തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിനെതിരെ തുടർച്ചയായി ആരോപണമുന്നയിക്കുന്ന എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറിയുടെ നടപടിയിൽ മൗനിബാബയാകുന്ന സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിനെതിരെ പാർട്ടിയിൽ നിന്നും വിമർശനമുയരുന്നു.
സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, പ്രതിപക്ഷനേതാവ് വി.ഡി സതീശൻ തുടങ്ങി പല നേതാക്കൾക്കുമെതിരെ കാലാകാലങ്ങളായി അതിരുവിട്ടുള്ള വെള്ളാപ്പള്ളിയുടെ വിമർശനങ്ങൾക്ക് അതേനാണയത്തിൽ തിരിച്ചടി കൊടുക്കണമെന്നുള്ള ആവശ്യമാണ് പാർട്ടിയിൽ നിന്നും ഉയരുന്നത്. നിലവിലെ പാർട്ടി നേതൃത്വത്തിൽ ഇരിക്കുന്നവരുടെ വരിയുടയ്ക്കപ്പെട്ടോയെന്ന ചോദ്യവും ചില നേതാക്കൾ ഉയർത്തുന്നുണ്ട്.
2005 മുതലാണ് വർഗീയ - ആക്ഷേപ പരാമർശങ്ങളുമായി വെള്ളാപ്പള്ളി നടേശൻ സംസ്ഥാന കോൺഗ്രസിനെയും നേതൃതവത്തെയും കടന്നാക്രമിക്കാൻ തുടങ്ങിയത്. പല കാലങ്ങളിൽ പല നേതാക്കളും വെള്ളാപ്പള്ളിയുടെ ആഭാസകരവും അധിക്ഷേപാർഹവുമായ ആക്രമണത്തിന് ഇരയായിട്ടുണ്ട്.
ഇവരിൽ വി.എം സുധീരൻ, വി.ഡി സതീശൻ എന്നീ നേതാക്കളാണ് ഉരുളയ്ക്കുപ്പേരി പോലെ വെള്ളാപ്പള്ളിയുടെ ആരോപണങ്ങൾക്ക് മറുപടി പറഞ്ഞിട്ടുള്ളത്. സി.പി.എം - ബി.ജെ.പി കൂട്ടുകെട്ടിന്റെ ആണിക്കല്ലായി പ്രവർത്തിക്കുന്ന വെള്ളാപ്പള്ളി നടേശൻ ശ്രീനാരായണ ഗുരുവെന്ന മഹാൻ പടുത്തുയർത്തിയ എസ്.എൻ.ഡി.പി എന്ന എക്കാലത്തെയും സെക്കുലർ മുഖമുള്ള പ്രസ്ഥാനത്തിന് അപമാനമാണെന്നും കോൺരഗസിൽ നിന്നും വാദങ്ങളുയരുന്നുണ്ട്.
എസ്.എൻ.ഡി.പിയിൽ നടപ്പാക്കപ്പെട്ട മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങൾ വെള്ളാപ്പള്ളി നടേശനെ കുരുക്കിലാക്കിയിരുന്നു. അന്ന് പ്രതിപക്ഷനേതാവായിരുന്ന വി.എസ് അച്യുതാനന്ദൻ വെള്ളാപ്പള്ളി നടേശനെതിരായ കേസുമായി ഹൈക്കോടതിയിൽ പോയിരുന്നു.
കേസിന്റെ നിലവിലെ സ്ഥിതിഗതികൾ മനസിലാക്കി അതുമായി മുന്നോട്ട് പോകണമെന്നും കോൺഗ്രസിൽ നിന്ന് വാദമമുയർന്നു കഴിഞ്ഞു. മുമ്പ് ശ്രീലങ്കയിൽ പ്രവർത്തിച്ചിരുന്ന എൽ.ടി.ടി.ഇ എന്ന ഭീകര സംഘടനയ്ക്ക് മണ്ണെണ്ണ നൽകിയതുമായി ബന്ധപ്പെട്ടും ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ നിജസ്ഥിതി അന്വേഷിക്കണമെന്നും വേണ്ടി വന്നാൽ കോടതിയെ സമിപിക്കണമെന്നും നേതാക്കൾ വാദമുയർത്തുന്നുണ്ട്.
സമീപകാലത്തായി കോൺഗ്രസിനെ അധിക്ഷേപിക്കുന്ന തരത്തിൽ വിമർശനമുയർത്തുകയും ബി.ശജ.പിയെയും സി.പി.എമ്മിനെയും പുകഴ്ത്തുകയും ചെയ്യുന്ന വെള്ളാപ്പള്ളിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളാണുള്ളതെന്നും ഇത് കോൺഗ്രസ് നേതൃതവം തിരിച്ചറിയണമെന്നും ചില മുതിർന്ന നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.