/sathyam/media/media_files/2025/07/30/congress-re-organisation-2-2025-07-30-15-16-07.jpg)
തിരുവനന്തപുരം: ഡിസിസി പുനസംഘടനയ്ക്കായി തകൃതിയായി ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ലിസ്റ്റില്‍ ഇടം നേടി പഴയ 'പടക്കുതിരകള്‍' !
തിരുവനന്തപുരത്ത് ഒരുവിധം പാലോട് രവി ഇറങ്ങിപ്പോയപ്പോള്‍ പകരം എറണാകുളത്ത് അജയ് തറയിലും ഇടുക്കിയില്‍ എസ് അശോകനും കോട്ടയത്ത് ഫിലിപ്പ് ജോസഫും തിരുവനന്തപുരത്ത് എന്‍ ശക്തനും ശരത്ചന്ദ്ര പ്രസാദും പോലുള്ള നേതാക്കള്‍ വീണ്ടും ലിസ്റ്റില്‍ കയറിക്കൂടിയതായാണ് റിപ്പോര്‍ട്ടുകള്‍.
തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി പാര്‍ട്ടിയുടെ മുഖം മിനുക്കാനാണ് പുനസംഘടനയെന്ന് പറയുമ്പോഴും പ്രായാധിക്യമോ, ആരോഗ്യ പ്രശ്നങ്ങളോ പ്രവര്‍ത്തന മുരടിപ്പോ കൊണ്ടൊക്കെ കാലങ്ങളായി പാര്‍ട്ടിയില്‍ സജീവമല്ലാത്ത ചില പഴയ മുഖങ്ങള്‍ പോലും പുനസംഘനാ ലിസ്റ്റില്‍ ഇടംപിടിച്ചെന്നതാണ് വിരോധാഭാസം.
അടുത്തിടെ നിയമനം നടത്തിയ തൃശൂര്‍ ഡിസിസി ഒഴികെയുള്ള 13 ഡിസിസികളും പുനസംഘടിപ്പിക്കുക എന്ന തീരുമാനത്തിലേയ്ക്ക് നേതൃത്വം നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
എല്ലാ ജില്ലകളിലെയും യൂത്ത് കോണ്‍ഗ്രസിലൂടെയും കെ.എസ്.യുവിലൂടെയും കഴിവു തെളിയിച്ച ശക്തമായ ഒരു നേതൃനിരതന്നെ ഒരു പതിറ്റാണ്ടിലേറെ കാലമായി അവസരം കിട്ടാതെ കാത്തുകിടക്കുമ്പോഴാണ് എല്ലാം നിര്‍ത്തി വീട്ടില്‍ കയറിയ ചിലരെ പുതപ്പിനടിയില്‍ നിന്നും വിളിച്ചെഴുന്നേല്‍പിച്ചുകൊണ്ടുള്ള വരവ്. ഗ്രൂപ്പ്, സമുദായ പരിഗണനകളുടെ പേരിലാണ് ഇത്തരക്കാര്‍ വീണ്ടും ലിസ്റ്റില്‍ കയറികൂടിയിരിക്കുന്നത്.
തിരുവനന്തപുരത്ത് മണക്കാട് സുരേഷ്, കെഎസ് ശബരീനാഥന്‍, വിഎസ് ശിവകുമാര്‍, ചെമ്പഴന്തി അനില്‍ എന്നിവര്‍ക്കൊപ്പമാണ് ശക്തനും ശരത് ചന്ദ്രപ്രസാദുമൊക്കെ ലിസ്റ്റില്‍ ഉള്‍പ്പെട്ടത്.
കൊല്ലത്ത് ജ്യോതികുമാര്‍ ചാമക്കാല, സൂരജ് രവി, എംഎം നസീര്‍, അഡ്വ. പി ജര്‍മിയാസ്, എരൂര്‍ സുഭാഷ് എന്നിവര്‍ക്കൊപ്പം തൊടിയൂര്‍ രാമചന്ദ്രനെന്ന പഴയ നേതാവും ലിസ്റ്റിലുണ്ട്.
പത്തനംതിട്ടയില്‍ പഴകുളം മധുവിനൊപ്പം അനീഷ് വരിക്കണ്ണാമല, എസ് സുരേഷ് കുമാര്‍, ജോര്‍ജ് മാമ്മന്‍ എന്നിവരും ലിസ്റ്റില്‍ ഇടംപിടിച്ചു.
കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ നോമിനിയായി ഫില്‍സണ്‍ മാത്യൂസ് ലിസ്റ്റില്‍ ഒന്നാമനായപ്പോള്‍ കത്തോലിക്കാ പ്രാതിനിധ്യം എന്ന മറുവാദവുമായി ചാണ്ടി ഉമ്മനും രംഗത്തുണ്ട്.
ഫില്‍സണ്‍ യാക്കോബായ സഭാംഗമായതിനാല്‍ അദ്ദേഹത്തെ പരിഗണിച്ചാല്‍ മറ്റെവിടെയെങ്കിലും ഓര്‍ത്തഡോക്സ് പരിഗണന വേണ്ടിവരുമെന്നതും ഫില്‍സണ് എതിരാണ്.
കത്തോലിക്കാ പ്രാതിനിധ്യം കോട്ടയത്ത് പരിഗണിച്ചാല്‍ ഡിസിസി വൈസ് പ്രസിഡന്‍റും ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്‍റുമായ ബിജു പുന്നത്താനത്തിന് നറുക്ക് വീഴും. പാലാക്കാരന്‍ എന്നതും ബിജുവിന് ഗുണം ചെയ്യും.
അപ്പോഴും സജീവ രാഷ്ട്രീയത്തിലില്ലാത്ത അഡ്വ. സിബി ചേനപ്പാടിയുടെ പേരും പഴയകാല നേതാവ് ഫിലിപ്പ് ജോസഫിന്‍റെ പേരുമൊക്കെ ലിസ്റ്റില്‍ ഇടംപിടിച്ചത് കൗതുകമായി.
ഇതേ അവസ്ഥയാണ് ഇടുക്കിയിലും. അവിടെയും പഴയകാല നേതാവ് അഡ്വ. എസ് അശോകന്‍റെ പേരിനാണ് മുന്‍തൂക്കം. കേരള കോണ്‍ഗ്രസില്‍ നിന്നും കോണ്‍ഗ്രസിലെത്തിയ ജോയി വെട്ടിക്കുഴി, ബിജോ മാണി എന്നിവരെയും ഇടുക്കിയില്‍ പരിഗണിക്കുന്നു.
ഊഴവ പ്രാതിനിധ്യം ഇടുക്കിയില്‍ പരിഗണിച്ചാല്‍ അശോകന്‍ എന്നതാണ് മുന്‍ഗണന. കെ.എസ് അരുണ്‍ മാസ്റ്ററെ പോലുള്ള ജനപിന്തുണയുള്ള യുവനേതാക്കള്‍ ആ വിഭാഗത്തില്‍ നിന്ന് ഉള്ളപ്പോഴാണ് ഓടിത്തളര്‍ന്ന ആളുകളുടെ പേരുകള്‍ പാര്‍ട്ടി പരിഗണിക്കുന്നത്.
എറണാകുളത്ത് മുന്‍ എംഎല്‍എ വിപി സജീന്ദ്രനാണ് മുന്‍ഗണന. എംആര്‍ അഭിലാഷ്, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ക്കൊപ്പം പഴയ നേതാവ് അജയ് തറയിലും ഇവിടെ ലിസ്റ്റില്‍ കയറിക്കൂടി.
പാലക്കാട് 'ഐ' ഗ്രൂപ്പിന്‍റെ നോമിനിയായി പിവി രാജേഷ് പരിഗണിക്കപ്പെടുന്നു. സുമേഷ് അച്യുതന്‍, ബോലഗോപാല്‍ എന്നിവരാണ് പരിഗണിക്കപ്പെടുന്ന മറ്റുള്ളവര്‍.
മലപ്പുറത്ത് റിയാസ് മുക്കോളിയുടെയും കോഴിക്കോട് പിഎം നിയാസിന്‍റെയും പേരുകള്‍ക്കാണ് മുന്‍തൂക്കം. കോഴിക്കോട് കെ ജയന്തിന്‍റെ പേരും ലിസ്റ്റിലുണ്ട്.
വയനാട് ടിജെ ഐസക്, പിഡി സജി, ഷംസദ് മരയ്ക്കാ്‍ര്‍ എന്നിവര്‍ക്കാണ് പരിഗണന. കാസര്‍കോഡ് കെ നീലകണ്ഠന്‍, ബിഎം ജമാല്‍ എന്നിവരും പരിഗണിക്കപ്പെടുന്നു.
കണ്ണൂരില്‍ മുന്‍ മേയര്‍ ടിഒ മോഹനനാണ് മുന്‍ഗണന. കെ സുധാകരന്‍റെ പിന്തുണയാണ് കണ്ണൂരില്‍ പ്രധാനം. സുരേഷ് ബാബു ഇളയാവൂരിന്‍റെ പേരും ഇവിടെ ലിസ്റ്റിലുണ്ട്.
ആഗസ്റ്റ് 10 നകം ലിസ്റ്റ് പുറത്തിറക്കാനാണ് നേതൃത്വത്തിന്‍റെ തീരുമാനം. ഒപ്പം കെപിസിസി ഭാരവാഹികളുടെ ലിസ്റ്റും പുറത്തുവരും.
പാര്‍ട്ടിയില്‍ നിരവധി അവസരങ്ങള്‍ ലഭിച്ച പ്രവര്‍ത്തകര്‍ കേട്ടുമടുത്ത അജയ് തറയില്‍, എസ് അശോകന്‍, തൊടിയൂര്‍ രാമചന്ദ്രന്‍, ഫിലിപ്പ് ജോസഫ്, ടി ശരത്ചന്ദ്ര പ്രസാദ് എന്നിവരൊക്കെ ലിസ്റ്റില്‍ ഇടംപിടിച്ചതില്‍ അതാത് ജില്ലകളില്‍ പരക്കെ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. പാര്‍ട്ടിയില്‍ സജീവില്ലാത്ത പേരുകള്‍ ലിസ്റ്റില്‍ കടന്നുകൂടിയതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
കഴിഞ്ഞ പുനഃസംഘടനയിൽ ഇത്തരം വയോധികരെ നിയമിച്ച തിരുവനന്തപുരം, ഇടുക്കി, കൊല്ലം, ആലപ്പുഴ പോലുള്ള ജില്ലകളിൽ ഉണ്ടായ പരാജയമാണ് ഡിസിസികൾ മൊത്തം ശോകമാണെന്ന പ്രതീതി പരത്തിയത്.
അതേസമയം, യുവ നേതാക്കളെ പരീക്ഷിച്ച എറണാകുളം, മലപ്പുറം, കോഴിക്കോട് പോലുള്ള ജില്ലകളിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാനും കഴിഞ്ഞു.
ആ പാഠം മനസ്സിലാക്കാതെയാണ് ഇപ്പോൾ വീണ്ടും 'ഓടിത്തളർന്ന കുതിര'കളുമായി പട്ടിക വരുന്നത്.
അവരൊക്കെ ഒരുകാലത്ത് പാർട്ടിയുടെ ശക്തമായ മുഖങ്ങൾ ആയിരുന്നിരിക്കാം. പക്ഷേ ഏത് കാലത്താണെന്ന് ആരും അന്വേഷിക്കുന്നില്ലെന്ന് മാത്രം.