തെ കൈവിട്ടുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചന നൽകുന്നത്. ശശി തരൂരിന്റെ രാജി മൂലം ഉണ്ടാകാനിടയുള്ള ഉപതിരഞ്ഞെടുപ്പിനെ പറ്റി കോൺഗ്രസ് സംസ്ഥാന നേതൃത്വം ഗൗവരമായി ആലോചിക്കുന്നുണ്ട്.
ഇതിനിടെ സംസ്ഥാനത്തെ തദ്ദേശത്തിരഞ്ഞെടുപ്പിൽ എന്ത് ത്യാഗം സഹിച്ചും ഒന്നിച്ച് നിന്ന് പ്രവർത്തിക്കണമെന്ന സന്ദേശം കോൺഗ്രസ് ദേശീയ നേതൃതവം നൽകിക്കഴിഞ്ഞു.
സംസ്ഥാനത്ത് കോൺഗ്രസിന് 'ഡൂ ഓർ ഡൈ' പോരാട്ടം എന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി. പരാജയപ്പെട്ടാൽ കേരളത്തിൽ കോൺഗ്രസ് ഉണ്ടാകില്ലെന്നും അസ്തിത്വം നഷ്ടപ്പെടുമെന്നും കോട്ടയത്ത് നടന്ന കെപിസിസി, ഡിസിസി ഭാരവാഹി യോഗത്തിൽ ദീപാ ദാസ് മുൻഷി പറഞ്ഞു.
ഉമ്മൻചാണ്ടിയുടെ കാലത്തുണ്ടായിരുന്ന ആവേശം വീണ്ടെടുക്കണം. 2026-ൽ ഇടതുപക്ഷത്തെ അധികാരത്തിൽ നിന്ന് പുറത്താക്കണമെങ്കിൽ അടിസ്ഥാനകാര്യങ്ങൾ പൂർത്തിയാക്കണമെന്നും അവർ വ്യക്തമാക്കി.