തിരുവനന്തപുരം: ഗോവിന്ദച്ചാമിയല്ല, ആർക്കും ഏത് സമയത്തും ചാടിപ്പോകാവുന്ന സ്ഥിതിയാണ് കേരളത്തിലെ ജയിലുകളിൽ. തടവുകാരുടെ ബാഹുല്യമാണ് എല്ലാ ജയിലുകളിലും പൂജപ്പുരയിൽ ഒരു പായയിൽ നാലു തടവുകാർ വരെ കിടന്നുറങ്ങുന്നതായുള്ള വിവരം പുറത്തു വന്നിരുന്നു. പൂജപ്പുര സെൻട്രൽ ജയിലിൽ 25 പേരെ പാർപ്പിക്കേണ്ട ഒരു സെല്ലിൽ കഴിയുന്നത് 70 - 80 തടവുകാരാണ്. തിങ്ങി ഞെരുങ്ങിയാണ് തടവുകാരുടെ പാർപ്പ്.
അനുവദനീയമായ എണ്ണത്തിന്റെ ഇരട്ടിയിലധികം തടവുകാരുണ്ട്. 727 തടവുകാരെ പാർപ്പിക്കാൻ സൗകര്യമുള്ള ജയിലിൽ ഇപ്പോഴുള്ളത് 1650 പേർ. ഇവരെ നിയന്ത്രിക്കാൻ പല ദിവസങ്ങളിലുമുണ്ടാവുക 20 ജീവനക്കാർ മാത്രമായിരിക്കും.
സംസ്ഥാനത്തെ പ്രധാനപ്പെട്ട ജയിലുകളിൽ ഇലക്ട്രിക്ക് ഫെൻസിംഗ് പ്രവർത്തിക്കുന്നില്ല. പൂജപ്പുര സെൻട്രൽ ജയിലിൽ രണ്ട് വർഷമായി ഫെൻസിംഗ് പ്രവർത്തിക്കുന്നില്ല. ടെൻഡർ എടുക്കാൻ ആളില്ലെന്നാണ് വിശദീകരണം. വിയ്യൂരിലും ഫെൻസിംഗ് പ്രവർത്തിക്കുന്നില്ല. തവനൂർ സെൻട്രൽ ജയിലിൽ മതിലിനു മുകളിൽ വൈദ്യുതി വേലിയേയില്ല.
ഇത് പൂജപ്പുരയിലെ മാത്രം കാര്യമല്ല, എല്ലാ ജയിലുകളിലും തടവുകാരെ നിയന്ത്രിക്കാൻ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ഗുരുതര സുരക്ഷാ പ്രശ്നമായിരിക്കുകയാണ്. പ്രിസൺ മാന്വൽ പ്രകാരം ആറ് തടവുകാർക്ക് ഒരു ഷിഫ്റ്റിൽ മൂന്ന് ഉദ്യോഗസ്ഥർ വീതം വേണമെന്നാണ്.
/filters:format(webp)/sathyam/media/media_files/2025/07/28/viyur-central-jail-2025-07-28-17-01-06.jpg)
തടവുകാരെ 24 മണിക്കൂറും നിരീക്ഷിക്കാൻ ഒരിടത്തും ആളില്ല. ജീവനക്കാർ ഡബിൾ ഡ്യൂട്ടി ചെയ്താണ് പ്രശ്നം പരിഹരിക്കുന്നത്. ജീവനക്കാരും തടവുകാരും തമ്മിൽ സംഘർഷമുണ്ടാകുന്നത് സ്ഥിരം സംഭവമാണ്. ജയിലിൽ രാഷ്ട്രീയ സംഘർഷ സാദ്ധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം പലവട്ടം റിപ്പോർട്ട് ചെയ്തിരുന്നു.
ജയിലുകളിൽ നിയമനത്തിന് റാങ്ക് ലിസ്റ്റുകളുണ്ടെങ്കിലും സർക്കാരിന്റെ സാമ്പത്തിക പ്രയാസം കാരണമാണ് നിയമനങ്ങൾ നടത്താത്തത് എന്നാണ് വിവരം. സ്ഥിരം ജീവനക്കാർക്ക് പകരം താത്കാലികക്കാരെയും ദിവസ വേതനക്കാരെയുമാണ് നിയമിക്കുന്നത്.
ജയിലുകളിൽ താങ്ങാവുന്നതിനേക്കാൾ തടവുകാർ കൂടുമ്പോഴും അനുവദിക്കപ്പെട്ട തസ്തികകളിൽ പോലും വേണ്ടത്ര നിയമനം നടക്കുന്നില്ല. ഇത് ഗുരുതരമായ സുരക്ഷാ ഭീഷണിയാണെന്ന് ഉദ്യോഗസ്ഥരെല്ലാം ചൂണ്ടിക്കാട്ടുന്നു. സെൻട്രൽ ജയിലുകളിൽ ജീവനക്കാരില്ലാത്തത് മൂലം സ്ഥിതി വളരെ രൂക്ഷമാണ്.
/filters:format(webp)/sathyam/media/media_files/2025/07/28/kannur-central-jail-2025-07-28-17-02-35.jpg)
ജയിലുകളുടെ അംഗീകൃത പാർപ്പിട ശേഷി അനുസരിച്ച് 7367 തടവുകാരെയാണ് പാർപ്പിക്കാൻ സാധിക്കുക. എന്നാൽ 10,375 തടവുകാരെയാണ് പാർപ്പിച്ചിരിക്കുന്നത്. 3 ഷിഫ്‍റ്റിൽ ജോലിക്ക് 5,187 അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാർ വേണം. എന്നാൽ 1284 അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരാണ് നിലവിലുള്ളത്.
50 അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. 447 ഡെപ്യൂട്ടി പ്രിസൺ ഓഫീസർ തസ്തികകളാണ് നിലവിലുള്ളത്. വീഡിയോ കോൺഫറസൻസിംഗ്, സി.സി.ടിവി നിരീക്ഷണം, ക്ളറിക്കൽ ജോലികൾ, മിനിസ്റ്റീരിയൽ ജോലികൾ, മാനുഫാക്ചറിംഗ് യൂണിറ്റിലെ ജോലികൾ, കോടതി യാത്ര എന്നിവയ്ക്ക് ഉദ്യോഗസ്ഥരെ നിയോഗിക്കുമ്പോൾ സുരക്ഷ, നിരീക്ഷണ ഡ്യൂട്ടിയ്ക്ക് ആളില്ലാതാകും.
കൊടുംകുറ്റവാളികളെ പാർപ്പിച്ചിട്ടുള്ള പൂജപ്പുരയിൽ സ്ഥിതി സങ്കീർണമാണ്. 727 തടവുകാരെ പാർപ്പിക്കാൻ ശേഷിയുള്ള പൂജപ്പുരയിൽ നിലവിൽ 1650 പേരുണ്ട്. 167 അസിസ്റ്റന്റ് പ്രിസൺ ഓഫീസമാരാണ് ആകെയുള്ളത്. 56 ഡെപ്യൂട്ടി പ്രിസൺ ഓഫീസറുണ്ട്. ഒരു ദിവസം 10 പേരിൽ താഴെയായിരിക്കും സുരക്ഷയ്ക്കുണ്ടാവുക.
വിയ്യൂരിലാവട്ടെ 553 തടവുകാരെയാണ് പാർപ്പിക്കാനാവുകയെങ്കിലും ഇപ്പോഴുള്ളത് 1117 പേരാണ്. 92 അസിസന്റ് പ്രിസൺ ഓഫീസമാരുണ്ട് നിലവിൽ. 50 ഒഴിവുകളുണ്ട്. 32 ഡെപ്യൂട്ടി പ്രിസൺമാരുണ്ട്. 8 ഒഴിവുണ്ട്.
രാഷ്ട്രീയ തടവുകാരടക്കമുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ 948 തടവുകാരെയാണ് പാർപ്പിക്കാനാവുകയെങ്കിലും 1118 തടവുകാരുണ്ട്. 150 അസിസന്റ് പ്രിസൺ ഓഫീസമാരുണ്ട്. 23 ഒഴിവുണ്ട്.