/sathyam/media/media_files/2025/07/21/vs-achuthanandan-3-2025-07-21-19-59-40.jpg)
തിരുവനന്തപുരം: വി.എസ് എന്ന രണ്ടക്ഷരത്തിലേക്ക് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ ചുരുങ്ങിയപ്പോൾ വലിയ സമര ചരിത്രമാണ് എഴുതപ്പെട്ടത്. പാർട്ടിക്കുള്ളിലും പുറത്തും തനിക്ക് അനീതിയാണ് എന്ന് ബോധ്യപ്പെടുന്ന ഏതിനോടും കലഹിക്കുന്നതിൽ വി.എസിന് വിട്ടുവീഴ്ചയുണ്ടായിരുന്നില്ല.
ഒരു വ്യാഴവട്ടക്കാലം സംസ്ഥാന സെക്രട്ടറിയെന്ന നിലയിൽ കേരളത്തിൽ സി.പി.എമ്മിനെ നയിച്ച വി എസിനെ എക്കാലത്തും നയിച്ചത് ലെനിനിസ്റ്റ് സംഘടനാ ബോധ്യങ്ങളുടെ നേർരേഖയായിരുന്നു. ഏഴ് തവണ കേരള നിയമസഭയിൽ അംഗമായി. ഒരു തവണ മുഖ്യമന്ത്രിയായ വി.എസ് മൂന്ന് തവണ പ്രതിപക്ഷ നേതാവായിരുന്നു.
1964 ൽ സി.പി.ഐ നാഷണൽ കൗൺസിലിൽ നിന്നും ഇറങ്ങി വന്ന് സി.പി.എം രൂപീകരിച്ച 32 സഖാക്കളിൽ ജീവിച്ചിരുന്ന ഏറ്റവും അവസാനത്തെ കണ്ണിയായിരുന്നു അദ്ദേഹം. പാർട്ടിക്ക് പിന്നിൽ പാറപോലെ ഉറച്ചു നിൽക്കുന്ന വി.എസ്, പതറിപ്പോയത് രണ്ട് ഘട്ടങ്ങളിലാണ്.
1996ൽ മുഖ്യമന്ത്രിയാകുമെന്ന് വിശ്വാസത്തോടെ മത്സരിക്കുമ്പോൾ മാരാരിക്കുളത്ത് വി എസ് പരാജയം ഏറ്റുവാങ്ങി. ഒപ്പമുണ്ടായിരുന്നവർ പിന്നിൽ നിന്നും കുത്തിയതാണെന്ന് പാർട്ടി കണ്ടെത്തി. അതിന് വി എസ് പകരം വീട്ടിയത് രണ്ട് ഘട്ടമായിട്ടായിരുന്നു. തന്നെ തോൽപ്പിച്ചവരുടെ മനക്കോട്ടകളെ തകർത്ത് മുഖ്യമന്ത്രിയായി മൂന്നാമതും ഇ കെ നായനാരെ കൊണ്ടുവരുന്നതിൽ വി എസ് വിജയിച്ചു.
അടുത്ത ഊഴം പാലക്കാട് പാർട്ടി സമ്മേളനത്തിലാണ്. ഇ.എം.എസ്സിനോട് പോലും എതിരിട്ടുകൊണ്ടാണ് വി.എസ് പാർട്ടിയിൽ തനിക്കുള്ള അപ്രമാദിത്വം പാലക്കാട് സമ്മേളനത്തിൽ ഉറപ്പിച്ചത്. എതിരാളികളെ വെട്ടിനിരത്തി വി.എസ് പാർട്ടിയെ സ്വന്തമാക്കി.
എന്നാൽ അത് അധികകാലം തുടർന്നില്ല. അടുത്ത കണ്ണൂർ സമ്മേളനം മുതൽ പാർട്ടിയിൽ പുതിയ ശക്തി കേന്ദ്രവും ശാക്തിക ചേരിയും രൂപപ്പെട്ടു. അതിന്റെ തുടർച്ചയിൽ 2005 ലെ മലപ്പുറം സമ്മേളനത്തിൽ വി.എസ് പക്ഷം വെട്ടിനിരത്തപ്പെട്ടു. വി.എസ് എന്നയാൾ ഒരു ചേരിയായി മാറിയപ്പോൾ പിണറായി വിജയൻ എന്ന ഇന്നത്തെ മുഖ്യമന്ത്രിയായിരുന്നു മറുവശത്ത് നിന്ന് ആശയസമരം നയിച്ചത്.
വാക്കുകൾ കൂരമ്പുകളായി മാറിയ കാലത്ത് ഇരുവരും കൊണ്ടും കൊടുത്തും മുന്നേറി. അപ്പോഴും ജനങ്ങളും അവരുടെ പ്രശ്‌നങ്ങളുമായിരുന്നു. വി.എസിന്റെ മുൻഗണനാപട്ടികയിൽ ഉണ്ടായിരുന്നത്. പിന്നീട് ഭൂരിഭാഗം ജില്ലകളിലും പിണറായി വിജയൻ പിടിച്ചെടുത്തിട്ടും പേരാട്ടത്തിൽ നിന്നും പിന്നാക്കം പോകാൻ വി.എസ് തുനിഞ്ഞതേയില്ല.
ട്രേഡ് യൂണിയനിസ്റ്റും കർക്കശ പാർട്ടിക്കാരനുമായ വി.എസ് 1990 കൾക്ക് ശേഷം കൂടുതൽ ജനകീയനാകുന്നതാണ് കേരളം കണ്ടത്. പാർട്ടി അച്ചടക്കം പോലെ തന്റെ ശൈലിയിലും കാർക്കശ്യം പുലർത്തിയിരുന്ന വി.എസ് പിന്നീട് അതിനെ പൊതുസമൂഹത്തിന് ഇണങ്ങുന്ന വിധത്തിൽ തന്റേതായ രീതിയിൽ മാറ്റിയെഴുതി.
ആശയങ്ങളിലും നിലപാടുകളിലും അണുവിട വ്യത്യാസപ്പെട്ടില്ലെങ്കിലും സമീപനത്തിൽ അദ്ദേഹം മറ്റൊരു രീതി സ്വീകരിച്ചു. തൊഴിലാളി യൂണിയനുകളുടെയും പാർട്ടി പരിപാടികളുടെയും ഒപ്പം മാത്രമായിരുന്ന വി.എസ് അച്യുതാനന്ദൻ കേരളീയരുടെ പൊതുവിഷയങ്ങളിൽ ഇടപെടുന്ന നേതാവായി ജനഹൃദയങ്ങളിൽ സ്ഥാനം നേടി. വിശ്വസിക്കാൻ കഴിയുന്ന രാഷ്ട്രീയനേതാവായി, മനുഷ്യനായി വി.എസിനെ മലയാളി കണ്ടു. രാഷ്ട്രീയ എതിരഭിപ്രായങ്ങൾക്കപ്പുറം വി.എസ് ഉയർന്നു വന്നു.
ഏഴാം ക്ലാസ് വരെ മാത്രം ഔദ്യോഗിക വിദ്യാഭ്യാസമുള്ള വി.എസ്, ഏതെങ്കിലും ഒരു വിഷയം ഏറ്റെടുത്ത് രംഗത്ത് വരുന്നുണ്ടെങ്കിൽ അതിന് മുമ്പ് ആ വിഷയത്തെ കുറിച്ച് കഴിയുന്നത്ര പൂർണ്ണമായി പഠിച്ചിരിക്കും. അതിനായി ആ വിഷയങ്ങളിൽ ലഭിക്കാവുന്ന വിവരങ്ങൾ മുഴുവൻ അദ്ദേഹം ശേഖരിക്കും. അതിൽ അറിവുള്ളവരുമായി സംസാരിക്കും. സംശയങ്ങൾ ദൂരികരിക്കും. അതിന് ശേഷം മാത്രമേ അതിലൊരു പ്രസ്താവന നടത്തുകയുള്ളൂ.
മൈക്ക് കൊണ്ട് വെക്കുമ്പോൾ പറയുന്ന മറുപടിയല്ല വി.എസ് ഏറ്റെടുക്കുന്ന വിഷയങ്ങളിൽ സ്വീകരിക്കുന്ന സമീപനം. ഏത് വിഷയത്തിലും വി.എസ് എന്തു പറയുന്നുവെന്ന് അനുകൂലികളും പ്രതികൂലികളും ഏറെ ശ്രദ്ധയോടെ കാത്തിരുന്നു. ഭരണത്തിലിരിക്കു മ്പോഴും പ്രതിപക്ഷ മനസ് സൂക്ഷിച്ച രാഷ്ട്രീയക്കാരനായിരുന്നു വി.എസ് എന്നും മലയാളികളുടെ മനസിൽ മായാതെ നിൽക്കും.