ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്‍കൂളുകൾ തുറക്കില്ലെന്നും കുട്ടികളുടെ സുരക്ഷയ്‍ക്ക് അതീവ പ്രാധാന്യമെന്നും സർക്കാർ പറഞ്ഞത് വെറുതേ. സ്കൂളിനു മുകളിലൂടെ വൈദ്യുതി ലൈൻ താഴ്‍ന്നു കിടന്നിട്ടും ഇക്കാര്യം അറിയിച്ചിട്ടും എന്ത് നടപടിയുണ്ടായി. കൊല്ലത്തെ ദുരന്തത്തിൽ പ്രതിക്കൂട്ടിൽ വൈദ്യുതി, വിദ്യാഭ്യാസ വകുപ്പുകൾ. കേരള നമ്പർ വൺ തള്ള് വീണ്ടും പൊളിയുമ്പോൾ

സ്വകാര്യ, എയ്ഡഡ്‌ മേഖലയിലടക്കം എല്ലാ സ്കൂളുകളുടെയും സുരക്ഷ, കുട്ടികളുടെ സുരക്ഷ, പരിസര ശുചീകരണം, ഉച്ചഭക്ഷണം എന്നിവ ഉറപ്പുവരുത്താൻ സജ്ജീകരണങ്ങൾ നടത്തിയിരുന്നെന്ന് വിദ്യാഭ്യാസ മന്ത്രി തന്നെ അന്നേ പ്രഖ്യാപിച്ചിരുന്നതാണ്.

New Update
midhun accident
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ആരോഗ്യം, ഉന്നതവിദ്യാഭ്യാസം വകുപ്പുകൾക്ക് പിന്നാലെ പൊതുവിദ്യാഭ്യാസ രംഗത്തും കേരളം നമ്പർ വൺ എന്ന അവകാശവാദം പൊളിഞ്ഞുവീഴുകയാണ്. കൊല്ലത്ത് സ്കൂളിലെ ഷെഡിനു മുകളിൽ വീണ ചെരുപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ എട്ടാം ക്ലാസുകാരൻ ഷോക്കേറ്റ് മരിച്ചതോടെ തകർന്നു വീഴുന്നത് കേരള സർക്കാരിന്റെ 'നമ്പർ വൺ' മൂടുപടമാണ്.

Advertisment

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ ദുരന്തത്തിൽ നിന്ന് സർക്കാരിന് ഒരു കാരണവശാലും ഒഴിഞ്ഞുമാറാനാവില്ല. ഇതിന്റെ ഉത്തരവാദികൾ രണ്ട് സർക്കാർ വകുപ്പുകളാണ് - വിദ്യാഭ്യാസവും വൈദ്യുതിയും.


പുതിയ അദ്ധ്യയന വർഷത്തിൽ സ്കൂൾ തുറന്നിട്ട് ഒരുമാസം കഴിഞ്ഞിട്ടേയുള്ളൂ. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി മുന്നൊരുക്കങ്ങൾ ആണ് പൊതു വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിരുന്നത്.

സ്വകാര്യ, എയ്ഡഡ്‌ മേഖലയിലടക്കം എല്ലാ സ്കൂളുകളുടെയും സുരക്ഷ, കുട്ടികളുടെ സുരക്ഷ, പരിസര ശുചീകരണം, ഉച്ചഭക്ഷണം എന്നിവ ഉറപ്പുവരുത്താൻ സജ്ജീകരണങ്ങൾ നടത്തിയിരുന്നെന്ന് വിദ്യാഭ്യാസ മന്ത്രി തന്നെ അന്നേ പ്രഖ്യാപിച്ചിരുന്നതാണ്.


കുട്ടികളുടെ സുരക്ഷയെ മുൻനിർത്തി സ്കൂൾ കെട്ടിടത്തിന്റെ ഫിറ്റ്നസ് വളരെ പ്രധാനപ്പെട്ടതാണെന്ന് മന്ത്രി പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നതാണ്. 


സ്കൂളുകളുടെയും കുട്ടികളുടെയും സുരക്ഷ സംബന്ധിച്ച മന്ത്രിയുടെ നിർദേശങ്ങൾ ഇങ്ങനെയായിരുന്നു- തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്ന് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ ക്ലാസുകൾ നടത്തുവാൻ കഴിയൂ.  സുരക്ഷ മുൻനിർത്തി സ്കൂൾ പരിസരം വൃത്തിയാക്കേണ്ടതും അപകടകരമായ സാഹചര്യങ്ങൾ ഒഴിവാക്കേണ്ടതുമാണ്.

സ്കൂളിൽ സുരക്ഷിതവും പ്രചോദനപരവുമായ ഒരു പഠനാന്തരീക്ഷം ഉണ്ടായിരിക്കേണ്ടതാണ്. വ്യത്യസ്ത നിലകളിലുള്ള പഠനാനുഭവങ്ങൾ കുട്ടികൾക്ക് ഉണ്ടാകുന്നതിനുവേണ്ടി ഓരോ കുട്ടിക്കും ഉപകാരപ്പെടുന്ന തരത്തിൽ പഠനവിഭവങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഓരോ സ്കൂളിലും ഒരുക്കേണ്ടതാണ്.

കുട്ടികളുടെ സുരക്ഷ, അവരുടെ അവകാശങ്ങൾ എന്നിവ മുൻനിർത്തി ഓരോ സ്കൂളും ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്. സ്‍കൂളുകളുടെ അറ്റകുറ്റപ്പണികൾ മെയ് 27നകം പൂർത്തിയാക്കേണ്ടതാണ്.  

അതോടൊപ്പം ഭിത്തികൾ കഴിയുന്നതും പെയിന്റ് ചെയ്ത് മനോഹരമാക്കി കുട്ടികളെ സ്വീകരിക്കാൻ സജ്ജമാക്കേണ്ടതാണ്. സ്‍കൂൾ തുറക്കുന്നതിനു മുൻപുതന്നെ സ്‍കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും വാങ്ങി സൂക്ഷിക്കേണ്ടതാണ്.


ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ യാതൊരു കാരണവശാലും സ്‍കൂളുകൾ തുറന്നു പ്രവർത്തിക്കാൻ പാടുള്ളതല്ല. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്കൂളുകളിൽ വാടക കെട്ടിടത്തിലോ മറ്റു സ്ഥാപനങ്ങളിലോ ക്ലാസുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ഈ കെട്ടിടങ്ങൾ കൂടി പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തദ്ദേശ - സ്വയം ഭരണ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ലഭ്യമാക്കിയെന്ന് ഉറപ്പ് വരുത്തിയതിനുശേഷം മാത്രമേ സ്‍കൂളുകൾ തുറന്നു പ്രവർത്തിക്കാൻ പാടുള്ളൂ.


നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സ്‍കൂളുകളിൽ കുട്ടികൾക്ക് പൂർണസുരക്ഷിതത്വം ഉറപ്പാക്കുന്ന രീതിയിൽ പണി നടക്കുന്ന സ്ഥലം മറച്ചുകെട്ടേണ്ടതാണ്. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കിയും സഞ്ചാരം തടസപ്പെടാതെയും നിർമ്മാണ സാമഗ്രികൾ സൂക്ഷിക്കേണ്ടതാണ്.

നിർമ്മാണ തൊഴിലാളികളുടെ സാന്നിധ്യം സ്‍കൂൾ പ്രവർത്തനത്തിന് തടസമാകരുത്. നിർമ്മാണ തൊഴിലാളികളുടെ വിവരങ്ങൾ ദിനംപ്രതി കരാറുകാരൻ രജിസ്റ്ററിൽ എഴുതി സൂക്ഷിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട അധികാരികൾ ഉറപ്പുവരുത്തേണ്ടതാണ്.


സ്കൂളിനടുത്തുള്ള വെള്ളക്കെട്ടുകൾ, കുളങ്ങൾ, കിണറുകൾ എന്നിവയ്ക്ക് സുരക്ഷാ ഭിത്തികൾ നിർമിക്കാനും വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുള്ളതുമായ പ്രദേശങ്ങളിൽ അപകട സാധ്യതാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധിക്കേണ്ടതാണ്.


അധ്യയനവർഷാരംഭം മുതൽ കുട്ടികളുടെ സുരക്ഷയ്‍ക്ക് അതീവ പ്രാധാന്യം നൽകേണ്ടതുണ്ട്. വീട്ടിൽ നിന്നു സ്കൂളിലേക്കും സ്കൂളിൽ നിന്നും വീട്ടിലേയ്ക്കും കുട്ടികൾ സഞ്ചരിക്കുമ്പോൾ ഉണ്ടാവേണ്ട യാത്രാസുരക്ഷ, സ്വകാര്യ വാഹനങ്ങൾ, പൊതുവാഹനങ്ങൾ, സ്കൂൾ ബസ് തുടങ്ങിയവ ഉപയോഗിക്കുമ്പോൾ കുട്ടികളുടെ സുരക്ഷ മുൻനിർത്തി പാലിക്കേണ്ട മുൻകരുതലുകൾ, റോഡ്, റെയിൽവേ ലൈൻ എന്നിവ ക്രോസ് ചെയ്യുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങൾ, ജലഗതാഗതം ഉപയോഗിക്കുന്ന കുട്ടികളുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ ഇതെല്ലാം സ്കൂൾ തലത്തിൽ അവലോകനം നടത്തി വേണ്ടത്ര സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതാണ്.

കുടിവെള്ള ടാങ്ക്, കിണറുകൾ, മറ്റ് ജലസ്രോതസുകൾ എന്നിവ നിർബന്ധമായും ശുചീകരിക്കേണ്ടതും അണുവിമുക്തമാക്കേണ്ടതുമാണ്. കുടിവെള്ള സാമ്പിൾ ലബോറട്ടറി പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്.

കെഎസ്ആർടിസി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യ വകുപ്പ്, പോലീസ്, കെഎസ്ഇബി, എക്സൈസ്, സാമൂഹ്യനീതി വകുപ്പ്,  വനിതാ ശിശു വികസന വകുപ്പ്, പട്ടിക വർഗ വകുപ്പ്, വനം വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി സ്‍കൂൾ തലയോഗങ്ങൾ ചേർന്ന് മുന്നൊരുക്ക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടതാണ് - സർക്കാരിന്റെ ഈ ഒറ്റ നിർദ്ദേശങ്ങളും തേവലക്കര സ്കൂളിൽ പാലിച്ചിരുന്നില്ല. എന്നിട്ടും സ്കൂളിന് എങ്ങനെ ഫിറ്റ്നസ് കിട്ടിയെന്നതടക്കം ദുരൂഹമാണ്.


നമ്പർ വൺ ആണെന്ന് നടിച്ചിരുന്ന ആരോഗ്യം, ഉന്നതവിദ്യാഭ്യാസം വകുപ്പുകൾക്ക് അടുത്തിടെ കനത്ത തിരിച്ചടിയേറ്റിരുന്നു. കോട്ടയം മെഡിക്കൽ കോളേജിലെ അപകടവും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടറുടെ വെളിപ്പെടുത്തലും മന്ത്രി വീണാജോ‌‌ർജിന് തിരിച്ചടിയായതിന് പിന്നാലെയാണ് എൻജിനീയറിംഗ് എൻട്രൻസിൽ മന്ത്രി ബിന്ദുവിന് തിരിച്ചടിയേറ്റത്.


സർക്കാർ തിരക്കുപിടിച്ച് നടപ്പാക്കിയ പുതിയ റാങ്ക് നിർണയ രീതി ഹൈക്കോടതി റദ്ദാക്കിയതോടെ എൻട്രൻസ് എഴുതിയ എല്ലാ വിദ്യാർത്ഥികളുടെയുെം റാങ്ക് മാറിയിരുന്നു. സുപ്രീംകോടതിയിൽ വരെ നിയമപോരാട്ടം നടത്തിയിട്ടും റാങ്ക് പട്ടിക റദ്ദാക്കിയതിന് സ്റ്റേ കിട്ടിയില്ല.

ഒരു ലക്ഷത്തോളം കുട്ടികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കിയ ഈ നടപടിക്ക് പിന്നാലെയാണ് കൊല്ലത്തെ സ്കൂളിലെ ദുരന്തം പൊതുവിദ്യാഭ്യാസ വകുപ്പിനും തിരിച്ചടിയായത്.

Advertisment