സ്മരണകളിൽ തികട്ടി വരുന്ന ക്യാപിറ്റൽ പണീഷ്‌മെന്റ്. 2012ലെ തിരുവനന്തപുരം സിപിഎം സമ്മേളനം വീണ്ടും ചർച്ചയാക്കി പിരപ്പൻകോട് മുരളി. വി.എസിനെ ക്യാപിറ്റൽ പണീഷ്‌മെന്റിന് വിധേയമാക്കണമെന്ന് എം. സ്വരാജ് പ്രസംഗിച്ചു. പ്രതിനിധി സമ്മേളനത്തിലെ പ്രസംഗം കേട്ട് വേദിയിലെ നേതൃസഖാക്കൾ ചിരിയോടെ പ്രോത്സാഹിപ്പിച്ചു. വി.എസിന്റെ മരണത്തിലും അലയടിച്ച് വിവാദങ്ങൾ

2012ലെ തിരുവനന്തപുരം സമ്മേളനത്തിലെ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്ത് പ്രസംഗിച്ച എം. സ്വരാജ് വി.എസിനെ ക്യാപിറ്റൽ പണീഷ്‌മെന്റിന് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുവെന്ന് പിരപ്പൻകോട് മുരളി വ്യക്തമാക്കുന്നു

New Update
vs achuthanandan pirappankod murali m swaraj
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: സമരപോരാട്ടങ്ങളുടെ കനലുകൾ ഉള്ളിൽ സൂക്ഷിച്ച് 101-ാം വയസിൽ വി.എസ് അച്യുതാനന്ദൻ വിടപറയുമ്പോഴും വിവാദങ്ങൾ അവസാനിക്കുന്നില്ല.

Advertisment

ഇക്കഴിഞ്ഞ നിലമ്പൂർ തിരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥിയായി മത്സരിച്ച് വമ്പൻ പരാജയം ഏറ്റുവാങ്ങിയ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് വി.എസിനെ പറ്റി നടത്തിയ പരാമർശമാണ് വി.എസിന്റെ മരണശേഷം പിരപ്പൻകോട് മുരളി എഴുതിയ ലേഖനത്തിലൂടെ വീണ്ടും ചർച്ചയാവുന്നത്.


വിവാദ പരാമർശം താൻ നടത്തിയിട്ടില്ലെന്നും ഇതെല്ലാം മാധ്യമസൃഷ്ടിയാണെന്നും എം. സ്വരാജ് പല തവണ വ്യക്തമാക്കിയിരുന്നു. എന്നാൽ അതിനെ ഖണ്ഡിക്കുന്ന വിധത്തിലാണ് മനോരമയിലെ 13-ാം പേജിൽ അകത്തും പുറത്തും സമരം എന്ന ലേഖനത്തിൽ പിരപ്പൻ കോട് മുരളി വീണ്ടും കാര്യങ്ങൾ വിശദീകരിക്കുന്നത്.


മരാരിക്കുളത്ത് വി.എസ് പരാജയപ്പെട്ടത് മുതലുള്ള കാര്യങ്ങളാണ് അദ്ദേഹം ലേഖനത്തിൽ അക്കമിട്ട് നിരത്തുന്നത്. ഇതിന് പകരമായി പാലക്കാട് നടന്ന സംസ്ഥാന സമ്മേളനത്തിൽ സി.ഐ.ടി.യു വിഭാഗത്തെ മുട്ടുകുത്തിച്ച് പാർട്ടി കൈപിടിയിലാക്കിയ കാര്യങ്ങളാണ് ആദ്യം പറയുന്നത്.

തുടർന്ന് പിണറായി വിജയൻ പാർട്ടി സംസ്ഥാന സെക്രട്ടറിയാവുന്നതും കൈരളി ചാനലിന്റെ വരവോടെ പാർട്ടി അടിമുടി മാറിയതുമെല്ലാം വ്യക്തമാക്കുന്നു.

2006ലെ മലപ്പുറം സമ്മേളനത്തിൽ വി.എസിനെ വരിഞ്ഞുമുറക്കി പിണറായി പക്ഷം പാർട്ടി പിടിച്ചതും തുടർന്ന് വി.എസിന്റെ സീറ്റ് നിഷേധവും ലേഖനത്തിൽ വിവരിക്കുന്നുണ്ട്.


2006ൽ വി.എസിനെ വികസന വിരുദ്ധനാക്കി മുദ്രകുത്തി സീറ്റ് നിഷേധിക്കാൻ പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായും ലേഖനത്തിൽ പറയുന്നു. തുടർന്ന് കേരളം പ്രക്ഷുബ്ധമാകുകയും ജനമിളകുകയും ചെയ്തതോടെ തീരുമാനം തിരുത്താൻ പാർട്ടി പൊളിറ്റ് ബ്യൂറോ നിർബന്ധിതമായെന്നും അദ്ദേഹം വ്യക്തമാക്കുന്നു.


തുടർന്നാണ് 2012ലെ തിരുവനന്തപുരം സമ്മേളനത്തിലെ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്ത് പ്രസംഗിച്ച എം. സ്വരാജ് വി.എസിനെ ക്യാപിറ്റൽ പണീഷ്‌മെന്റിന് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുവെന്ന് പിരപ്പൻകോട് മുരളി വ്യക്തമാക്കുന്നത്.

പ്രസംഗം കേട്ട് കൊണ്ടിരുന്ന വേദിയിലെ നേതൃസഖാക്കൾ ചിരിയോടെ ആ പ്രസംഗത്തെ പ്രോത്സാഹിപ്പിച്ചു. പൊതുസമ്മേളനത്തിൽ വി.എസ് ഇതിനെതിരെ ചുട്ട മറുപടി നൽകിയെന്നും ലേഖനത്തിൽ പറയുന്നു.

നിലവിൽ പലതവണ സ്വരാജ് തള്ളിക്കളഞ്ഞ ആരോപണമാണ് പാർട്ടി മുൻ സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ പിരപ്പൻ കോട് മുരളി തുറന്നെഴുതിയിരിക്കുന്നതിലൂടെ വീണ്ടും വിവാദങ്ങളിൽ നിറയുന്നത്.

Advertisment