തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തെതുടർന്ന് ഗവർണറുമായുണ്ടായിരുന്ന നല്ലബന്ധം ഇല്ലാതായതിന് പിന്നാലെ, ഊഷ്‍മള ബന്ധം തുടരാനുള്ള അഭ്യർത്ഥനയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ കണ്ടു.
ഇന്നലെ ഉച്ചയ്ക്ക് ഡൽഹിയിലെ കേരളാ ഹൗസിലായിരുന്നു അതീവരഹ്യമായി നടന്ന കൂടിക്കാഴ്ച. കേരള ഹൗസിലെ ഒന്നും രണ്ടും മുറികളിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ഇന്നലെ വൈകിട്ട് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങും മുൻപാണ് ഗവർണറെ മുറിയിലെത്തി കണ്ടത്.
ഭാരതാംബ ചിത്രവിവാദത്തെ തുടർന്നുണ്ടായ ഉലച്ചിൽ പരിഹരിക്കണമെന്നും ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ സമവായത്തോടെ പരിഹരിക്കാനും അഭ്യർത്ഥിച്ച് കത്തും മുഖ്യമന്ത്രി കൈമാറി.
കേരള സർവകലാശാലയിലെ ഭാരതാംബ ചിത്രവിവാദവും രജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാറിന്റെ സസ്പെൻഷനും അതിനെ തുടർന്നുണ്ടായ സമരകോലാഹലങ്ങളുമെല്ലാം സർക്കാരിന്റെ പ്രതിച്ഛായ ഇടിച്ചതായാണ് സർക്കാരിന്റെ വിലയിരുത്തൽ.
വൈസ്ചാൻസലറെ സർവകലാശാലയിൽ കാലുകുത്താൻ അനുവദിക്കില്ല എന്നടക്കം എസ്.എഫ്.ഐ ഭീഷണി മുഴക്കിയതും രണ്ടായിരത്തോളം ബിരുദ സർട്ടിഫിക്കറ്റുകൾ ഒപ്പിടാതെ കെട്ടിക്കിടക്കുന്നതും സർക്കാരിന് കൂടി തിരിച്ചടിയാണെന്നും വിലയിരുത്തലുണ്ടായി. ഇതേത്തുടർന്നാണ് മുഖ്യമന്ത്രി പ്രശ്നപരിഹാരത്തിനായി ഗവർണറെ കണ്ടത്.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ വരാനിരിക്കെ ആരോഗ്യം, വിദ്യാഭ്യാസം വകുപ്പുകൾക്ക് പുറമെ സർവകലാശാലകളിലും കുഴപ്പങ്ങളുണ്ടാവുന്നത് സർക്കാരിനെ കൂടുതൽ കുഴപ്പത്തിലാക്കുമെന്നും വിലയിരുത്തലുണ്ടായി. ഇതേത്തുടർന്നാണ് വി.സിയുമായി ചർച്ച നടത്താൻ മന്ത്രി ബിന്ദുവിനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചത്.
മന്ത്രി രണ്ടുവട്ടം ഫോണിൽ വിളിച്ചതിനെത്തുടർന്ന് വി.സി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും പ്രശ്നപരിഹാരമുണ്ടായിട്ടില്ല. സസ്പെൻഷൻ അംഗീകരിച്ച് രജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാർ സർവകലാശാലയിൽ നിന്ന് മാറിനിൽക്കണമെന്നാണ് വി.സി മന്ത്രിയോട് ആവശ്യപ്പെട്ടത്.
ഇക്കാര്യം മന്ത്രി ഉറപ്പു നൽകുകയും ചെയ്തു. എന്നാൽ ഇന്ന് വീണ്ടും രജിസ്ട്രാർ ഓഫീസിലെത്തിയതോടെ സമവായ ശ്രമങ്ങളെല്ലാം പൊളിഞ്ഞെന്നാണ് വി.സിയുടെ വിലയിരുത്തൽ. രജിസ്ട്രാർ അവധിയിൽ പോവട്ടെയെന്ന് മന്ത്രി പറഞ്ഞെങ്കിലും വി.സി വഴങ്ങിയില്ല.
സസ്പെൻഷൻ ഉത്തരവ് ഡോ.കെ.എസ്.അനിൽകുമാർ അംഗീകരിച്ച് മാറിനിന്നാൽ പ്രശ്നപരിഹാരമുണ്ടാവുമെന്നും അതിനു ശേഷം തിരിച്ചെടുക്കാൻ അപേക്ഷ നൽകിയാൽ അനുകൂല തീരുമാനമെടുക്കാമെന്നും വി.സി മന്ത്രിയെ അറിയിച്ചിട്ടുണ്ട്.
നിയമവാഴ്ചയുറപ്പാക്കാൻ സസ്പെൻഷൻ അംഗീകരിച്ചേ മതിയാവൂ എന്നായിരുന്നു വി.സിയുടെ നിലപാട്. സിൻഡിക്കേറ്റ് യോഗം അടിയന്തരമായി വിളിക്കാൻ തീരുമാനിച്ചെന്ന് മന്ത്രി പറഞ്ഞെങ്കിലും വി.സി നിഷേധിച്ചു. രജിസ്ട്രാർ മാറിയെന്ന് ഉറപ്പായശേഷം മാത്രമേ സിൻഡിക്കേറ്റ് വിളിക്കൂവെന്നാണ് വി.സി പറയുന്നത്.
ഇതോടെ പ്രശ്നപരിഹാരത്തിന് മന്ത്രി ബിന്ദു നടത്തിയ ഇടപെടലുകൾ ചീറ്റിയെന്ന് ഉറപ്പായി. ഇന്ന് രാത്രി തലസ്ഥാനത്തെത്തുന്ന ഗവർണറെ നാളെയോ മറ്റന്നാളോ മുഖ്യമന്ത്രി രാജ്ഭവനിലെത്തി കാണാൻ ഇടയുണ്ട്.
അതേസമയം, സസ്പെൻഷനിലായിട്ടും ചില സിൻഡിക്കേറ്റംഗങ്ങളുടെ പിൻബലത്തിൽ ഓഫീസിലെത്തുന്നത് ഗവർണറോടുള്ള അനാദരവാണെന്നാണ് വി.സിയുടെ നിലപാട്. ഗവർണർക്കോ വി.സിക്കോ സിൻഡിക്കേറ്റിനോ സസ്പെൻഷൻ പിൻവലിക്കാൻ അനിൽകുമാർ അപേക്ഷിച്ചിട്ടില്ല.
അടിയന്തരാവസ്ഥ സമരക്കാരെ ആദരിക്കാനുള്ള യോഗത്തിലെ പ്രധാനമുദ്രാവാക്യം 'ഭാരത് മാതാ കീ ജയ്' എന്നായിരിക്കെ ഭാരതാംബയുടെ ചിത്രംവച്ചതിൽ തെറ്റെന്താണെന്നും മന്ത്രിയോട് വി.സി ചോദിച്ചു.