മാരാരിക്കുളത്ത് 'വാരിക്കുഴി'യൊരുക്കി വി.എസിനെ വീഴ്‍ത്തിയത് 1965 വോട്ടിന്. മുഖ്യമന്ത്രിയാവുന്നത് തടയാൻ പാർട്ടിക്കാർ ഒരുക്കിയ ചതി. എം.എൽ.എയായിരിക്കെ മണ്ഡലത്തിൽ ചെയ്ത 100 കാര്യങ്ങൾ എന്ന നോട്ടീസിൽ ചെയ്യാത്ത കാര്യങ്ങൾപോലും ചെയ്തു എന്ന് കാണിച്ചു. വി.എസ് അറിയാതെ ഇറക്കിയ നോട്ടീസിനു പിന്നിൽ പ്രവർത്തിച്ചത് മാരാരിക്കുളം ‌ഏരിയാ സെക്രട്ടറി. മാരാരിക്കുളത്ത് വീണ വി.എസ് മലമ്പുഴയിലൂടെ കുതിച്ചുകയറി കേരളത്തിന്റെ കണ്ണും കരളുമായ കഥ...

കുട്ടനാട്ടിലെ കർഷകരെ സംഘടിപ്പിച്ചുകൊണ്ടായിരുന്നു പൊതുപ്രവർത്തനത്തിന് തുടക്കം. എ.കെ.ജി, എ.വി. കുഞ്ഞമ്പു എന്നിവരുടെ നേതൃത്വത്തിൽ കയർ ഫാക്ടി തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ മുന്നിൽ നിന്നു.

New Update
vs achuthanandan-2
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: വി.എസിനെതിരേ അട്ടിമറി വിജയം നേടിയിട്ടും കരഞ്ഞുപോയൊരു സ്ഥാനാർത്ഥിയുണ്ട്. 1996ൽ സി.പി.എമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി നിര്‍ത്തി മത്സരിപ്പിച്ച വി.എസിനെ മാരാരിക്കുളത്തുകാർ കാലുവാരി തോൽപ്പിച്ചു.

Advertisment

അന്ന് സ്വന്തം വിജയമറിഞ്ഞപ്പോൾ വി.എസ് തോറ്റല്ലോയെന്ന് കരഞ്ഞുപോയ നേതാവാണ് കോൺഗ്രസിലെ പി.ജെ.ഫ്രാൻസിസ്. 1965 വോട്ടിനായിരുന്നു മാരാരിക്കുളത്ത് വി.എസിന്റെ തോൽവി. അടുത്തിടെയാണ് അദ്ദേഹവും അന്തരിച്ചത്.


അന്ന് 80 സീറ്റു നേടി എൽ.ഡി.എഫ് ഭരണം പിടിച്ചെങ്കിലും വി.എസ് തോറ്റപ്പോൾ മുഖ്യമന്ത്രി ആരെന്ന ചോദ്യമായി. രണ്ട് പ്രാവശ്യം മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാർ അങ്ങനെ മൂന്നാം തവണയും മുഖ്യമന്ത്രിയായി കടന്നുവന്നു.


മാരാരിക്കുളത്തുകാർ കാണിച്ചത് ചതി എന്ന് അന്ന് കേരളക്കര പറഞ്ഞു. സി.പി.എമ്മിന് ഭരണം കിട്ടുമ്പോൾ വി.എസ്. തോൽക്കും. വി.എസ് ജയിക്കുമ്പോൾ പാർട്ടി തോൽക്കും എന്ന പല്ലവി തന്നെയുണ്ടായി.

vs achuthanandan-6

പക്ഷേ, ഈ പല്ലവിയിലൊന്നും ആടിയുലയുന്നതായിരുന്നില്ല ആ ജീവിതം. മാരാരിക്കുളത്ത് വീണ വി.എസ് മലമ്പുഴയിലൂടെ കുതിച്ചുകയറി.


വോട്ടുകളുടെ ഭൂരിപക്ഷം കൊണ്ട് ജയിക്കാം, അല്ലെങ്കിൽ തോറ്റിറങ്ങാം. പക്ഷേ, ജനമനസുകളിൽ തോൽക്കാതെ നിൽക്കണമെങ്കിൽ എണ്ണിതിട്ടപ്പെടുത്താനാവാത്ത സമ്മതി വേണം. അതാണ് വി.എസ്. അച്യുതാനന്ദൻ. ഉമ്മന്‍ ചാണ്ടിയും കെ കരുണാകരനും കഴിഞ്ഞാല്‍ പിന്ന ഇത്രയും ജനസമ്മതി നേടിയ മറ്റൊരു നേതാവ് കേരളത്തിലില്ല. വി.എസ് വരുന്നു, വി.എസ് പ്രസംഗിക്കുന്നു എന്ന് കേൾക്കുമ്പോൾ തടിച്ചുകൂടുന്ന ജനാവലി അതിൻെറ സാക്ഷ്യപ്പെടുത്തലുകളാണ്.


പ്രതിപക്ഷ നേതാവായിരുന്നപ്പോൾ വി.എസ് നടത്തിയ വീര പോരാട്ടങ്ങളും മുഖ്യമന്ത്രിയായിരുന്നപ്പോൾ ചെയ്ത ധീര നിലപാടുകളും വി.എസിനെ ജനങ്ങളുടെ പ്രിയ നേതാവാക്കി മാറ്റുകയായിരുന്നു. മൂന്നാറിലെ കയ്യേറ്റക്കാരെ ഒഴിപ്പിക്കാൻ മൂന്ന് പൂച്ചകളെ ഇറക്കി പൊളിച്ചടുക്കിയത് അടിതെറ്റാത്ത ഉറച്ച നിലപാടിൻെറ തെളിവായിരുന്നു.

ലോട്ടറി മാഫിയക്കെതിരെ പോരാടിയതും ആർ.ബാലകൃഷ്ണപിള്ളയെ അഴിമതിക്കേസിൽ അഴിക്കുള്ളിലാക്കിയതും സന്ധിയില്ലാ സമരത്തിൻെറ നേർക്കാഴ്ചകളായിരുന്നു.

vs achuthanandan-7

അങ്ങനെ പൊരുതാൻ ആ ജീവിതം തീച്ചൂളയിലൂടെ വെന്തുരുകി രൂപപ്പെട്ടതാണ്. നാലാം വയസിൽ അമ്മ അക്കാമ്മ മരിച്ചു. പതിനൊന്നാം വയസിൽ അച്ഛൻ ശങ്കരനും. ഒറ്റപ്പെട്ടുപോയ ബാല്യം.

കരഞ്ഞുപോകുമായിരുന്ന ആ കുരുന്നു ബാല്യം സഹോദരൻെറ തയ്യൽ കടയിൽ സഹായിയായികൂടി. അതോടെ ‌‌‌‌ഏഴാം ക്ളാസിൽ പഠനം അവസാനിപ്പിച്ചു. കുട്ടനാട്ടിലെ കർഷകരെ സംഘടിപ്പിച്ചുകൊണ്ടായിരുന്നു പൊതുപ്രവർത്തനത്തിന് തുടക്കം. എ.കെ.ജി, എ.വി. കുഞ്ഞമ്പു എന്നിവരുടെ നേതൃത്വത്തിൽ കയർ ഫാക്ടി തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ മുന്നിൽ നിന്നു. തിരുവിതാംകൂറിൽ അമേരിക്കൻ മോഡൽ ഭരണ രീതി കൊണ്ടുവരാൻ സി.പി.രാമസ്വാമിഅയ്യർ ശ്രമിച്ചതിനെ അതിശക്തമായി എതിർത്തു.


1946 ഒക്ടോബർ 28 ന് വി.എസിനെ പൊലീസ് അറസ്റ്റ് ചെയ്ത് പൂഞ്ഞാർ ലോക്കപ്പിലടച്ചു. കൊടിയ മർദ്ദനമായിരുന്നു നേരിടേണ്ടി വന്നത്. പാദത്തിൽ ബയണറ്റുകൊണ്ട് കുത്തിയിറക്കി. വേദന കൊണ്ട് പുളയുമ്പോഴും സാമൂഹിക വ്യവസ്ഥിതിക്കെതിരെയുള്ള വികാരം ആ മനസിനെ ശക്തിമാനാക്കുകയായിരുന്നു.


അഞ്ചര വർഷം ജയിലിൽ. നാലര വർഷം കമ്മ്യൂണിസ്റ്റ് പ്രവർത്തനത്തിൻെറ ഒളിവ് ജീവിതം. വി.എസ് എന്ന സമരനായകനെ വാർത്തെടുത്തത് അനുഭവത്തിൻെറ തീച്ചൂളയിലെ അഗ്നിനാളങ്ങളായിരുന്നു.

1938 ൽ ട്രേഡ് യൂണിയനിലൂടെ സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്നുകൊണ്ടായിരുന്നു രാഷ്ട്രീയത്തിലേക്കുള്ള വരവ്. പിന്നെ സി.പി.ഐയിൽ അംഗമായി. 57ൽ സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം.

സി.പി.ഐ സംസ്ഥാന കൗൺസിലിൽ നിന്ന് ഇറങ്ങി വന്ന 32 പേർ രൂപം കൊടുത്തതാണ് സി.പി.എം. അതിനെ കേരളക്കര ഇരുകയ്യും നീട്ടി സ്വീകരിച്ചു. ആ 32 പേരിൽ വി.എസുമുണ്ടായിരുന്നു.

vs achuthanandan-8

സി.പി.എം സംസ്ഥാന സെക്രട്ടറി, പോളിറ്റ്ബ്യൂറോ അംഗം അങ്ങനെ പാർട്ടിയുടെ സമുന്നത നേതാവായി മാറിയ വി.എസിനെ അച്ചടക്ക നടപടിയുടെ പേരിൽ പോളിറ്റ്ബ്യൂറോയിൽ നിന്ന് ഒഴിവാക്കി. അവിടെയും വി.എസിൻെറ ശോഭ കെട്ടില്ല. ജനമനസിൻെറ പോളിറ്റ്ബ്യൂറോയിൽ നിന്ന് വി.എസിനെ പുറത്താക്കാനാവില്ല.


എം.എൽ.എയും ഭരണപരിഷ്കാര കമ്മിഷൻ ചെയർമാനുമായ വി.എസ് തിരഞ്ഞെടുപ്പുകളിൽ ഒരാവേശമാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെയെല്ലാം വിജയമന്ത്രം. വി.എസിൻെറ ഫോട്ടോ വച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പ് അഭ്യർത്ഥനയോടെയാണ് എല്ലാ എൽ.ഡി.എഫ് സ്ഥാനാർത്ഥികളും വോട്ട് അഭ്യർത്ഥിച്ചിരുന്നത്.


ഫ്ളക്സുകളിൽ വി.എസ് തരംഗവും. ആ തരംഗവും ആ പ്രസംഗവുമാണ് എൽ.ഡി.എഫിലേക്ക് വോട്ട് മറിഞ്ഞതിന് പിന്നിലെ കരുത്ത്.

മാരിരിക്കുളത്തെ വോട്ടെടുപ്പ് എക്കാലവും ചർച്ചാവിഷയമാവാറുള്ളതാണ്. അരൂർ മണ്ഡലത്തിൽ ഗൗരിഅമ്മയോട് രണ്ട് തവണ തോറ്റ് തുന്നം പാടിയതിൻെറ അനുഭവത്തിൽ നിന്നാണ് ഫ്രാൻസിസ് വി.എസിനെ നേരിടാനെത്തിയത്. ജയിക്കുമെന്നത് സ്വപ്നത്തിൽ പോലുമില്ല.

ഫ്രാൻസിസിനെ എതിരാളിയായി വി.എസ് കണക്കാക്കിയതേയില്ല. എസ്.ഡി.വി ഹൈസ്കൂളിലായിരുന്നു വോട്ടെണ്ണൽ. അന്ന് ദൂരദർശൻ മാത്രമേ വിഷ്വൽ മീഡിയയായുള്ളൂ. വി.എസ് വിജയിച്ച് പുറത്തേക്ക് വരുന്നത് തത്സമയം പകർത്താൻ അവർ സകല തയ്യാറെടുപ്പുകളുമായി നിൽക്കുകയാണ്.


അപ്പോഴാണ് ഇടിമിന്നൽ പോലെ ആ വാർത്ത പരന്നത് വി.എസ് തോറ്റു. ഫ്രാൻസിസിന് വിജയം. ഞെട്ടിപ്പോയി കേട്ടവർ. അതൊരു ഞെട്ടലായി കേരളക്കരയാകെ മാറിയപ്പോൾ ഒരാൾ പൊട്ടിക്കരഞ്ഞു പോയി, വി.എസ് അല്ല, സാക്ഷാൽ ഫ്രാൻസിസ്.


സന്തോഷം കൊണ്ടോ സന്താപം കൊണ്ടോ എന്തുകൊണ്ടോ ഫ്രാൻസിസ് കണ്ണുനീരണിഞ്ഞുകൊണ്ട് ഡി.സി.സി ഓഫീസിലേക്ക് വരികയാണ്. വിജയിയെ എതിരേൽക്കാൻ കോൺഗ്രസ് നേതാക്കൾ തയ്യാറെടുത്ത് നിൽക്കുകയാണ്.

കരഞ്ഞുകൊണ്ട് വന്ന ഫ്രാൻസിസിനെ കണ്ട് അവർ അന്തം വിട്ടു. ഫ്രാൻസിസിനെ ചിരിപ്പിക്കാൻ അവർ ശ്രമിച്ചു. കരച്ചിലടങ്ങുന്നില്ല. ആശ്വസിപ്പിക്കാൻ ശ്രമിച്ചു. രക്ഷയില്ല. ഫ്രാൻസിസ് വീണ്ടും വീണ്ടും പൊട്ടിക്കരയുകയാണ്.

vs achuthanandan-9

ഇങ്ങനെയൊരു സ്ഥാനാർത്ഥി ഒരിടത്തും കരഞ്ഞ ചരിത്രം കാണില്ല. വിജയിച്ചതിൻെറ കരച്ചിലായിരുന്നു അതെങ്കിൽ വി.എസിൻെറ മനസ് കരയാതെ പരാജയത്തിൻെറ ആഴങ്ങൾ തേടുകയായിരുന്നു. 2001 ൽ ഫ്രാൻസിസ് വീണ്ടും മത്സരിച്ചെങ്കിലും തോമസ് ഐസക്കിൻെറ മുന്നിൽ അടിതെറ്റി വീഴുകയും ചെയ്തു. 


ഒരു ചതിയുടെ മുഖമാണ് ആ പരാജയമെന്ന് പാർട്ടി തിരിച്ചറിഞ്ഞു. വി.എസിനെ തോൽപ്പിക്കാൻവേണ്ടി നടത്തിയ ബോധപൂർവമായ നീക്കം. മാരാരിക്കുളത്തെ എം.എൽ.എയായിരുന്ന വി.എസ് മണ്ഡലത്തിൽ ചെയ്ത നൂറ് കാര്യങ്ങൾ കാണിച്ചിറക്കിയ പ്രസ്താവന നേരെ ദോഷമായി വന്നു ഭവിക്കുകയായിരുന്നു.


ചെയ്യാത്ത കാര്യങ്ങൾപോലും ചെയ്തു എന്ന് കാണിച്ചുള്ളതായിരുന്നു പ്രസ്താവന. വി.എസ് ആകട്ടെ ഈ പ്രസ്താവന കണ്ടതുമില്ല. ഇത് വോട്ടർമാർക്കിടയിൽ വ്യത്യസ്ത ചിന്താഗതിയുണ്ടാക്കി. അത് ബോധപൂർവമായ ഇടപെടലായിരുന്നുവെന്ന് പിന്നീട് തിരിച്ചറിഞ്ഞു.

അന്വേഷണമായി, അച്ചടക്ക നടപടിയായി. അതിൽ തെറിച്ചത് സി.പി.എം മാരാരിക്കുളം ‌ഏരിയാ സെക്രട്ടറി ടി.കെ. പളനിയായിരുന്നു. ദീർഘകാലം കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡൻറായിരുന്ന പളനിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി.

പിന്നെ സി.പി.ഐയിൽ ചേർന്ന പളനി വീണ്ടും സി.പി.എമ്മിലേക്ക് തിരിച്ചു വന്നു. പൊതുപ്രവർത്തകനായിരുന്ന പളനി പിന്നെ തിരഞ്ഞെടുപ്പില്ലാത്ത, അച്ചടക്ക നടപടിയില്ലാത്ത ലോകത്തേക്ക് വിടവാങ്ങി.

Advertisment