ശബരിമല മണ്ഡല, മകരവിളക്ക്; നെയ്യ് നല്‍കുന്നതിനുള്ള അനുമതി മില്‍മയ്ക്ക്. മില്‍മയുടെ നന്മ ശബരിമല പ്രസാദത്തിലും: മില്‍മ ചെയര്‍മാന്‍ കെ.എസ് മണി

New Update
milma

തിരുവനന്തപുരം: നവംബറില്‍ ആരംഭിക്കുന്ന മണ്ഡല, മകര വിളക്ക് തീര്‍ത്ഥാടന കാലത്ത് ശബരിമല, പമ്പ, നിലക്കല്‍ ക്ഷേത്രങ്ങളില്‍ പ്രസാദം തയ്യാറാക്കുന്നതിന് വേണ്ട നെയ്യ് നല്‍കുന്നതിനുള്ള അനുമതി മില്‍മ (കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍) യ്ക്ക് ലഭിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് നെയ്യ് നല്‍കുന്നതിനുള്ള അനുമതി മില്‍മയ്ക്ക് നല്‍കിയത്.

Advertisment

സംസ്ഥാനത്ത് ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങള്‍ക്ക് ആവശ്യമുള്ള പാല്‍, തൈര്, നെയ്യ്, വെണ്ണ തുടങ്ങിയ എല്ലാ ഉല്‍പ്പന്നങ്ങളും മില്‍മയില്‍ നിന്ന് വാങ്ങണമെന്ന് ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍ദ്ദേശിച്ചിരുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ഉന്നതാധികാര അവലോകന സമിതി മില്‍മ നെയ്യിന്‍റെ ഉയര്‍ന്ന ഗുണനിലവാരം ഉറപ്പുവരുത്തി. മില്‍മ ഉദ്യോഗസ്ഥരുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി. 

ശബരിമല, പമ്പ, നിലക്കല്‍ എന്നിവിടങ്ങളില്‍ മില്‍മ സ്റ്റാളുകള്‍ സ്ഥാപിക്കാനുള്ള നിര്‍ദ്ദേശവും ദേവസ്വം ബോര്‍ഡ് പരിഗണിക്കുന്നുണ്ട്.

മില്‍മയുടെ തെക്കന്‍ മേഖലാ യൂണിറ്റായ തിരുവനന്തപുരം റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ (ടി.ആര്‍.സി.എം.പി.യു) ആണ് ശബരിമല ക്ഷേത്രത്തിലേക്ക് നെയ്യ് വിതരണം ചെയ്യുന്നത്.

മില്‍മ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തിനും വിശ്വാസ്യതക്കും ലഭിച്ച അംഗീകാരമായാണ് ദേവസ്വം ബോര്‍ഡിന്‍റെ ഈ തീരുമാനത്തെ കാണുന്നതെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി പറഞ്ഞു. 

മില്‍മയുടെ നന്മ  ഇനി ശബരിമല പ്രസാദത്തിലുമുണ്ടാകും. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് ഭക്തര്‍ എത്തുന്ന രാജ്യത്തെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ ശബരിമലയില്‍ മില്‍മയുടെ സാന്നിധ്യം വിപുലപ്പെടുത്താന്‍ അവസരം നല്‍കിയതിന് ദേവസ്വം മന്ത്രിയോടും സംസ്ഥാന സര്‍ക്കാരിനോടും ചെയര്‍മാന്‍ നന്ദി അറിയിച്ചു.

കേരളത്തിലെ ലക്ഷക്കണക്കിന് ക്ഷീരകര്‍ഷകരുടെ അഭിവൃദ്ധിയെ സഹായിക്കുന്ന ഈ തീരുമാനം കൈക്കൊണ്ടതിന് മന്ത്രിക്കും, ദേവസ്വം വകുപ്പിനും സംസ്ഥാന സര്‍ക്കാരിനും മില്‍മ ഭരണസമിതി അഭിനന്ദനം രേഖപ്പെടുത്തി.

Advertisment