തിരുവനന്തപുരം: സംസ്ഥാന ബി.ജെ.പിയിലെ സംഘടനാ ഭാരവാഹികളുടെ നിയമനങ്ങളിൽ തിരിച്ചടി നേരിട്ട മുരളീധരപക്ഷത്തിന് കനത്ത പ്രഹരം സമ്മാനിച്ച് യുവമോർച്ച നിയമനം. തലസ്ഥാന ജില്ലയിൽ നിന്നും വി. മനുപ്രസാദിനെയാണ് യുവമോർച്ചയുടെ പുതിയ അദ്ധ്യക്ഷനായി നിയമിച്ചിട്ടുള്ളത്.
യുവരാജ് ഗോകുൽ അടക്കമുള്ള ഈർജ്ജസ്വലരായ ചെറുപ്പക്കാരെ തഴഞ്ഞാണ് മനുപ്രസാദ് എന്ന പുതുമുഖത്തെ സംസ്ഥാന നേതൃത്വം നിയമിച്ചിട്ടുള്ളത്. മഹിള മോർച്ച സംസ്ഥാന അദ്ധ്യക്ഷ പദവി ലക്ഷ്യം വെച്ച ടി.പി സിന്ധുമോളെയും സംസ്ഥാന നേതൃത്വം അരിഞ്ഞുവീഴ്ത്തി.
പ്രിയങ്കാ ഗാന്ധിക്കെതിരെ വയനാട് ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ച നവ്യ ഹരിദാസിനെയാണ് പുതിയ അദ്ധ്യക്ഷയായി നിയമിച്ചിട്ടുള്ളത്. ണ്ടു തവണയായി കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ അംഗമാണ് നവ്യ. നിലവിൽ കൗൺസിലിലെ പാർട്ടി ലീഡറാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിലെയും സ്ഥാനാർഥിയായിരുന്നു.
ഒ.ബി.സി മോർച്ച സംസ്ഥാന അധ്യക്ഷനായി എം.പ്രേമൻ, എസ്.സി മോർച്ചയിലേക്ക് ഷാജുമോൻ വട്ടേക്കാട്, എസ്.ടി മോർച്ച സംസ്ഥാന അധ്യക്ഷനായി മുകുന്ദൻ പള്ളിയറ എന്നിവരെ നിശ്ചയിച്ചു. സുമിത് ജോർജിനെ മൈനോരിറ്റി മോർച്ചയുടെയും ഷാജി രാഘവനെ കിസാൻ മോർച്ചയുടെയും സംസ്ഥാന അധ്യക്ഷൻമാരായി നിയമിച്ചിട്ടുണ്ട്.
നിലവിലെ നിയമനങ്ങൾ വെച്ച് നോക്കിയാൽ സംസ്ഥാനത്ത് മുരളീധരപക്ഷത്തെ പൊളിച്ചടുക്കുന്ന തരത്തിലാണ് ഇത് നടന്നിട്ടുള്ളത്. ഇതിൽ കടുത്ത അമർഷമാണ് പാർട്ടിക്കുള്ളിൽ ഉരുണ്ട്കൂടുന്നത്. പുതിയ സംസ്ഥാന നേതൃത്വം കാര്യമായ കൂടിയാലോചനകളില്ലാതെയാണ് സംഘലടനാ നിയമനങ്ങൾ നടത്തുന്നതെന്നാണ് വിമർശനം ഉയർന്നിട്ടുള്ളത്.
സംസ്ഥാന ജനറൽ സെക്രട്ടറിമാരെ നിയമിച്ചപ്പോഴും മുരളീപക്ഷത്തിന് ഒരാളെ പോലും കിട്ടിയില്ല. തികച്ചും അപ്രധാനമായ ഉപാദ്ധ്യക്ഷ സ്ഥാനത്ത് രണ്ട് പേർക്ക് പേരിന് നിയമനം നൽകിയെന്നതൊഴിച്ചാൽ ഇക്കഴിഞ്ഞ കാലയളവിലാകെ പാർട്ടിയെ കൈകാര്യം ചെയ്ത വിഭാഗത്തെ അക്ഷരാർത്ഥത്തിൽ കറിവേപ്പിലയാക്കി.
മുരളീധരപക്ഷത്തിന് ഒപ്പം നിലയുറപ്പിച്ചിരുന്ന തലസ്ഥാന ജില്ലയിലെ നേതാക്കളായ എസ്.സുരേഷ്, വി.വിരാജേഷ് എന്നിവർ ഔദ്യോഗിക നേതൃത്വത്തിനൊപ്പം നിലയുറപ്പിച്ചു കഴിഞ്ഞു. സുരേഷ് നിലവിൽ ജനറൽ സെക്രട്ടറിയും രാജേഷ് സംസ്ഥാന സെക്രട്ടറിയുമാണ്.
/filters:format(webp)/sathyam/media/media_files/2025/07/23/k-surendran-v-muraleedharan-2025-07-23-15-29-00.jpg)
മുൻ സംസ്ഥാന അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ വി. മുരളീധരനും നിലവിൽ സ്ഥാനമൊഴിഞ്ഞ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും ഇനി ദേശീയ നേതൃത്വത്തിലും സ്ഥാനമാനങ്ങൾ നൽകേണ്ടതില്ലെന്നാണ് ദേശീയ നേതൃത്വത്തിലെ തീരുമാനമെന്നും പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ നിന്നും സൂചനകൾ ലഭിക്കുന്നുണ്ട്.
മുരളീധരന് ഇക്കാലയളിൽ ഏറെ സ്ഥാനമാനങ്ങൾ ലഭിച്ചുവെന്നും കേന്ദ്രമന്ത്രി പദവി ലഭിച്ചിട്ടും തിരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിഞ്ഞില്ലെന്നും ഇനി ഇത്തരം പദവികൾ നൽകേണ്ടതില്ലെന്നുമാണ് പാർട്ടിയുടെ വിലയിരുത്തലുകൾ.
തിരഞ്ഞെടുപ്പിൽ വിജയിച്ച് വന്നാൽ മാത്രം ഇനി പദവികളെ കുറിച്ച് ചിന്തിച്ചാൽ മതിയെന്ന തിട്ടൂരമാണ് കേന്ദ്രനേതൃത്വം നൽകുന്നത്. മുൻ സംസ്ഥാന അദ്ധ്യക്ഷനായ സുരേന്ദ്രനും നിലവിൽ പദവികളൊന്നും നൽകുമെന്ന് ഇതുവരെ സൂചനകളില്ല.