തിരഞ്ഞെടുപ്പും തന്ത്രങ്ങളും. ന്യൂനപക്ഷങ്ങൾക്കെതിരെ വെള്ളാപ്പള്ളിയുടെ വിമർശനം ഭൂരിപക്ഷ ധ്രുവീകരണം ലക്ഷ്യമിട്ടെന്ന് സൂചന. ഭിന്നിപ്പിക്കലിന് പിന്നിൽ വോട്ട് ബാങ്ക് രാഷ്ട്രീയം. നേട്ടം കൊയ്യാൻ ആർഎസ്എസ് - സിപിഎം നീക്കമെന്ന വിമർശനവുമായി പ്രതിപക്ഷം

കാത്തോലിക്ക സഭയുടെ മുഖപത്രമായ ദീപികയിൽ കടുത്ത വിമർശനമുയർത്തി ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇത് കൂടി മുൻ നിർത്തി സമൂഹത്തിൽ ധ്രുവീകരണം ലക്ഷ്യമിട്ടാണ് ഏറെ രാഷ്ട്രീയ മാനങ്ങളുള്ള പ്രസംഗം വെള്ളാപ്പള്ളി നടത്തിയിട്ടുള്ളത്.

New Update
vellappally nadesan kottayam
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസംഗം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ കൂടി ലക്ഷ്യമിട്ടെന്ന് സൂചന. സംസ്ഥാനത്ത് ന്യൂനപക്ഷങ്ങൾ പ്രത്യേകിച്ച് മുസ്ലീം വിഭാഗം ആധിപത്യം സ്ഥാപിക്കുന്നുവെന്ന വെള്ളാപ്പള്ളിയുടെ പ്രസംഗത്തിന്റെ കാതൽ ഭൂരിപക്ഷ വിഭാഗങ്ങളുടെ ധ്രുവീകരണം ലക്ഷ്യമിട്ടാണെന്നും സൂചനകളുണ്ട്. 

Advertisment

ഇക്കഴിഞ്ഞ ദിവസം സ്‌കൂൾ പ്രവർത്തനസമയം ചർച്ചകളില്ലാതെ പുന:ക്രമീകരിച്ചതിനെതിരെ സമസ്തയടക്കമുള്ള വിഭാഗങ്ങൾ രംഗത്ത് വന്നിരുന്നു. വിഷയത്തിൽ ചർച്ച പേരിന് മാത്രം മതിയെന്ന നിലപാടാണ് സർക്കാരിനും വിദ്യാഭ്യാസമന്ത്രിക്കുമുള്ളത്.


സമസ്തയും ലീഗും അടക്കമുള്ള സംഘടനകൾ സമയമാറ്റത്തെ വിമർശിച്ച് രംഗത്ത് വന്നത് ചൂടേറിയ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. ക്രൈസ്തവ വിഭാഗങ്ങളും ഇതിനെ വിമർശിച്ച രംഗത്ത് വന്നിട്ടുണ്ട്.


കാത്തോലിക്ക സഭയുടെ മുഖപത്രമായ ദീപികയിൽ കടുത്ത വിമർശനമുയർത്തി ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇത് കൂടി മുൻ നിർത്തി സമൂഹത്തിൽ ധ്രുവീകരണം ലക്ഷ്യമിട്ടാണ് ഏറെ രാഷ്ട്രീയ മാനങ്ങളുള്ള പ്രസംഗം വെള്ളാപ്പള്ളി നടത്തിയിട്ടുള്ളത്.

പത്താം വർഷത്തിലേക്ക് കടക്കുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാർ ഇക്കഴിഞ്ഞ രണ്ട് തവണയും ന്യൂനപക്ഷങ്ങളുടെ പിന്തുണ കൂടി സംഘടിപ്പിച്ചാണ് സംസ്ഥാനത്ത് അധികാരത്തിൽ വന്നത്. അന്നൊന്നുമില്ലാത്ത അസഹിഷ്ണുത വെള്ളാപ്പള്ളി നടേശൻ ഇപ്പോൾ പ്രകടിപ്പിക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന ആരോപണമാണ് യു.ഡി.എഫ് ഉന്നയിക്കുന്നത്.

pinarai vellappally


നിലവിൽ സംസ്ഥാന സർക്കാരിനെതിരായ ഭരണവിരുദ്ധവികാരത്തെ തുടർന്ന് ന്യൂനപക്ഷങ്ങളടക്കം എല്ലാ വിഭാഗങ്ങളും സർക്കാരിൽ നിന്നും അകന്ന് നിൽക്കുകയാണ്. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ പരാജയം മണക്കുന്ന മുഖ്യമന്ത്രിയിടപെട്ട് വെള്ളാപ്പള്ളിയെ കൊണ്ട് വിദ്വേഷപ്രസംഗം തുടർച്ചയായി നടത്തിക്കുകയാണെന്നുമാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ.


ന്യൂനപക്ഷ വിരുദ്ധ പ്രസംഗത്തിന്റെ നേട്ടം കൊയ്യാൻ സി.പി.എമ്മും സംഘപരിവാറും നീക്കം നടത്തുന്നുവെന്ന ആരോപണവും ഉയർന്ന് കഴിഞ്ഞിട്ടുണ്ട്. ഭൂരിപക്ഷവോട്ടുകൾ യു.ഡി.എഫിൽ എത്തുന്നത് തടയാനാണിതെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

വെള്ളാപ്പള്ളിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷനേതാവും ലീഗ് നേതൃത്വവും രംഗത്തിലറങ്ങിക്കഴിഞ്ഞു. മുമ്പ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കുഞ്ഞൂഞ്ഞ് - കുഞ്ഞുമാണി - കുഞ്ഞാലിക്കുട്ടി അച്ചുതണ്ടാണ് ഭരണം നിയന്ത്രിക്കുന്നതെന്ന സി.പി.എമ്മിന്റെ ആരോപണം പൊടിതട്ടിയെടുക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും കരുതപ്പെടുന്നുണ്ട്.

kunjalikutty vd satheesan


ഇതിനിടെ സംസ്ഥാന രാഷ്ട്രീയത്തിലെ മൂന്നാം കക്ഷിയായ ബി.ജെ.പി വെള്ളാപ്പള്ളിയുടെ പ്രസംഗത്തിന്റെ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ രംഗത്തുണ്ട്. ഭൂരിപക്ഷ ധ്രുവീകരണമുണ്ടായാൽ അത്തരം വോട്ടുകൾ തങ്ങൾക്ക് ലഭിക്കണമെന്ന് നിശ്ചയിച്ച് ഉറപ്പിച്ചാണ് സംഘപരിവാറും ബി.ജെ.പിയും കളത്തിലിറങ്ങിയിട്ടുള്ളത്.


തദ്ദേശത്തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മോശം പ്രകടനമാണ് കാഴ്ച്ചവെയ്ക്കുന്നതെങ്കിൽ ഭരണമാറ്റത്തിനുള്ള കാഹളമായി അത്‌ കരുതപ്പെടും. ഇത് കൂടി തടയാൻ ലക്ഷ്യമിട്ടാണ് വെള്ളാപ്പള്ളിയുടെ വിവാദ വിദ്വേഷ പ്രസംഗമെന്നും ഇത് ഇനിയും ആവർത്തിക്കാനിടയുണ്ടെന്നും പ്രതിപക്ഷം കരുതുന്നു.  

പ്രസംഗത്തിന് പിന്നിലെ ധ്രുവീകരണ രാഷ്ട്രീയം തിരിച്ചറിഞ്ഞ യു.ഡി.എഫ് സൂക്ഷ്മമായി രാഷ്ട്രീയം നിരീക്ഷിക്കുകയാണ്. ജാഗ്രതയോടെ നീങ്ങിയില്ലെങ്കിൽ സാമുദായിക തലത്തിലുള്ള അട്ടിമറി തങ്ങളുടെ വോട്ടുകൾ ചോർത്തുമെന്നും അവർ തിരിച്ചറിഞ്ഞ് കഴിഞ്ഞതിന്റെ പശ്ചാത്തലത്തിൽ മുന്നണി അതീവ ജാഗ്രതയാണ് പുലർത്തുന്നത്.

Advertisment