തിരുവനന്തപുരം: അനിശ്ചിതത്വങ്ങൾക്കും പൂർത്തിയായ അറ്റകുറ്റ പണികൾക്കും ശേഷം ബ്രിട്ടന്റെ യുദ്ധവിമാനമായ എഫ് 35 അനന്തപുരി വിട്ടു. ഇന്ന് രാവിലെ 10.50ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന വിമാനം ഓസ്‌ട്രേലിയയിൽ ലാന്റ് ചെയ്യും. ഒരു മാസത്തിലേറെയായി തലസ്ഥാനത്ത് തങ്ങിയ വിമാനം ഏറെ ട്രോളുകൾക്കും വിധേയമായിരുന്നു.
ഇസ്രയേൽ- ഇറാൻ യുദ്ധം ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തലസ്ഥാനത്ത് എത്തിയ ബ്രിട്ടീഷ് യുദ്ധവിമാനം ഏറെ അഭ്യൂഹങ്ങൾ പടർത്തിയിരുന്നു. ഇറാനെ ആക്രമിക്കാനുള്ള ബ്രിട്ടന്റെ പദ്ധതിയുടെ ഭാഗാമായി പോലും വിമാനത്തിന്റെ ലാൻഡിംഗ് വിലയിരുത്തപ്പെട്ടു.
എന്നാൽ വിമാനത്തിലെ ഇന്ധനം തീരാറായതിനെ തുടർന്നാണ് ഇത് നിലത്തിക്കിയതെന്ന വസ്തുത പിന്നീടാണ് പുറത്തെത്തിയത്. കഴിഞ്ഞ മാസം 14നാണു വിമാനം തിരുവനന്തപുരത്ത് ഇറക്കിയത്.
അറബിക്കടലിലെ ബ്രിട്ടിഷ് വിമാനവാഹിനിക്കപ്പലിൽ നിന്നു പരിശീലനത്തിനായി പറന്നുയർന്ന വിമാനം ഇന്ധനം തീരാറായതോടെയാണ് അടിയന്തര ലാൻഡിങ് വേണ്ടിവന്നത്.
/filters:format(webp)/sathyam/media/media_files/2025/07/22/f35-fighter-jet-2-2025-07-22-19-55-01.jpg)
ഇതിനിടെ ഹൈഡ്രോളിക് സംവിധാനത്തിനു തകരാർ സംഭവിച്ചു. ബ്രിട്ടനിൽനിന്നുള്ള വിദഗ്ദ്ധ സംഘമെത്തുന്നതു വരെ വിമാനത്താവളത്തിലെ തുറസ്സായ സ്ഥലത്താണു വിമാനം നിർത്തിയിട്ടത്.
ഹൈഡ്രോളിക് സംവിധാനത്തിലെ തകരാർ പരിഹരിക്കാൻ ഏതാനും ആഴ്ചകൾ മുൻപ് ബ്രിട്ടനിൽ നിന്നും എൻജിനിയറുമാർ എത്തിയിരുന്നു. തലസ്ഥാനത്ത് അവരെയും വഹിച്ചെത്തിയ ഗ്ലോബ് മാസ്റ്റർ വിമാനമിറങ്ങിയതും കൗതുകമുണർത്തി.
അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വിമാനം പോയതോടെ ബ്രിട്ടനിൽ നിന്നും എത്തിയ 14 അംഗ വിദഗ്ദ്ധ സംഘത്തെ കൊണ്ടുപോകാൻ ബ്രിട്ടിഷ് സേനാ വിമാനം നാളെയെത്തും.
/filters:format(webp)/sathyam/media/media_files/2025/07/22/royal-airforce-2025-07-22-19-58-45.jpg)
അറ്റകുറ്റ പണികൾക്കായി നിർത്തിയിട്ടിരുന്ന എയർ ഇന്ത്യയുടെ ഹാങ്ങറിൽനിന്ന് ഇന്നലെ രാവിലെ പുറത്തിറക്കിയ വിമാനത്തിൽ ഇന്ധനം നിറച്ചിരുന്നു. ഈമാസം 6ന് തിരുവനന്തപുരത്തെത്തിയ സംഘം വിമാനത്തെ ഹാങ്ങറിലേക്കു മാറ്റിയിരുന്നു.
വിമാനത്താവളത്തിൽ യുദ്ധവിമാനം നിർത്തിയിട്ടതിന്റെ പാർക്കിങ് ഫീസ് വിമാനത്താവള നടത്തിപ്പുകാരായ അദാനി കമ്പനിക്കു ബ്രിട്ടിഷ് സേന നൽകേണ്ടി വരും. ഹാങ്ങർ ഉപയോഗിച്ചതിന്റെ വാടക എയർ ഇന്ത്യയ്ക്കും നൽകും. ഗ്ലോബ് മാസ്റ്റർ വിമാനമിറങ്ങിയതിന്റെ വാടകയും സദാനി ഈടാക്കിയേക്കും.
എന്നാൽ അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര ബന്ധമുള്ള ബ്രിട്ടനിൽ നിന്നും ഈടാക്കേണ്ട തുക കേന്ദ്ര സർക്കാരുമായുള്ള കൂടിയാലോചനകളുടെ അടിസ്ഥാനത്തിലാവും തീരുമാനിക്കപ്പെടുക.