തിരുവനന്തപുരം: റോഡുകൾ പൊളിയാൻ കാരണം മഴയാണെന്ന വിചിത്രവാദം ഉന്നയിച്ച സർക്കാരിനെ കണക്കിന് പ്രഹരിച്ച് ഹൈക്കോടതി. കേരളത്തിൽ മാത്രമല്ല ലോകത്ത് എല്ലായിടത്തും മഴയുണ്ടെന്നും അവിടെയൊക്കെ റോഡുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
റോഡുകൾ രാജ്യാന്തര നിലവാരത്തിലൊന്നും ആകണമെന്നില്ലെന്നും മനുഷ്യരെ കൊല്ലാത്തതായാൽ മതിയെന്നും ചൂണ്ടിക്കാട്ടിയ കോടതി കുഴികളിൽ വീണ് ഇനി ജീവൻ നഷ്ടമാവരുതെന്നും റോഡിലെ അപകടമരണങ്ങളിൽ കേരളത്തെ നമ്പർ വൺ ആക്കരുതെന്നും നിർദ്ദേശിച്ചു.
ഇതാദ്യമല്ല റോഡുകളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി ഹൈക്കോടതി സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്നത്. പശ വച്ച് ഒട്ടിച്ചാണോ റോഡ് നന്നാക്കുന്നതെന്നായിരുന്നു നേരത്തേ ഹൈക്കോടതി അതിരൂക്ഷമായി വിമർശിച്ചത്.
/filters:format(webp)/sathyam/media/media_files/2025/07/30/pits-on-road-2025-07-30-15-53-02.jpg)
പ്രതിപക്ഷം പലവട്ടം റോഡുകളുടെ തകർച്ച നിയമസഭയിൽ അവതരിപ്പിച്ചെങ്കിലും സർക്കാർ നടപടികൾ ഫലപ്രദമായില്ല. റോഡുകൾ സമഗ്ര ഓഡിറ്റിംഗിന് വിധേയമാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. റോഡുകളുടെ തകർച്ചയ്ക്ക് മഴയടക്കമുള്ള കാരണങ്ങൾ സർക്കാർ നിരത്തിയെങ്കിലും കോടതി തള്ളി.
കുഴിയുള്ളിടത്ത് മുന്നറിയിപ്പ് ബോർഡെങ്കിലും വയ്ക്കേണ്ടതല്ലേ. ഒരു കുഴി മതി ജീവനെടുക്കാൻ. റോഡിൽ കുഴിയുണ്ടാകാൻ അനുവദിക്കരുത്. തുടർച്ചയായ നിരീക്ഷണം വേണം.
അമ്മയുമായി ബൈക്കിൽ പോകവേ റോഡിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുമ്പോഴാണ് തൃശൂരിൽ യുവാവ് അപകടത്തിൽ മരിക്കുന്നത്. മകൻ മരിച്ച വിവരം അമ്മയെ ഇതുവരെ അറിയിച്ചിട്ടില്ല. മരാമത്ത് എൻജിനിയർമാരിലും സ്ത്രീകളില്ലേയെന്ന് കോടതി ചോദിച്ചു.
ഹൈക്കോടതി തുടർച്ചയായി വടിയെടുക്കുമ്പോഴും മരാമത്ത് വകുപ്പ് പാഠം പഠിക്കുന്ന മട്ടില്ല. സംസ്ഥാനത്തെ ഭൂരിഭാഗം റോഡുകളും മികവുറ്റതാണെന്നും ഗ്രാമീണ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുമെന്നുമൊക്കെയാണ് സർക്കാരിന്റെ വിശദീകരണം.
/filters:format(webp)/sathyam/media/media_files/2025/07/30/hug-pit-on-road-2025-07-30-15-55-58.jpg)
29573 കിലോമീറ്റർ മരാമത്ത് റോഡുകളിൽ 17000കിലോമീറ്ററും ബിഎംആൻഡ് ബിസി നിലവാരത്തിലേക്കുയർത്തി. 90ശതമാനം റോഡുകളും കരാറുകാരുടെ പരിപാലനത്തിലാക്കി. കാലാവസ്ഥാ വ്യതിയാനം കാരണം റോഡ് ശോച്യാവസ്ഥയിലാവുന്നതിനും പരിഹാരമുണ്ടാക്കും - ഇതാണ് സർക്കാരിന്റെ വാദം.
കുഴികളില്ലാത്ത റോഡിനായി ശാസ്ത്രീയ രീതികൾ അവലംബിക്കുമെന്നും റോഡിൽ ഒരു കുഴിപോലുമില്ലാത്ത കേരളമാണ് സ്വപ്നമെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് നേരത്തേ നിയമസഭയിൽ പറഞ്ഞിരുന്നു.
അതേസമയം, കരാറുകാർക്ക് പണം നൽകുന്നതിൽ അലംഭാവമാണെന്നും അതിനാൽ കരാറെടുക്കാനും പണിനടത്താനും ആളില്ലെന്നും ജനങ്ങളുടെ നടുവൊടിയുകയാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
റോഡിലെ കുഴിയിൽ വീണ് ഗർഭം അലസിയ സംഭവങ്ങളുണ്ടായ സാഹചര്യത്തിൽ പൊതുമരാമത്ത് വകുപ്പ് അധികൃതർക്കെതിരേ കേസെടുക്കണമെന്നും പ്രതിപക്ഷം സഭയിൽ ആവശ്യപ്പെട്ടിരുന്നു.
അതേസമയം സർക്കാർ വിശദീകരണം ഇങ്ങനെയാണ് - സംസ്ഥാനത്തെ 2.35 ലക്ഷം കിലോമീറ്റർ റോഡില്‍ 29,522 കിലോമീറ്ററിലാണ് പൊതുമരാമത്ത് റോഡുള്ളത്. 1.96 ലക്ഷവും തദ്ദേശവകുപ്പിനു കീഴിലാണ്. മരാമത്തിന്റെ 16,850 കിലോമീറ്റർ റോഡ് ബിഎംബിസി നിലവാരത്തിലാക്കി. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയാണ് റോഡുകളുടെ നിർമ്മാണവും അറ്റകുറ്റപ്പണിയും നടക്കുന്നത്.
ജല വിതരണത്തിന് പൈപ്പ്‌ലൈനിനായി റോഡ് മുറിച്ചശേഷം നടത്തുന്ന പുനഃസ്ഥാപന നടപടികൾ പലപ്പോഴും ഫലവത്താകാറില്ല. ബിഎംബിസി നിലവാരത്തിലുള്ള റോഡുകളിൽ പ്രത്യേകിച്ചും. ഇതിനാൽ മുറിക്കുന്ന റോഡുകളുടെ പുനഃസ്ഥാപനം പൊതുമരാമത്തു തന്നെ ചെയ്യാനാണ് തീരുമാനം.
റോഡിലെ കുഴികൾക്ക് എൻജിനിയർമാർ വ്യക്തിപരമായി ഉത്തരവാദികളാകണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. റോഡുകൾ ഓഡിറ്റ് ചെയ്യുന്നതിന്റെ സമഗ്ര റിപ്പോർട്ട് സമർപ്പിക്കണം. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഉറ്റവരുടെ നിലവിളികൾ വേദനിപ്പിക്കുന്നു. അത് കാണാതിരിക്കാനാകില്ലെന്നും കോടതി പറഞ്ഞിട്ടുണ്ട്.