ഹൈടെക്ക് എന്ന് അഭിമാനിച്ചിരുന്ന കേരളത്തിൽ 272 സ്കൂളുകൾ ബലക്ഷയമുള്ളവ. 95 സ്കൂളുകൾക്ക് രണ്ടുവർഷമായുള്ളത് അൺഫിറ്റ് സർട്ടിഫിക്കറ്റ്. ബലക്ഷയമുള്ള കെട്ടിടങ്ങൾ ഉടൻ പൊളിച്ചു കളയണമെന്ന് തദ്ദേശ വകുപ്പ്. രാജ്യത്തെ എല്ലാ സ്കൂളുകളുടെയും സുരക്ഷ പരിശോധിക്കാൻ കേന്ദ്രസർക്കാർ. ബലക്ഷയമുള്ള കെട്ടിടങ്ങളിൽ ക്ലാസ് മുറികൾക്ക് പകരം സ്റ്റോർ റൂം, പാചകപ്പുര എന്നിങ്ങനെയാക്കിയും തട്ടിപ്പ്. സ്കൂൾ സുരക്ഷ വീണ്ടും ചോദ്യചിഹ്നമാവുമ്പോൾ

രാജ്യത്തെ മുഴുവൻ സ്കൂളുകളിലും സുരക്ഷാ പരിശോധന ആരംഭിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. രാജ്യത്ത് സ്കൂൾ കെട്ടിടം തകർന്ന് അപകടങ്ങൾ പതിവാകുന്ന പശ്ചാത്തലത്തിലാണ് ഇടപെടൽ.

New Update
unfit schools
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: എല്ലാം ഹൈടെക്കാണെന്നും നമ്പർ വൺ ആണെന്നും അഭിമാനിച്ചിരുന്ന കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ 272 സ്കൂൾ കെട്ടിടങ്ങളിൽ ഗുരുതര ബലക്ഷയമുള്ളവ. ഇവയിൽ അദ്ധ്യയനം നടത്തുന്നത് അപകടകരമാണെന്നും പൊളിച്ചു കളയേണ്ടവയാണെന്നും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി.  

Advertisment

95 കെട്ടിടങ്ങൾക്ക് രണ്ടുവർഷത്തിലേറെയായി അൺഫിറ്റ് സർട്ടിഫിക്കറ്റ് നൽകിയതാണ്. പട്ടികയിലുള്ള മിക്ക കെട്ടിടങ്ങൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അൺഫിറ്റ് സർട്ടിഫിക്കറ്റ് നൽകിയതാണെങ്കിലും പഠനം തുടരുകയാണ്. കൊല്ലം തേവലക്കരയിലെ എയ്ഡഡ് സ്ക്കൂളിലെ ഷെഡിനു മുകളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചതിനെത്തുടർന്നാണ് സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷ പരിശോധിക്കുന്നത്.


പൊതുവിദ്യാഭ്യാസ രംഗത്ത് കോടികൾ ചെലവിട്ട് സ്കൂളുകളെല്ലാം ഹൈടെക്ക് ആക്കിയെന്നാണ് സർക്കാരിന്റെ അവകാശവാദം. ഇത് പൊളിക്കുന്ന വിവരങ്ങളാണ് തദ്ദേശ വകുപ്പിന്റെ പരിശോധനയിൽ പുറത്തുവരുന്നത്.

ആലപ്പുഴ, എറണാകുളം, മലപ്പുറം, തൃശൂർ, വയനാട് ജില്ലകളിലാണ് അപകടാവസ്ഥയിലുള്ള സ്കൂൾ കെട്ടിടങ്ങൾ ഏറെയുമുള്ളത്. പി.ഡബ്ല്യു.ഡി മാനുവൽ പ്രകാരം ക്ലാസ് മുറികളുടെ ഫിറ്റ്നസ് മാത്രമാണ് തദ്ദേശവകുപ്പ് എൻജിനിയർമാർ പരിശോധിക്കേണ്ടത്. അനുബന്ധകെട്ടിടങ്ങളുടെ ഫിറ്റ്നസ് ആര് നൽകണമെന്നത് ഇനിയും വ്യക്തമല്ല.

പലയിടങ്ങളിലും തദ്ദേശ എൻജിനിയർമാർ അൺഫിറ്റ് നൽകിയെങ്കിലും ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ചിലയിടങ്ങളിൽ ആ കെട്ടിടങ്ങളെ ക്ലാസ് മുറികൾക്ക് പകരം സ്റ്റോർ റൂം പാചകപ്പുര എന്നിങ്ങനെയാക്കി പ്രവർത്തനം തുടരുന്നുണ്ട്.


അൺഫിറ്റ് സർട്ടിഫിക്കറ്റ് ലഭിച്ചതിനെ തുടർന്ന് പൊളിക്കാൻ തീരുമാനിച്ചാലും വർഷങ്ങൾ നീളുന്ന നൂലമാലയാണ്. സ്‌ക്കൂൾ പി.ടി.എയും തുടർന്ന് ബന്ധപ്പെട്ട തദ്ദേശസ്ഥാപനവും യോഗം ചേർന്ന് തീരുമാനമെടുത്ത് പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നൽകണം. തുടർന്ന് വാല്യുവേഷൻ നിശ്ചയിച്ച ശേഷം എൻജിനിയറിംഗ് വിഭാഗം ടെണ്ടർ വിളിച്ച് കരാർ നൽകണം.


മൂന്നു വർഷമായിട്ടും പൊളിക്കാൻ കഴിയാതെ നടപടികളിൽ കുരുങ്ങി കിടക്കുന്ന സുരക്ഷിതമല്ലാത്ത സ്കൂൾ കെട്ടിടങ്ങളുമുണ്ട്. സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ തയ്യാറാക്കിയ കരട് മാർഗരേഖയിൽ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും നിർദ്ദേശങ്ങൾ സമർപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്.

അതിനിടെ, രാജ്യത്തെ മുഴുവൻ സ്കൂളുകളിലും സുരക്ഷാ പരിശോധന ആരംഭിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. രാജ്യത്ത് സ്കൂൾ കെട്ടിടം തകർന്ന് അപകടങ്ങൾ പതിവാകുന്ന പശ്ചാത്തലത്തിലാണ് ഇടപെടൽ. സ്കൂളുകൾ, കുട്ടികളും യുവാക്കളും ഉപയോഗിക്കുന്ന പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷാ ഓഡിറ്റ് നിർബന്ധമാക്കി.


കെട്ടിടത്തിന്‍റെ ഘടനാപരമായ ഉറപ്പ്, അഗ്നിബാധാ സുരക്ഷ, അടിയന്തര സുരക്ഷാ മാർഗങ്ങൾ, ഇലക്‌ട്രിക്കൽ വയറിങ് എന്നിവയെല്ലാം ദേശീയ ദുരന്ത നിവാരണ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിക്കണം. അടിയന്തര ഒഴിപ്പിക്കൽ, പ്രാഥമിക ചികിത്സ, അഗ്നിസുരക്ഷ എന്നിവയിൽ പരിശീലനം നൽകണം. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, അഗ്നി രക്ഷാ വകുപ്പ്, പൊലീസ്, ആരോഗ്യ വകുപ്പുകളുമായി ചേർന്നു പ്രവർത്തിക്കണമെന്നും മോക് ഡ്രില്ലുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കണമെന്നുമാണ് കേന്ദ്രനിർദ്ദേശം.


സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് ലഭിക്കാൻ കർശന വ്യവസ്ഥകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. 300 മുതൽ 1000 സ്ക്വയർ മീറ്റർ വിസ്തൃതിയിലുള്ള കെട്ടിടത്തിന് റാംപ് ആൻഡ് റെയിൽ സൗകര്യവും അഗ്നിശമന സേനയുടെ ഫയർ ആൻഡ് സേഫ്റ്റിയുടെ ഭാഗമായുള്ള നോ ഒബ്ജക്‌ഷൻ സർട്ടിഫിക്കറ്റും വേണം. ഇതു രണ്ടും ഉണ്ടെങ്കിൽ മാത്രമേ കെട്ടിടത്തിനു ഫിറ്റ്നസ് പൂർത്തിയാവുകയുള്ളൂ. സ്കൂൾ കെട്ടിടങ്ങൾക്ക് പരിശോധന നടത്തി തദ്ദേശ സ്ഥാപനങ്ങളാണ് ഫിറ്റ്നസ് നൽകേണ്ടത്.

മുൻ കാലത്ത് തദ്ദേശ സ്ഥാപനത്തിനൊപ്പം ആരോഗ്യ വകുപ്പിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കൂടി മതിയായിരുന്നു. ഇപ്പോൾ അഗ്നിശമന സേന, ടൗൺ പ്ലാനിങ് വിഭാഗം, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയുടെ സർട്ടിഫിക്കറ്റ് കൂടി വേണമെന്നു നിർബന്ധമാക്കിയിട്ടുണ്ട്.


അറ്റകുറ്റപ്പണി നടത്തി സുരക്ഷിതമാക്കിയെന്ന് എൻജിനീയർ സാക്ഷ്യപ്പെടുത്തണം. കെട്ടിടങ്ങൾ ദുരന്ത സാധ്യതാ മേഖലയിലല്ലെന്ന് ഉറപ്പാക്കണം. എല്ലാ ക്ലാസ് മുറിക്കും 2 വാതിൽ വേണം. ഇവ വരാന്തയിലേക്കോ തുറന്ന സ്ഥലത്തേക്കോ തുറക്കുന്നതാകണം.


ക്ലാസുകൾ ഭിന്നശേഷി സൗഹൃദമാകണം. അഗ്നിശമന ഉപകരണങ്ങളും പ്രഥമ ശുശ്രൂഷാ കിറ്റുകളും സ്കൂളിൽ കരുതണം. തീപിടിച്ചാൽ രക്ഷാമാർഗം ഉറപ്പാക്കണം. ഉച്ചഭക്ഷണം പാകം ചെയ്യുന്ന അടുക്കളയിൽ തീപിടിത്ത പ്രതിരോധ ഉപകരണങ്ങൾ വേണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

Advertisment