/sathyam/media/media_files/2025/04/03/uzHHsVUwu2bJriGUEtr0.jpg)
തിരുവനന്തപുരം: വയനാട്ടിലെ ഉരുൾ ദുരന്തത്തിന് ഒരാണ്ട് തികയുമ്പോഴും ദുരന്ത ബാധിതർക്കായി പണിയുന്ന ടൗൺഷിപ്പിലെ ഒരു വീട് പോലും പൂർത്തിയായിട്ടില്ല. സർക്കാർ പണം നൽകി ഏറ്റെടുത്ത എൽസ്റ്റൺ എസ്റ്റേറ്റിൽ 410 വീടുകൾക്ക് തറക്കല്ലിട്ടിരുന്നു. എന്നാൽ ടൗൺഷിപ്പിലെ മാതൃകാ വീടിന്റെ നിർമ്മാണം പോലും ഇതുവരെ പൂർത്തിയായിട്ടില്ല.
മുണ്ടക്കൈ - ചൂരൽമല ദുരന്തത്തിന് ഒരാണ്ട് പൂർത്തിയാകുമ്പോൾ പുനരധിവാസം ഇഴഞ്ഞുനീങ്ങുന്ന കാഴ്ചയാണ് വയനാട്ടിൽ കാണുന്നത്. അതേസമയം, അതിജീവിതർക്കായി ഒരുക്കുന്ന ടൗൺഷിപ്പിന്റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണെന്നാണ് സർക്കാരിന്റെ അവകാശവാദം.
അഞ്ച് സോണുകളിലായി നിർമ്മിക്കുന്ന 410 വീടുകളിൽ ആദ്യ സോണിൽ 140, രണ്ടാം സോണിൽ 51, മൂന്നാം സോണിൽ 55, നാലാം സോണിൽ 51, അഞ്ചാം സോണിൽ 113 എന്നിങ്ങനെയാണ് വീടുകൾ നിർമ്മിക്കേണ്ടത്.
പ്രകൃതി ദുരന്തങ്ങൾ അതിജീവിക്കാൻ സാധിക്കും വിധം 1000 ചതുരശ്രയടിയിൽ ഒറ്റ നിലയിൽ പണിയുന്ന കെട്ടിടം ഭാവിയിൽ ഇരു നില നിർമ്മിക്കാനുള്ള അടിത്തറയോടെയാണ് തയ്യാറാക്കുന്നത്. പ്രധാന കിടപ്പുമുറി, രണ്ട് മുറികൾ, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോർ ഏരിയ എന്നിവ വീടിന്റെ ഭാഗമാണ്.
വീടുകൾക്ക് പുറമെ പൊതു റോഡ്, ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്മ്യൂണിറ്റി സെന്ററുകൾ എന്നിവയും ടൗൺഷിപ്പിൽ ഉണ്ടാവും. ആരോഗ്യ കേന്ദ്രത്തിൽ ലബോറട്ടറി, ഫാർമസി, പരിശോധന-വാക്‌സിനേഷൻ-ഒബ്‌സർവേഷൻ മുറികൾ, ഒപി, ടിക്കറ്റ് കൗണ്ടർ സൗകര്യങ്ങൾ സജ്ജീകരിക്കും.
പൊതു മാർക്കറ്റിൽ കടകൾ, സ്റ്റാളുകൾ, ഓപ്പൺ മാർക്കറ്റ്, കുട്ടികൾക്ക് കളി സ്ഥലം, പാർക്കിങ് എന്നിവ ഒരുക്കും. മർട്ടി പർപ്പസ് ഹാൾ, കളി സ്ഥലം, ലൈബ്രറി, സ്‌പോട്‌സ് ക്ലബ്ബ്, ഓപ്പൺ എയർ തിയേറ്റർ എന്നിവ കമ്മ്യൂണിറ്റി സെന്ററിൽ നിർമ്മിക്കുന്നുണ്ട്. പക്ഷേ നിർമ്മാണത്തിൽ മെല്ലെപ്പോക്കാണ്.
ഉരുൾപൊട്ടൽ ബാധിതരുടെ പുനരധിവാസത്തിനുള്ള ടൗൺഷിപ്പിൽ 351.48 കോടിയുടെ പദ്ധതിക്കാണ് സർക്കാർ അനുമതി നൽകിയത്. കൽപ്പറ്റ എൽസ്റ്രോൺ എസ്റ്റേറ്റിലാണ് ടൗൺഷിപ്പ്. 402 കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കേണ്ടത്. ഒരു കുടുംബത്തിന് ഏഴു സെന്റ് സ്ഥലത്ത് 1000 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് നിർമ്മിച്ചു നൽകുന്നത്.
വീട് നിർമ്മാണത്തിന് സ്‌പോൺസർമാരുണ്ട്. ടൗൺഷിപ്പിലേക്കുള്ള റോഡ്, പാലം, വൈദ്യുതി, കുടിവെള്ളം, ആരോഗ്യ കേന്ദ്രം, വിദ്യാലയം, മാർക്കറ്റ്, കമ്മ്യൂണിറ്റി ഹാൾ അടക്കമുള്ളവയുടെ നിർമ്മാണത്തിനാണ് 351.48 കോടിയുടെ പദ്ധതി.
ടൗൺഷിപ്പ് നിർമ്മാണത്തിനുള്ള ത്രികക്ഷി കരാറും മന്ത്രിസഭായോഗം അംഗീകരിച്ചിരുന്നു. സർക്കാരും കിഫ്കോണും കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റിയുമായാണ് കരാർ. കരാർ നടപ്പാക്കുന്നതിന് സ്പെഷ്യൽ ഓഫീസർ എസ് സുഹാസിനെ മന്ത്രിസഭ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ടൗൺഷിപ്പിന് നേരത്തേ മന്ത്രിസഭായോഗം 351,48,03,778 രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. കൽപ്പറ്റ എൽസ്‌റ്റൺ എസ്‌റ്റേറ്റിൽ സർക്കാർ ഏറ്റെടുത്ത 64 ഹെക്ടറിലാണ് ടൗൺഷിപ്പ് നിർമിക്കുന്നത്. ഓരോ കുടുംബത്തിനും ഏഴു സെന്റിൽ ആയിരം ചതുരശ്രയടി വിസ്‌തീർമുള്ള വീടാണ് നിർമിക്കുന്നത്.
ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്യൂണിറ്റി സെന്റർ, മൾട്ടിപർപ്പസ് ഹാൾ, ലൈബ്രറി എന്നിവ ടൗൺഷിപ്പിലുണ്ടാവും. എൽസ്റ്റൺ എസ്റ്റേറ്റിൽ ടൗൺഷിപ്പ് നിർമ്മാണത്തിനായി 43.77 കോടി രൂപ ഹൈക്കോടതി രജിസ്ട്രാർ ജനറലിന്റെ അക്കൗണ്ടിൽ കെട്ടിവെച്ചാണ് സർക്കാർ ഭൂമി ഏറ്റെടുത്തത്.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 26 കോടി രൂപ ആദ്യം കെട്ടിവെച്ചു. എന്നാൽ എൽസ്റ്റൺ എസ്റ്റേറ്റ് ഉടമകൾ സുപ്രീം കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ അധിക നഷ്ടപരിഹാര തുകയായ 17.77 കോടി രൂപ കൂടി കോടതിയിൽ കെട്ടിവച്ചു.
ടൗൺഷിപ്പുകളിലെ ഭൂമിയുടെ ഉടമസ്ഥാവകാശം ദുരിതബാധിതർക്കാണെങ്കിലും ഉടനടി കൈമാറ്റം ചെയ്യാനാവില്ല. ടൗൺഷിപ്പിന് പുറത്ത് താമസിക്കാൻ താത്പര്യമറിയിച്ചവർക്ക് 15 ലക്ഷം നൽകും. ഉരുൾപൊട്ടിയ ഭൂമിയുടെ ഉടമസ്ഥാവകാശവും ദുരന്തബാധിതർക്ക് തന്നെയായിരിക്കും. അവിടം വനപ്രദേശമായി മാറാതിരിക്കാൻ കളക്ടീവ് ഫാമിംഗ് പരിഗണനയിലാണ്.
ടൗൺഷിപ്പ് പദ്ധതിയുടെ ഭരണവകുപ്പ് ദുരന്തനിവാരണ വകുപ്പാണ്. ഊരാളുങ്കലിനാണ് നിർമ്മാണചുമതല. ടൗൺഷിപ്പ് നിർമ്മാണത്തിന് ത്രിതല സംവിധാനമുണ്ടായിട്ടും മെല്ലെപ്പോക്കാണ്. ചീഫ് സെക്രട്ടറിയുടെ ഏകോപന സമിതിയും കളക്ടറുടെ പ്രോജക്റ്റ് ഇംപ്ലിമെന്റേഷൻ യൂണിറ്റുമുണ്ട്.
സുതാര്യതയും ഗുണമേന്മയും ഉറപ്പാക്കേണ്ടത് ചീഫ്സെക്രട്ടറിയുടെ സമിതിയാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പ്രധാന സ്പോൺസർമാരും മന്ത്രിമാരുമുള്ള ഉപദേശക സമിതിയുമുണ്ട്. കരാർരേഖകൾ പരിശോധിച്ചുറപ്പിക്കേണ്ടത് ചീഫ്സെക്രട്ടറിയാണ്. നൂറിലധികം വീടുകൾ വാഗ്ദാനം ചെയ്ത 38 സ്പോൺസർമാരുണ്ട്. സ്പോൺസർഷിപ്പ് തുക സ്വീകരിക്കാൻ മാത്രമായൊരു ബാങ്ക് അക്കൗണ്ടുണ്ട്.
എൽസ്റ്റൺ എസ്റ്റേറ്റിൽ 410 വീടുകളിൽ 1662 പേർക്കാണ് പുനരധിവാസം ഒരുങ്ങുന്നത്. ദുരന്തത്തിൽ മരണപ്പെട്ട 298 പേരിൽ 220 പേരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായി സംസ്ഥാന ദുരന്ത നിവാരണ നിധി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിവയിൽ നിന്ന് ആറ് ലക്ഷം വീതം 13.21 കോടി (132190000) രൂപ വിതരണം ചെയ്തു. അടിയന്തര മരണാനന്തര ധനസഹായമായി 1036 കുടുംബങ്ങൾക്ക് 10000 രൂപ വീതം 1.03 (10360000) കോടി രൂപയും നൽകി.
അതിജീവിതർക്ക് താത്ക്കാലിക ജീവനോപാധിയായി സംസ്ഥാന സർക്കാർ 11087 ഗുണഭോക്താക്കൾക്ക് ആറ് ഘട്ടങ്ങളിലായി നൽകിയത് 10.09 (10,09,98,000) കോടി രൂപയാണ്. ദുരന്തം നടന്ന ഒരാഴ്ചയ്ക്കകം ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ 10 പേർക്ക് 5,54,000 രൂപയും ഒരാഴ്ചയിൽ കൂടുതൽ പരിക്കേറ്റ് ചികിത്സയിലുണ്ടായ 27 പേർക്ക് 17,82,000 രൂപയും അടിയന്തര സഹായമായി നൽകി.
അപ്രതീക്ഷിത ദുരന്തത്തിൽ തൊഴിലും ജീവനോപാധിയും നഷ്ടമായവർക്ക് ഒരു കുടുംബത്തിലെ മുതിർന്ന രണ്ടു വ്യക്തികൾക്ക് ദിവസം 300 രൂപ പ്രകാരം 18000 രൂപ വീതം നൽകുന്നുണ്ട്. താത്ക്കാലിക പുനരധിവാസ സംവിധാനത്തിന്റെ ഭാഗമായി 2024 ഓഗസ്റ്റ് മുതൽ 2025 ജൂൺ വരെ വാടക ഇനത്തിൽ 4.3 കോടി (4,34,14,200) രൂപ നൽകി. 795 കുടുംബങ്ങൾക്കാണ് താത്ക്കാലിക പുനരധിവാസം ഒരുക്കിയതെന്നും സർക്കാർ വിശദീകരിക്കുന്നു.