തിരുവനന്തപുരം: കേരള സർവകലാശാലയിലെ ഭാരതാംബ ചിത്ര വിവാദത്തിൽ രജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാറിന്റെ നിയമനവും ചോദ്യംചെയ്യപ്പെട്ടതോടെ വിവാദം കൂടുതൽ കടുക്കുമെന്ന് ഉറപ്പായി. ഭാരതാംബ ചിത്രം വച്ചെന്ന് ചൂണ്ടിക്കാട്ടി ഗവർണർ പങ്കെടുത്ത സെനറ്റ് ഹാളിലെ പരിപാടിയുടെ അനുമതി റദ്ദാക്കിയതിന് രജിസ്ട്രാറെ വൈസ്ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ സസ്പെൻഡ് ചെയ്തിരിക്കുകയാണ്.
സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കിയെന്ന് അവകാശപ്പെട്ട് ഡോ. അനിൽകുമാർ എന്നും യൂണിവേഴ്സിറ്റിയിലെ ഓഫീസിൽ വരുന്നുണ്ട്. പക്ഷേ, രജിസ്ട്രാറുടെ ചുമതല പ്ലാനിംഗ് ഡയറക്ടർ മിനി കാപ്പന് വി.സി കൈമാറി. ഇതോടെ യൂണിവേഴ്സിറ്റിയിൽ രണ്ട് രജിസ്ട്രാർ എന്ന അസാധാരണ സാഹചര്യമാണ് ഇപ്പോഴുള്ളത്. ഡോ. അനിൽകുമാർ അയയ്ക്കുന്ന ഫയലുകളൊന്നും വി.സി പരിഗണിക്കാറില്ല. അതെല്ലാം തിരിച്ചയയ്ക്കുകയാണ് പതിവ്.
അതിനിടെ, രജിസ്ട്രാറുടെ നിയമനം ചട്ടവിരുദ്ധമാണെന്നും പദവിയിൽ നിന്ന് ഉടൻ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ഗവർണർക്ക് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ കമ്മിറ്റി പരാതി നൽകി. കേരള സർവകലാശാല സ്റ്റാറ്റ്യൂട്ട് 12 (4) പ്രകാരം സർവ്വകലാശാലയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നൽകുന്നത് കേന്ദ്ര - സംസ്ഥാനസർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് മാത്രമേ പാടുള്ളുവെന്നാണ് വ്യവസ്ഥ.
അനിൽകുമാർ കേരള സർവ്വകലാശാലയുടെ കീഴിലുള്ള പ്രൈവറ്റ് കോളേജായ തിരുവിതാംകൂർ ദേവസ്വം ബോർഡ് കോളേജിലെ അധ്യാപകനാണ്. സർക്കാറിന്റെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് അദ്ദേഹം രജിസ്ട്രാറായി തുടരുന്നത്. ഇത് യൂണിവേഴ്സിറ്റി ചട്ടങ്ങൾക്കു വിരുദ്ധമാണെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
സമാന രീതിയിൽ പ്രൈവറ്റ് കോളേജ് ആയ തൃശൂർ സെൻറ് തോമസ് കോളേജിലെ ഒരു അധ്യാപകന് കാലിക്കറ്റ് സർവകലാശാലയിൽ രജിസ്ട്രാറായി ഡെപ്യൂട്ടഷൻ വ്യവസ്ഥയിൽ നിയമനം നൽകിയത് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഫയൽ ചെയ്ത ക്വാവാറണ്ടോ ഹർജ്ജിയെ തുടർന്ന് കാലിക്കറ്റ് രജിസ്ട്രാർ രാജിവച്ചൊഴിഞ്ഞിരുന്നു.
ഈ സാഹചര്യത്തിൽ യൂണിവേഴ്സിറ്റി നിയമങ്ങൾക്ക് വിരുദ്ധമായി നടത്തിയ അനിൽകുമാറിന്റെ ഡെപ്യൂറ്റേഷൻ വ്യവസ്ഥയിലുള്ള നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകിയത്.
കഴിഞ്ഞ ഫെബ്രുവരിയിൽ ചേർന്ന സിൻഡിക്കേറ്റാണ് അദ്ദേഹത്തിന്റെ നിയമനം നാലുവർഷത്തേയ്ക്ക് നീട്ടിനൽകിയത്. ചട്ട വിരുദ്ധ മാണെന്ന ആക്ഷേപം ഉയർന്നിരുന്നുവെങ്കിലും യോഗത്തിൽ സർക്കാരിന്റെ പ്രത്യേക താൽപ്പര്യപ്രകാരം നിയമനം നീട്ടി നൽകുന്നതിനു വേണ്ടി എല്ലാ ഔദ്യോഗിക അംഗങ്ങളും യോഗത്തിൽ പങ്കെടുത്തിരുന്നു.
അതേസമയം, കേരള സർവകലാശാല രജിസ്ട്രാറുടെ നിയമനം കേരള യൂണിവേഴ്സിറ്റിയുടെ ചട്ടപ്രകാരമാണെന്നാണ് രജിസ്ട്രാറുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. സ്റ്റാറ്റ്യൂട്ടിലെ 12(1) പ്രകാരമാണ് നിയമനം.
2021 ജനുവരി 11ന് രജിസ്ട്രാറുടെ നേരിട്ടുള്ള നിയമനത്തിനായി സെലക്ഷൻ കമ്മിറ്റി രൂപീകരിക്കുകയും ജനുവരി 19ന് വിജ്ഞാപനമിറക്കുകയും ചെയ്തിരുന്നു. ഈ നോട്ടിഫിക്കേഷനിൽ നിയമനം 4 വർഷത്തെ നേരിട്ടുള്ള നിയമനം എന്ന് പറഞ്ഞിട്ടുണ്ട്.
ഇന്റർവ്യൂ നടത്തി മെരിറ്റിന്റെ അടിസ്ഥാനത്തിൽ റാങ്ക് പട്ടിക തയ്യാറാക്കി 4 വർഷത്തേക്ക് നേരിട്ട് നിയമിച്ചിരിക്കുകയാണ്. 2021 ഫെബ്രുവരി 23ന് ചുമതല എടുക്കുകയും ഓഫീസ് ഓർഡർ ഇറക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ ഗവണ്മെന്റ് എയിഡഡ്കോളേജ് അധ്യാപകൻ ആയതിനാൽ സർക്കാരിന്റെ എൻ.ഒ.സി ആവശ്യമുള്ളതിനാലും സേവനവേതന വ്യവസ്ഥകൾ ക്രമീകരിക്കുന്നതിന് സർക്കാർ ഈ നിയമനം ഡെപ്യൂട്ടേഷനായി പരിഗണിച്ചിരുന്നു.
സമാന രീതിയിൽ ആണ് കേരള സർവകലാശാല പരീക്ഷ കൺട്രോളറെയും കുസാറ്റ് രജിസ്ട്രാറെയും എംജി യൂണിവേഴ്സിറ്റി പരീക്ഷ കൺട്രോളറെയും നിയമിച്ചിരിക്കുന്നത്.