/sathyam/media/media_files/2025/07/29/k-rajan-mr-ajith-kumar-2025-07-29-14-40-03.jpg)
തിരുവനന്തപുരം: ശബരിമലയിലേക്ക് ട്രാക്ടറിൽ യാത്ര നടത്തിയതിനെത്തുടർന്ന് പോലീസിൽ നിന്ന് എക്സൈസ് കമ്മിഷണറായി മാറ്റപ്പെട്ട എ.ഡി.ജി.പി എം.ആർ. അജിത്ത്കുമാറിനെതിരേ അടുത്ത നടപടി ഉടൻ. തൃശൂർപൂരം കലങ്ങിയതിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് ഡിജിപിയുടെ അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്ന് അജിത്തിനെതിരേ നടപടിയെടുക്കാൻ ആഭ്യന്തര സെക്രട്ടറി സർക്കാരിന് ശുപാർശ നൽകിയിരിക്കുകയാണ്.
തൃശൂർ പൂരത്തിന്റെ സുരക്ഷാ ഏകോപനത്തിൽ വീഴ്ച വരുത്തിയത് ഗുരുതരമായ കുറ്റമാണ്. സാധാരണ ഗതിയിൽ ഈ കുറ്റം ചെയ്യുന്നവർക്കെതിരേ സസ്പെൻഷൻ അടക്കമുള്ള നടപടികളാണ് സ്വീകരിക്കാറുള്ളത്.
എന്നാൽ സർക്കാരിന്റെ അടുപ്പക്കാരനായ അജിത്കുമാറിന് താക്കീത് നൽകി നടപടി അവസാനിപ്പിക്കാനാണ് നീക്കം. നടപടി സർക്കാരിന് തീരുമാനിക്കാമെന്നാണ് ആഭ്യന്തരസെക്രട്ടറി ബിശ്വനാഥ് സിൻഹ മുഖ്യമന്ത്രിക്ക് കൈമാറിയ റിപ്പോർട്ടിലുള്ളത്.
പൂരത്തിനിടെ ഗുരുതര പ്രശ്നങ്ങളുണ്ടായിട്ടും ഉത്തരവാദിത്തമില്ലാതെ പെരുമാറിയെന്നും സ്ഥലത്തു നിൽക്കാതെ ഉറങ്ങാൻ പോയത് അനാസ്ഥയാണെന്നുമടക്കം അജിത്തിന്റെ വീഴ്ചകൾ ഡിജിപി അന്വേഷണ റിപ്പോർട്ടിൽ എണ്ണിപ്പറഞ്ഞിട്ടുണ്ട്.
അടുത്തു തന്നെ ഡി.ജി.പി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിക്കേണ്ടതിനാൽ ഇനി ആവർത്തിക്കരുതെന്ന മുന്നറിയിപ്പോടെ അജിത്തിനെ താക്കീത് ചെയ്യാനാണ് സാദ്ധ്യത. ശാസിച്ചാൽ അത് രേഖയിലാവുമെന്നതിനാൽ ആ ശിക്ഷയും ഒഴിവാക്കിയേക്കും. അജിത്തിനെതിരേ വകുപ്പുതല അന്വേഷണത്തിനും നടപടിക്കുമുള്ള സാദ്ധ്യതയും കുറവാണ്.
തൃശൂർ പൂരത്തിന്റെ മേൽനോട്ടത്തിലും ഏകോപനത്തിലും പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും അജിത്തിന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് ഡിജിപിയുടെ അന്വേഷണത്തിൽ കണ്ടെത്തിയത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയായിരുന്ന അജിത്കുമാർ ദിവസങ്ങൾക്കു മുൻപേ തൃശൂരിലുണ്ടായിട്ടും, പ്രശ്നങ്ങളുണ്ടായെന്ന് അറിഞ്ഞിട്ടും പൂരസ്ഥലത്ത് എത്തിയില്ല.
ദേവസ്വം ഭാരവാഹികളും സിറ്റിപൊലീസ് കമ്മിഷണറുമായി പ്രശ്നങ്ങളുണ്ടായത് മന്ത്രി കെ.രാജൻ ശ്രദ്ധയിൽപെടുത്തിയപ്പോൾ താൻ സ്ഥലത്തുണ്ടാവുമെന്നും ഇടപെടാമെന്നുമായിരുന്നു അജിത്തിന്റെ മറുപടി. പൂരം തടസ്സപ്പെട്ടപ്പോൾ പല തവണ എഡിജിപിയെ ഔദ്യോഗിക ഫോണിലും പേഴ്‌സണൽ നമ്പരിലേക്കും മന്ത്രി ആവർത്തിച്ച് വിളിച്ചെങ്കിലും ഫോണെടുത്തില്ല. ഉറങ്ങിപ്പോയെന്നും പിറ്റേന്നാണ് വിവരങ്ങൾ അറിഞ്ഞതെന്നുമാണ് അജിത്തിന്റെ മൊഴി.
ക്രമസമാധാന ഏകോപനം വഹിക്കാതെ രാത്രി സുഖമായി ഉറങ്ങിയത് ഗുരുതരമായ കൃത്യവിലോപമാണെന്നും മേൽനോട്ടം വഹിക്കാനല്ലെങ്കിൽ തൃശൂരിലേക്ക് പോവേണ്ടതുണ്ടായിരുന്നില്ലെന്നുമാണ് ഡിജിപിയുടെ റിപ്പോർട്ടിലുള്ളത്. പൂര ദിവസം അജിത്കുമാർ അവധിക്ക് മുൻകൂട്ടി അപേക്ഷിച്ചു. ഒരു ദിവസത്തേക്കായതിനാൽ ഡി.ജി.പി പകരമാർക്കും ചുമതല നൽകിയില്ല. താൻ തൃശൂരിലുണ്ടെന്നും നോക്കിക്കോളാമെന്നും ഡി.ജി.പിയെ അറിയിച്ചിരുന്നു.
പൂരം ഏകോപനത്തിന്റെ മേൽനോട്ടം വഹിക്കാനല്ലെങ്കിൽ തൃശൂരിലേക്ക് പോവേണ്ടതുണ്ടായിരുന്നില്ല. രാത്രിയിൽ പ്രശ്നങ്ങളുണ്ടായെന്നറിഞ്ഞിട്ടും ഇടപെട്ടില്ല. ഈസാഹചര്യത്തിൽ മുതിർന്ന ഉദ്യോഗസ്ഥൻ ചുമതലയേൽക്കേണ്ടതാണ്.
തൃശൂർ പൊലീസ് കമ്മിഷണറായിരുന്ന അങ്കിത് അശോകന്റെ പരിചയക്കുറവും അനുനയമില്ലായ്മയും കാരണമാണ് കശപിശയുണ്ടായതെന്നും പൂരംഅലങ്കോലപ്പെട്ടതിൽ തിരുവമ്പാടി ദേവസ്വത്തിന് പങ്കുണ്ടെന്നും ഇതിൽ രാഷ്ട്രീയലക്ഷ്യമുണ്ടെന്നുമാണ് സംഭവത്തെക്കുറിച്ച് അജിത് നേരത്തേ ഡിജിപിക്ക് റിപ്പോർട്ട് നൽകിയിരുന്നത്. ഇത് ഡി.ജി.പി തള്ളിയിരുന്നു.
പ്രശ്‌നസാധ്യതാ മുന്നറിയിപ്പ് നൽകിയിട്ടും നടപടിയെടുത്തില്ലെന്നാണ് ഡിജിപിയുടെ അന്വേഷണത്തിൽ മന്ത്രി കെ.രാജൻ മൊഴിനൽകിയത്. പൂര ദിവസം രാവിലെ മുതൽ എം.ആർ അജിത്കുമാർ തൃശൂരിൽ ഉണ്ടായിരുന്നു. പല തവണ നേരിട്ടും ഫോണിൽ വിളിച്ചും സംസാരിച്ചിരുന്നു. തെക്കോട്ടിറക്കത്തിന്റെ സമയത്ത് പൊലീസിൽ നിന്ന് മോശം ഇടപെടലുണ്ടായി.
പിന്നീട് അജിത്കുമാറിനെ കണ്ടപ്പോൾ ഇക്കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയും രാത്രി എഴുന്നള്ളിപ്പിന്റെ സമയത്ത് പ്രശ്‌നങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്നും അത് പരിഹരിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ പൂരത്തിന്റെ ചുമതലയുണ്ടായിട്ടും അജിത്ത് ഈ നിർദ്ദേശങ്ങൾ ചെവിക്കൊണ്ടില്ല. അതിനിടെ, പൂരം കലക്കിയതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നടക്കം മന്ത്രി കെ.രാജൻ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് കൂടി ലഭിച്ച ശേഷമായിരിക്കും അജിത്തിനെതിരേ നടപടിയെടുക്കുകയെന്നും സൂചനയുണ്ട്.
അതേസമയം, അജിത്തിനെതിരേ അന്വേഷണ റിപ്പോർട്ട് സർക്കാർ പോലീസ് ആസ്ഥാനത്തേക്ക് അയച്ചെങ്കിലും ഒരു ശുപാർശയും കൂടാതെ ഡിജിപി റവാഡ ചന്ദ്രശേഖർ സർക്കാരിലേക്ക് തിരിച്ചയച്ചു. രവദാ ചന്ദ്രശേഖറിനേക്കാൾ മുതിർന്ന ഉദ്യോഗസ്ഥനായ മുൻ പോലീസ് മേധാവി വിശദമായ അന്വേഷണത്തിന് ശേഷം തയ്യാറാക്കിയതാണ് റിപ്പോർട്ട്.
അജിത് കുമാറിനെതിരായ അന്വേഷണത്തിൽ നിലവിലെ പോലീസ് മേധാവി ഒരു ഘട്ടത്തിലും പങ്കാളിയായിരുന്നില്ലാത്തതിനാൽ ഷെയ്ഖിന്റെ റിപ്പോർട്ടിൽ അഭിപ്രായം പറയാൻ തങ്ങൾക്ക് അധികാരമില്ലെന്ന് പി.എച്ച്.ക്യൂ നിലപാട് സ്വീകരിച്ചു.
അജിത് കുമാറിനെതിരെ രൂക്ഷമായ പരാമർശങ്ങൾ ഉൾക്കൊള്ളുന്ന ഷെയ്ഖിന്റെ റിപ്പോർട്ടിന്മേൽ നടപടിയെടുക്കുന്നത് വൈകിപ്പിക്കാനുള്ള തന്ത്രത്തിൻ്റെ ഭാഗമായിരുന്നു റിപ്പോർട്ട് വീണ്ടും ഡിജിപിക്ക് അയച്ചത്. രവദാ ചന്ദ്രശേഖർ ഉദ്യോഗസ്ഥനെതിരെ ലഘുവായ നടപടി നിർദ്ദേശിച്ചിരുന്നെങ്കിൽ, അത് അജിത്തിനോട് മൃദു സമീപനം സ്വീകരിക്കാൻ സർക്കാരിന് വഴിയൊരുക്കുമായിരുന്നു.