സിലിക്കൺ വാലിയെ മാതൃകയാക്കി കേരളത്തിൽ ഐടി വ്യവസായത്തിന് തുടക്കമിട്ട ടെക്നോപാർക്കിന് മുപ്പതാണ്ട്. ഐടി വിദഗ്ദ്ധരുടെയും സ്റ്റാർട്ടപ്പുകളുടെയും സ്വർഗമായ പാർക്ക്. വൈദ്യൻകുന്നിൽ ‌പാർക്ക് ഉയർന്നത് ഇകെ നായനാരുടെയും ഗൗരിയമ്മയുടെയും ഇച്ഛാശക്തിയാൽ. ഇന്ത്യയിലെ ആദ്യത്തേതും ഏഷ്യയിൽ വലുതുമായ പാർക്ക് 500 കമ്പനികളും 80000 ഐടി പ്രഫഷനലുകളുമായി തലയുയർത്തി മുന്നോട്ട്

ഇന്ത്യയിൽ ആദ്യത്തേത്, ഏഷ്യയിലെ ഏറ്റവും വലിയ വിവര സാങ്കേതിക പാർക്ക് എന്നീ വിശേഷണങ്ങളും ടെക്നോപാർക്കിന് മാത്രമുള്ളതാണ്. 1990ൽ ഇലക്ട്രോണിക്സ് ടെക്നോളജി പാർക്ക്സ് കേരള എന്ന സ്ഥാപനം ചാരിറ്റബിള്‍ ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്തു.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
technopark
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ഐ.ടി രംഗത്ത് കേരളത്തിന്റെ മുഖമായി മാറിയ തിരുവനന്തപുരത്തെ ടെക്നോപാർക്ക് മൂന്നു പതിറ്റാണ്ടിന്റെ നിറവിൽ. മുഖ്യമന്ത്രിയായിരിക്കെ വിദേശപര്യടനം കഴിഞ്ഞെത്തിയ ഇ.കെ.നായനാർ കേരളത്തിലേക്ക് പറിച്ചുനട്ട ഉത്തമ മാതൃകയായിരുന്നു ടെക്നോപാർക്ക്. കാടുപിടിച്ചു കിടന്ന കഴക്കൂട്ടത്തെ കുന്നിനു മുകളിൽ പണിതീർത്ത ടെക്നോപാർക്ക് കേരളത്തിന്റെ ഐ.ടി ഹബായി വിലസുകയാണിപ്പോൾ.  

Advertisment

സംസ്ഥാനത്തിന്റെ ഐടി കയറ്റുമതി രംഗത്ത് സുപ്രധാന സംഭാവനയാണ് ടെക്‌നോപാർക്ക് നൽകുന്നത്. 2023-24 സാമ്പത്തിക വർഷത്തിൽ 13,255 കോടിയായിരുന്നു ഇത്.


കഴിഞ്ഞ 35 വർഷക്കാലമായി ടെക്‌നോപാർക്ക് ആഗോള കമ്പനികൾക്കും ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും പുതുമുഖ സാങ്കേതിക സ്റ്റാർട്ടപ്പുകൾക്കും വളരാനുള്ള വളക്കൂറുള്ള അന്തരീക്ഷം ഒരുക്കിയെന്ന് അഭിമാനത്തോടെ പറയാനാകുമെന്ന് ടെക്‌നോപാർക്ക് സി.ഇ.ഒ കേണൽ സഞ്ജീവ് നായർ (റിട്ട) പറഞ്ഞു. 


തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി 760 ഏക്കറിൽ 12.72 ദശലക്ഷം ചതുരശ്രയടിയിൽ ടെക്‌നോപാർക്കിന്റെ അഞ്ച് ക്യാമ്പസുകൾ പ്രവർത്തിക്കുന്നു. ഇൻഫോസിസ്, യുഎസ്ടി, ടിസിഎസ്, എച്ച്സിഎൽടെക്, ആക്‌സെഞ്ചർ, ടാറ്റ എൽക്സി, അലയൻസ്, ഗൈഡ്ഹൗസ്, നിസ്സാൻ ഡിജിറ്റൽ, ഒറാക്കിൾ, ഐബിഎസ്, ക്വസ്റ്റ് ഗ്ലോബൽ, ടൂൺസ് ആനിമേഷൻ തുടങ്ങിയ ആഗോള പ്രമുഖ സ്ഥാപനങ്ങൾക്കൊപ്പം 500 ലധികം കമ്പനികളും പ്രവർത്തിക്കുന്നുണ്ട്.

technopark phase-1

നിലവിൽ വികസനം നടക്കുന്ന 4 ദശലക്ഷം ചതുരശ്രയടിയിലധികം വിസ്തീർണമുള്ള സ്ഥലം തയ്യാറായാൽ 30,000 ത്തിലധികം പുതിയ തൊഴിലവസരങ്ങൾ ലഭ്യമാവും. ടോറസ് എംബസിയുടെ ഡൗൺടൗൺ ട്രിവാൻഡ്രം പ്രോജക്ട് (ഫേസ് 3), ടിസിഎസ് ഐടി/ഐടിഇഎസ് ക്യാമ്പസ് (ഫേസ് 4), ബ്രിഗേഡ് എന്റർപ്രൈസസ് ലിമിറ്റഡിന്റെ വേൾഡ് ട്രേഡ് സെന്റർ (ഫേസ് 1), ദി ക്വാഡ് (ഫേസ് 4), വാണിജ്യ/ഐടി, പ്രീഫാബ്രിക്കേറ്റഡ് കെട്ടിടങ്ങൾ (ഫേസ് 1), വർക്കിംഗ് വിമൻസ് ഹോസ്റ്റൽ (ഫേസ് 5, കൊല്ലം) എന്നിവയാണ് പ്രധാന വികസനങ്ങൾ.


കേരള സ്‌പേസ് പാർക്ക്, കേരള ഡിഫൻസ് ഇന്നൊവേഷൻ സോൺ, എംഎസ്എംഇ ടെക്‌നോളജി സെന്റർ, എമർജിംഗ് ടെക് ഹബ്ബ്, ഡിജിറ്റൽ സയൻസ് പാർക്ക്, മ്യലേൺ ബൈ ജിടെക്, യൂണിറ്റി മാൾ തുടങ്ങിയവ പ്രമുഖ വികസന പദ്ധതിയിൽ ഉൾപ്പെടുന്നു.


technopark phase-2

ടെക്നോപാർക്ക് കേവലം ഐടി കമ്പനികൾ നിറഞ്ഞൊരു പാർക്ക് അല്ല ഇന്ന്. പുത്തൻ പദ്ധതികളുടെയും നയപരമായ ഇടപെടലുകളുടെയും മുഖ്യ കേന്ദ്രം കൂടിയാണ്. കേരള ഡിഫൻസ് ഇന്നവേഷൻ സോൺ, 9.5 ഏക്കറിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ (എംഎസ്എംഇ) സാങ്കേതിക കേന്ദ്രം, 13.93 ഏക്കറിൽ ഡിജിറ്റൽ സയൻസ് പാർക്ക്, 18.56 ഏക്കറിൽ സ്പേസ് പാർക്ക്, 3 ഏക്കറിൽ കേരള സ്റ്റാർട്ടപ് മിഷൻ എമേർജിങ് ടെക് ഹബ്, 2.5 ഏക്കറിൽ യൂണിറ്റി മാൾ തുടങ്ങിയ പ്രധാന പദ്ധതികൾ ടെക്നോപാർക്കിൽ നടപ്പാകുന്നുണ്ട്. 

1990 ൽ തുടക്കമിട്ട ടെക്നോപാർക്ക്, 1994 ൽ 2 കമ്പനികളും ഏകദേശം 155 ജീവനക്കാരുമായി പ്രവർത്തനം ആരംഭിച്ചു. ഇന്ന് 5 ഫെയ്സുകളിലായി ഏകദേശം 500 കമ്പനികളും 80000 ഐടി പ്രഫഷനലുകളും പ്രവർത്തിക്കുന്നു. ജീവനക്കാരിൽ 45% വനിതകളാണ്. ദേശീയ ശരാശരിയെക്കാൾ കൂടുതലാണിത്.

technopark phase-3

സാമൂഹിക പ്രതിബദ്ധതയ്ക്ക് ഊന്നൽ നൽകി ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്കും തുല്യ അവസരം കമ്പനികളിൽ ഉറപ്പാക്കുന്നു. 4 വർഷമായി ക്രിസിൽ എ പ്ലസ് റേറ്റിംഗ് നിലനിർത്തുന്നു.‌


ടെക്നോപാർക്കിലെ കമ്പനികളിൽ ജോലി കിട്ടുന്ന ചെറുപ്പക്കാരിലേറെയും സമ്പന്ന കുടുംബ പശ്ചാത്തലങ്ങളിൽ നിന്ന് എത്തുന്നവരാണെന്ന പൊതുധാരണയുണ്ട്. പക്ഷേ അതു വാസ്തവമല്ല. വളരെ സാധാരണമായ ചുറ്റുപാടുകളിൽനിന്നു വരുന്നവരാണ് ഏറെയും ആളുകൾ. സമ്പന്നരുമുണ്ട്. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളർ ഉൾപ്പെടെ ഭൂരിഭാഗവും മിഡിൽ ക്ലാസ് കുടുംബ പശ്ചാത്തലമുള്ളവരാണ്.


ഇന്ത്യയിൽ ആദ്യത്തേത്, ഏഷ്യയിലെ ഏറ്റവും വലിയ വിവര സാങ്കേതിക പാർക്ക് എന്നീ വിശേഷണങ്ങളും ടെക്നോപാർക്കിന് മാത്രമുള്ളതാണ്. 1990ൽ ഇലക്ട്രോണിക്സ് ടെക്നോളജി പാർക്ക്സ് കേരള എന്ന സ്ഥാപനം ചാരിറ്റബിള്‍ ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്തു. കേരള സര്‍വകലാശാലയിൽ കാര്യവട്ടത്ത് വൈദ്യന്‍കുന്നിലുള്ള 50 ഏക്കർ ഭൂമി എടുക്കാന്‍ തീരുമാനിച്ചെങ്കിലും അതിനെ സിൻഡിക്കേറ്റ് ശക്തമായി എതിര്‍ത്തു.

technopark phase-4

എന്നാല്‍ സിൻഡിക്കേറ്റ് എതിർപ്പിനെ വകവെക്കാതെ അന്നത്തെ വ്യവസായ മന്ത്രിയായിരുന്ന കെ.ആര്‍ ഗൗരിയമ്മ ഭൂമി ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ട് പോയി. 1991 മാർച്ച്‌ 31ന് ഇ.കെ നായനാർ മുഖ്യമന്ത്രിയും, ഗൗരിയമ്മ വ്യവസായ മന്ത്രിയും ആയിരുന്നപ്പോൾ ശിലാ സ്ഥാപനം നടന്നു. 1995ൽ പ്രധാനമന്ത്രിയായിരുന്ന പി.വി നരസിംഹ റാവു ടെക്നോപാർക്ക് രാജ്യത്തിന് സമർപ്പിച്ചു.


കെ. കരുണാകരൻ ആയിരുന്നു അന്നത്തെ മുഖ്യമന്ത്രി. കെ.പി.പി നമ്പ്യാർ ആയിരുന്നു ആദ്യ ചെയർമാൻ. ഇന്ന് 300 ഏക്കർ സ്ഥലത്ത് 250 കമ്പനികളും ഏകദേശം 60000 ഓളം പേർക്ക് നേരിട്ടും 10,000 പേർക്ക് അല്ലാതെയും തൊഴിൽ നൽകുന്ന സ്ഥാപനമായി ടെക്‌നോപാര്‍ക്ക് മാറിക്കഴിഞ്ഞു. പുതിയ സംരഭകർക്ക് വഴി ഒരുക്കാൻ ഇൻകുബേറ്റർ സംവിധാനവും പ്രവർത്തിക്കുന്നുണ്ട്.


സംസ്ഥാന സര്‍ക്കാരിന്‍റെ വ്യവസായ ഉപദേശകനായ കെ.പി.പി നമ്പ്യാര്‍ ആണ് ആദ്യമായി ഇലക്ടോണിക്സ് പാർക്ക് എന്ന ആശയം അവതരിപ്പിച്ചത്. സിലിക്കന്‍ വാലിയിലേയും, സിംഗപ്പൂര്‍ ടെക്നോളജി പാര്‍ക്കുകള്‍ പോലെയും കേരള സര്‍വകലാശാലയുടെ കീഴില്‍ ഒരു സ്ഥാപനം എന്നായിരുന്നു അന്നത്തെ ആശയം. മുഖ്യമന്ത്രി ഇ.കെ നായനാര്‍ അമേരിക്കൻ സന്ദര്‍ശനം കഴിഞ്ഞ് വന്നതോടെയാണ് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്.

technopark

ഇതോടെയാണ് ഇലക്ടോണിക്സ് ടെക്നോളജി പാർക്ക് കേരള എന്ന സ്ഥാപനം ചാരിറ്റബിള്‍ ട്രസ്റ്റ് ആയി ആദ്യം രജിസ്റ്റര്‍ ചെയ്ത് പ്രവർത്തനം തുടങ്ങിയത്. ഹർത്താൽ ദിവസം പോലും പ്രവർത്തിക്കുന്ന ഈ വ്യവസായ സ്ഥാപനത്തില്‍ ഇന്ന് ലോകപ്രശസ്ത സ്ഥാപനങ്ങൾ ആയ ഒറാക്കിൾ, നിസാൻ, ഇൻഫോസിസ്, ടിസിഎസ്, അലയൻസ്, എർനെസ്റ്റ് ആൻഡ്‌ യങ്ങ് മുതലായ നിരവധി കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്.

കൂടാതെ യുഎസ്‌ടി ഗ്ലോബൽ, ഐബിഎസ് സോഫ്റ്റ്‌വെയർ, സണ്‍ ടെക് മുതലായ കേരളത്തിലെ സ്വന്തം കമ്പനികൾ ടെക്നോപാർക്കിനെയാണ് സ്വന്തം തട്ടകമാക്കിയിരിക്കുന്നത്. ഇതിന് പുറമെ നിരവധി സ്റ്റാർട്ട് അപ്പ് കമ്പനികളും ഇവിടെ പ്രവർത്തിക്കുന്നു.

Advertisment