തിരുവനന്തപുരം: കാലയവനികയ്ക്കുള്ളിൽ മറഞ്ഞ വി.എസിനെ തിരുവനന്തപുരം സമ്മേളനത്തിന്റെ പൊതു സമ്മേളനത്തിൽ അതിരു കടന്ന് എം. സ്വരാജ് വിമർശിച്ചുവെന്ന ആരോപണം വിവാദം വീണ്ടും കൊഴുക്കുന്നു.
വി.എസ് അച്യുതാനന്ദനെ ക്യാപിറ്റൽ പണീഷ്‌മെന്റിന് വിധേയമാക്കണമെന്ന് എം. സ്വരാജ് പറഞ്ഞതായി സി.പി.എം മുൻ സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ പിരപ്പൻകോട് മുരളി ഒരു മുഖ്യധാരാ പത്രത്തിൽ എഴുതിയ ലേഖനത്തിലൂടെ വെളിപ്പെടുത്തിയതാണ് വീണ്ടും വിവാദത്തെ കൊഴുപ്പിക്കുന്നത്.
ഒന്നലധകം തവണ സ്വരാജ് തന്നെ നിഷേധിച്ച ആരോപണം സ്ഥിരീകരിച്ച് മുതിർന്ന സി.പി.എം നേതാവായിരുന്ന ആൾ തന്നെ രംഗത്ത് വന്നത് വീണ്ടും പാർട്ടിക്കുള്ളിൽ ചർച്ചയായിട്ടുണ്ട്.
ആരോപണം ശുദ്ധ അസംബന്ധമാണെന്നും മുരളിക്ക് പാർട്ടി അംഗത്വമില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തന്നെ വ്യക്തമാക്കിയതോടെയാണ് നിലവിൽ തർക്കം കടുത്തത്.
താൻ സ്വരാജിന്റെ പേര് പറഞ്ഞില്ലെന്നും ഒരു ചെറുപ്പക്കാരൻ എന്ന വാക്കാണ് ഉപയോഗിച്ചതെന്നുമാണ് പിരപ്പൻ കോട് മുരളിയുടെ വാദം. പേര് പുറത്ത് പറഞ്ഞത് ഗോവിന്ദൻ മാഷാണെന്നും തന്നെ കമ്മ്യൂണിസ്റ്റ് വിരുദ്ധനാക്കാനുള്ള പുറപ്പാട് വേണ്ടെന്നുമാണ് മുരളി വ്യക്തമാക്കുന്നത്. എന്തായാലും മുമ്പ് കെട്ടടങ്ങിയ വിവാദം വി.എസിന്റെ അന്ത്യയാത്രയോടെയാണ് ഉയർന്നു വന്നിട്ടുള്ളത്.
പാർട്ടിക്കുള്ളിൽ സ്വരാജിനെതിരായ ഒരു പേരി രൂപപ്പെടാനുള്ള സാഹചര്യമാണ് പിരപ്പൻ കോടിന്റെ തുറന്നു പറച്ചിലോടെ രൂപപ്പെട്ടിട്ടുള്ളത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ മുഖ്യമ്രന്തി സ്ഥാനത്ത് നിന്നും മാറുന്ന പിണറായി വിജയന്റെ അപ്രമാദിത്വത്തിന് പാർട്ടിയിൽ അവസാനമാകുമെന്നാണ് കരുതപ്പെടുന്നത്.
ഈ അവസരത്തിൽ രൂപപ്പെടുന്ന ശാക്തിക ചേരികളിൽ സ്വരാജിന് ഇടം കിട്ടാതിരിക്കാനുള്ള നീക്കമാണെന്നും കരുതപ്പെടുന്നു. പാർട്ടിയുടെ രൂപീകരണ കാലത്തെ നേതാവിനെ പിന്നീട് പാർട്ടിയിൽ എത്തിയ ജൂനിയറായ നേതാവ് കടുത്ത ഭാഷയിൽ വിമർശിച്ചത് നല്ല കീഴ്വഴക്കമല്ലെന്ന പൊതുധാരണ പാർട്ടിയിൽ അന്ന് തന്നെ രൂപപ്പെട്ടിരുന്നു. സ്വരാജിന്റെ വിമർശനത്തിന് പിന്നിൽ പിണറായി പക്ഷത്തെ പ്രമുഖരുടെ കരങ്ങളുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കപ്പെടുന്നു.
നിലവിലെ പാർട്ടി ഔദ്യോഗിക നേതൃതവം ഇത് തള്ളുന്നുണ്ടെങ്കിലും അന്ന് വി.എസ് പക്ഷത്തിനൊപ്പം ചേർന്ന് നിന്ന് രപവർത്തിച്ചവർക്കെല്ലാം ഇക്കാര്യങ്ങൾ വ്യക്തമാണ്. എന്നാൽ വി.എസിനൊപ്പമുണ്ടായിരുന്ന ശാക്തിക ചേരിക്ക് അവസാനമായതോടെ അവർക്ക് പാർട്ടിക്കുള്ളിൽ ശബ്ദിക്കാനുള്ള ഇടം നഷ്ടപ്പെടുകയും ചെയ്തു.
അതുകൊണ്ട് കൂടിയാണ് പിരപ്പൻ കോട് മുരളി തന്നെ ഇക്കാര്യങ്ങൾ തുറന്നടിച്ച് രംഗത്ത് വന്നിട്ടുള്ളത്. നിലവനിൽ വി.എസിനെ പറ്റി എഴുതുന്ന പുസ്തകം പുറത്തിറങ്ങുന്നതോടെ പല ചോദ്യങ്ങൾക്കും അതിൽ ഉത്തരമുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്.